ഗേറ്റ് തുറക്കാന്‍ വൈകിയത് ചോദ്യം ചെയ്തു; ലെവല്‍ക്രോസില്‍ ഓട്ടോറിക്ഷ പൂട്ടിയിട്ട് റെയില്‍വേ ജീവനക്കാരന്‍, 'ധിക്കാരം'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2022 07:38 PM  |  

Last Updated: 05th January 2022 07:38 PM  |   A+A-   |  

VARKALA RAILWAY INCIDENT

ഓട്ടോറിക്ഷയെ ഗേറ്റിനുള്ളിലാക്കി പൂട്ടുന്ന ദൃശ്യം

 

തിരുവനന്തപുരം:  യാത്രക്കാരുടെ ജീവന്‍ ഭീഷണിയിലാക്കി റെയില്‍വേ ജീവനക്കാരന്‍ റെയില്‍വേഗേറ്റിനുള്ളില്‍ ഓട്ടോറിക്ഷ 'പൂട്ടിയിട്ടു'. പത്തുമിനിറ്റ് നേരം ഇത്തരത്തില്‍ റെയില്‍വേ ഗേറ്റിനുള്ളില്‍ ഓട്ടോറിക്ഷ കിടന്നതായി പരാതിയില്‍ പറയുന്നു. റെയില്‍വേ ഗേറ്റ് തുറക്കാത്തത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. 

ഇന്നലെ പുലര്‍ച്ചെ നാലരയോടെ വര്‍ക്കലയ്ക്ക് സമീപമാണ് സംഭവം. മലയിന്‍കീഴ് സ്വദേശിയായ സാജനും അമ്മയും ഓട്ടോറിക്ഷയില്‍ വര്‍ക്കല റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കൊല്ലത്തേയ്ക്ക് പോകുന്ന വഴിയാണ് സംഭവം നടന്നത്. ലെവല്‍ ക്രോസില്‍ എത്തിയപ്പോള്‍ ഗേറ്റ് അടഞ്ഞുകിടക്കുകയായിരുന്നു. ട്രെയിന്‍ വരുന്നുണ്ട് എന്ന് കരുതി പത്തുമിനിറ്റ് നിര്‍ത്തിയിട്ടു. എന്നിട്ടും ട്രെയിന്‍ വരാതിരുന്നതിനെ തുടര്‍ന്ന് ഗേറ്റിലെ ജീവനക്കാരനോട് കാര്യം തിരക്കി. തുടര്‍ന്ന് ഗേറ്റ് ഉയര്‍ത്തിയതായി പരാതിയില്‍ പറയുന്നു.

ഗേറ്റിന്റെ മറുവശത്ത് ഓട്ടോറിക്ഷ എത്താറായപ്പോള്‍ ഉറങ്ങിപ്പോയതാണോ എന്ന് ഗേറ്റ് ജീവനക്കാരനോട് ചോദിച്ചു. ഉടനെ തന്നെ ഗേറ്റ് അടയ്ക്കുകയും ഓട്ടോറിക്ഷ ട്രാക്കില്‍ കുടുങ്ങുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. നിരന്തരം ആവശ്യപ്പെട്ടതിന് ശേഷം പത്തുമിനിറ്റ് നേരം കഴിഞ്ഞാണ് ഗേറ്റ് തുറന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഈസമയത്ത് ട്രെയിനുകള്‍ ഒന്നും വരാതിരുന്നത് കൊണ്ട് വന്‍ദുരന്തമാണ് ഒഴിവായത്. തുടര്‍ന്ന് മലയിന്‍കീഴ് എത്തി റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ട്.