അമ്മ 'പുലി'യാണ്; വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങാതെ കുഞ്ഞുങ്ങളിലൊന്നിനെ കൊണ്ടുപോയി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2022 09:06 AM  |  

Last Updated: 11th January 2022 09:06 AM  |   A+A-   |  

Leopard_cubs_Palakkad

എക്സ്പ്രസ് ഫോട്ടോ

 

പാലക്കാട്: പുലിയെ പിടികൂടാൻ കൂട്ടിൽ വച്ചിരുന്ന പുലിക്കുഞ്ഞുങ്ങളിലൊന്നിനെ തള്ളപ്പുലി കൊണ്ടുപോയി. കൂട്ടിൽ അവശേഷിച്ച രണ്ടാമത്തെ കുഞ്ഞിനെ വനംവകുപ്പിന്റെ ഓഫീസിലേക്ക് മാറ്റി. മക്കളെ തേടി മൂന്നു തവണ പുലി എത്തിയതായി വനംവകുപ്പിന്റെ കാമറയിൽ പതിഞ്ഞിട്ടുണ്ട്. 

കഴിഞ്ഞ ദിവസമാണ് പാലക്കാട് അകത്തേത്തറ പഞ്ചായത്തിലെ ആളൊഴിഞ്ഞ വീട്ടിൽ രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. മാധവൻ എന്നയാളുടെ തകർന്നു കിടക്കുന്ന വീടാണ് ഇത്. പതിനഞ്ച് വർഷമായി ഇവിടെ ആൾത്താമസമില്ല. വീടും പറമ്പും വൃത്തിയാക്കുന്ന സമീപവാസിയായ പൊന്നൻ എന്നയാളാണ് പുലിയെ കണ്ടത്. ജനിച്ച് അധികമാകാത്ത പുലിക്കുഞ്ഞുങ്ങളെയാണ് ഇവിടെ കണ്ടെത്തിയത്.

കൂടിൽ കയറാതെ പുലിക്കുഞ്ഞുങ്ങളെ വച്ച പെട്ടി കടിച്ചാണ് അമ്മപ്പുലി കുഞ്ഞുങ്ങളിലൊന്നിനെ കൊണ്ടുപോയത്. രണ്ടാമത്തെ കുഞ്ഞിനെ ഇന്ന് വീണ്ടും പുലിക്കൂട്ടിൽ സ്ഥാപിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. പുലി ഈ കുഞ്ഞിനെയും കൊണ്ടുപോയ്‌ക്കോട്ടെ എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.