ശബരിമല, ടെലിവിഷന്‍ ചിത്രം
ശബരിമല, ടെലിവിഷന്‍ ചിത്രം

ഭക്തര്‍ക്ക് സായൂജ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു; ദര്‍ശനപുണ്യം

ശരണം വിളികളോടെ മലകയറിയെത്തിയ ആയിരക്കണക്കിന് ഭക്തര്‍ക്ക് സായൂജ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു

പത്തനംതിട്ട: ശരണം വിളികളോടെ മലകയറിയെത്തിയ ആയിരക്കണക്കിന് ഭക്തര്‍ക്ക് സായൂജ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു.സന്നിധാനത്ത് ശ്രീകോവിലില്‍ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനു ദീപാരാധന നടക്കുമ്പോഴായിരുന്നു മകരവിളക്ക് തെളിഞ്ഞത്. സന്നിധാനത്തും പമ്പയിലുമടക്കം പൊന്നമ്പലമേടു കാണാവുന്ന ഇടങ്ങളിലെല്ലാം മണിക്കൂറുകള്‍ കാത്തുനിന്ന ഭക്തര്‍ക്ക് നിര്‍വൃതിയുടെ നിമിഷം.

മകരസംക്രമസന്ധ്യയില്‍ അയ്യപ്പനു ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തുനിന്നെത്തിയ ഘോഷയാത്ര അഞ്ചുമണിയോടെ ശരംകുത്തിയിലെത്തിയിരുന്നു. അവിടെനിന്ന് ദേവസ്വം പ്രതിനിധികള്‍ യാത്രയെ വാദ്യമേളങ്ങള്‍, വെളിച്ചപ്പാട് എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. കൊടിമരച്ചുവട്ടില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍, അംഗം മനോജ് ചരളേല്‍, എഡിജിപി എസ് ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

സോപാനത്തില്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങിയ തിരുവാഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തി. അതിനു പിന്നാലെയാണ് പൊന്നമ്പല മേട്ടില്‍ മകരവിളക്കു തെളിഞ്ഞത്. ഉച്ചയ്ക്ക് 2.29ന് മകര സംക്രമ മുഹൂര്‍ത്തത്തില്‍, കവടിയാര്‍ കൊട്ടാരത്തില്‍നിന്നുള്ള മുദ്രയിലെ നെയ്യ് അയ്യപ്പന് അഭിഷേകം ചെയ്തിരുന്നു. മകരസംക്രമ പൂജയ്ക്കു ശേഷം അടച്ച നട വൈകിട്ട് അഞ്ചുമണിക്കാണു തുറന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com