മാവേലി എക്‌സ്പ്രസ് മര്‍ദനം: പൊന്നന്‍ ഷമീര്‍ പൊലീസ് കസ്റ്റഡിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2022 12:31 PM  |  

Last Updated: 05th January 2022 12:31 PM  |   A+A-   |  

ponnan_shameer

എഎസ്‌ഐയുടെ മര്‍ദനം,പൊന്നന്‍ ഷമീര്‍


കോഴിക്കോട്: മാവേലി എക്‌സ്പ്രസില്‍ എഎസ്‌ഐ മര്‍ദിച്ച പൊന്നന്‍ ഷമീര്‍ പൊലീസ് കസ്റ്റഡിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ കോഴിക്കോട് നിന്നാണ് റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നിലവിലെ കേസുകളില്‍ ജാമ്യത്തിലാണ് ഷമീര്‍. ട്രെയിനില്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ആരുംതന്നെ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടില്ല. ഷമീറിനെ കണ്ണൂരിലേക്ക് കൊണ്ടുപോകും. 

പൊന്നന്‍ ഷമീറിനെ ബൂട്ടിട്ട് ചവിട്ടി ട്രെയിനില്‍ നിന്ന് പുറത്താക്കിയ എഎസ്‌ഐ പ്രമോദിനെ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇയാള്‍ പീഡന ശ്രമം ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് വ്യക്തമായത്. ഇയാള്‍ മദ്യപിച്ചാണ് യാത്രചെയ്തതെന്നും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്ത ഷമീറിനെ, സ്ലീപ്പര്‍ കംപാര്‍ട്ട്മെന്റിലേക്ക് പരിശോധനയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ചവിട്ടി പുറത്താക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വടകര സ്റ്റേഷനില്‍ ഷമീറിനെ ഇറക്കിവിട്ടു. മാവേലി എക്സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട സമയത്താണ് സംഭവമുണ്ടായത്. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.