ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി മൊബൈല്‍ കണക്ഷന്‍; പ്രതികള്‍ ഉപയോഗിച്ചത് വീട്ടമ്മയുടെ പേരിലുള്ള സിം കാര്‍ഡ്, രഞ്ജിത് ശ്രീനിവാസനെ വധിക്കാന്‍ മാസങ്ങള്‍ മുമ്പേ ആസൂത്രണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2022 09:59 AM  |  

Last Updated: 04th January 2022 09:59 AM  |   A+A-   |  

ranjith sreenivasan

കൊല്ലപ്പെട്ട ബിജെപി നേതാവ് രൺജീത്

 

കൊച്ചി: ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം ആസൂത്രണം ചെയ്യുന്നതിന് പ്രതികള്‍ ഉപയോഗിച്ചത്, വീട്ടമ്മയുടെ ആധാര്‍ നമ്പര്‍ ദുരുപയോഗം ചെയ്ത് സംഘടിപ്പിച്ച സിം കാര്‍ഡ്. പുന്നപ്ര സ്വദേശിയായ അന്‍പത്തിനാലുകാരി വത്സല കൃഷ്ണന്‍കുട്ടിയുടെ പേരിലുള്ള സിം കാര്‍ഡ് ആണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഗൂഢാലോചനയ്ക്ക് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി.

സിംകാര്‍ഡിന്റെ വിവരങ്ങള്‍ തിരക്കി പൊലീസ് എത്തിയപ്പോഴാണ് തന്റെ പേരില്‍ ഇത്തരമൊരു സിം എടുത്തിരുന്നുവെന്ന് അറിഞ്ഞതെന്ന് വത്സല ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു. ബി ആന്‍ഡ് ബി എന്ന മൊബൈല്‍ ഷോപ്പ് നടത്തുന്ന ബാദുഷയ്ക്ക് ആധാര്‍ വിവരങ്ങള്‍ നല്‍കിയിരുന്നു. പുതിയ സിം കാര്‍ഡ് എടുക്കാനായിരുന്നു അത്. അതനുസരിച്ച് പുതിയ സിം കിട്ടുകയും ചെയ്തിരുന്നെന്ന് വത്സല പറഞ്ഞു. വീട്ടുജോലി ചെയ്തു ജീവിക്കുന്ന വത്സല സഹോദരിയോടൊപ്പമാണ് കഴിയുന്നത്. ഭര്‍ത്താവും ഏക മകനും നേരത്തെ മരിച്ചു.

സിം എടുക്കുന്നതിനു പോയപ്പോള്‍ ബാദുഷ രണ്ടു തവണ തന്റെ ഫോട്ടോ എടുത്തിരുന്നതായി വത്സല പറഞ്ഞു. ആദ്യ ഫോട്ടോ അപ്ലോഡ് ചെയ്തപ്പോള്‍ എന്തോ പിശകു സംഭവിച്ചെന്നു പറഞ്ഞാണ് രണ്ടാമതും ഫോട്ടോ എടുത്തത്. ഈ രണ്ടാമത്തെ ഫോട്ടോയും വത്സലയുടെ ആധാര്‍ വിവരങ്ങളും ഉപയോഗിച്ച് ബാദുഷ രണ്ടാമൊരു സിം എടുക്കുകയായിരുന്നവെന്നാണ് പൊലീസിന്റെ നിഗമനം. രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ബാദുഷ.

പുന്നപ്ര പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് അംഗമായ, എസ്ഡിപിഐ നേതാവ് സുല്‍ഫിക്കറിന്റെ നിര്‍ദേശപ്രകാരമാണ് ബാദുഷ സിം കാര്‍ഡ് സംഘടിപ്പിച്ചത് എന്നാണ് പൊലീസ് കരുതുന്നത്. വത്സല നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഓഗസ്റ്റ് 20നാണ് വത്സലയുടെ പേരില്‍ സിം എടുത്തിട്ടുള്ളത്. രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന അന്നു തന്നെ തുടങ്ങിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.