ഇതാണ് സെമി കേഡറെങ്കില്‍ കേരളത്തിന്റെ അവസ്ഥ എന്താകും?; സുധാകരന്‍ വന്നതിന് ശേഷം അക്രമരാഷ്ട്രീയം: കോടിയേരി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2022 05:04 PM  |  

Last Updated: 10th January 2022 05:04 PM  |   A+A-   |  

kodiyeri

കോടിയേരി മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടെലിവിഷൻ ചിത്രം


തിരുവനന്തപുരം: ഇടുക്കി പൈനാവ് എഞ്ചിനിയറിങ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെ കോണ്‍ഗ്രസിനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരന്‍ വന്നതിന് ശേഷം സംസ്ഥാനത്ത് അക്രമ രാഷ്ട്രീയമാണുണ്ടാകുന്നതെന്ന് കോടിയേരി കുറ്റപ്പെടുത്തി. 

സുധാകരന്‍ പ്രകോപനം സൃഷ്ടിക്കുന്നു. ഇതുവരെ 21 പേരുടെ കൊലപാതകം നടന്നു. ഇനിയെങ്കിലും കോണ്‍ഗ്രസ് കൊലക്കത്തി താഴെ വെക്കണം. കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ഇതാണ് കോണ്‍ഗ്രസിന്റെ സെമി കേഡറെങ്കില്‍ കേരളത്തിന്റെ അവസ്ഥയെന്താകുമെന്നും കോടിയേരി ചോദിച്ചു.

ധീരജിന്റെ കൊലപാതകം അത്യന്തം പ്രതിഷേധാര്‍ഹമാണ്. കോളജ് തെരഞ്ഞെടുപ്പിലെ കെഎസ്‌യുവിന്റെ പരാജയഭീതി കാരണം പുറത്ത് നിന്ന് സംഘടിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. കലാലയങ്ങള്‍ സംഘര്‍ഷഭൂമിയാക്കി തകര്‍ച്ചയില്‍ നിന്ന് കരകയറാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍ അക്രമത്തിലൂടെ പിടിച്ചെടുക്കാനുള്ള ശ്രമം നടക്കില്ലെന്നും കോടിയേരി പറഞ്ഞു. 

ധീരജിന്റെ കൊലപാതകം ആസൂത്രിതമായാണെന്ന് എംഎം മണി എംഎല്‍എ ആരോപിച്ചു. കോണ്‍ഗ്രസ് ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇടുക്കിയില്‍ നടന്നത്. പുറത്ത് നിന്നെത്തിയവരാണ് ധീരജിനെ കുത്തിയത്. സംഘര്‍ഷമുണ്ടായില്ലെന്നും തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് അക്രമണമുണ്ടായതെന്നും എംഎം മണി പറഞ്ഞു.