ട്രിപ്പ് മുടക്കി സ്റ്റാൻഡിൽ കയറ്റി, ഷട്ടർ താഴ്ത്തിയിട്ട് ബസിനുള്ളിൽ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു; കണ്ടക്ടർ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2022 07:57 AM  |  

Last Updated: 17th January 2022 07:57 AM  |   A+A-   |  

conductor_arrested_for_raping_school_student

അറസ്റ്റിലായ അഫ്സൽ

 

കോട്ടയം; സ്വകാര്യ ബസിനുള്ളിൽ വച്ച് സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച കണ്ടക്ടർ അറസ്റ്റിൽ. പാലായിലെ കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിലാണ് പീഡനം നടന്നത്.  പ്രണയം നടിച്ച് 8-ാം ക്ലാസ് വിദ്യാർഥിനിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിൽ ബസ്സ് കണ്ടക്ടർ സംക്രാന്തി തുണ്ടിപ്പറമ്പിൽ അഫ്സൽ (31) അറസ്റ്റിലായി. 

ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്ന വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്. വിവാഹിതനായ കണ്ടക്ടർ ഇക്കാര്യം മറച്ചുവച്ചാണ് പെൺകുട്ടിയോട് പ്രണയം നടിച്ചത്. 15ന് ഉച്ചയ്ക്ക് ഒരു മണിയോടെ സ്കൂൾ കഴിഞ്ഞ് വിദ്യാർഥിനി അഫ്സലിന്റെ ആവശ്യപ്രകാരം കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ എത്തി. പനിയാണെന്നു പറഞ്ഞ് അഫ്സൽ സുഹൃത്തായ മറ്റൊരു കണ്ടക്ടറെ വിളിച്ചു വരുത്തി. അഫ്സലിന്റെ സുഹൃത്തുക്കളായ കണ്ടക്ടറും ഡ്രൈവറും ഉച്ചയ്ക്ക് 1.30നുള്ള ട്രിപ് ആളില്ലെന്ന കാരണത്താൽ മുടക്കി സ്റ്റാൻഡിലിട്ടു. പിന്നീട് പെൺകുട്ടിയെ ബസിനുള്ളിൽ കയറ്റിയ ശേഷം കണ്ടക്ടറും ഡ്രൈവറും  ഷട്ടർ താഴ്ത്തി പുറത്തു പോവുകയായിരുന്നു.

ഡിവൈഎസ്പി ഷാജു ജോസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്എച്ച്ഒ കെ.പി.തോംസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബസിനുള്ളിൽ നിന്ന് ഇരുവരെയും കണ്ടെത്തുകയായിരുന്നു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർഥിനിയെ പൊലീസ് മെഡിക്കൽ പരിശോധനയ്ക്കും കൗൺസലിങ്ങിനും വിധേയമാക്കി. പീഡനത്തിന് ഒത്താശ ചെയ്തു കൊടുത്ത ബസ് ഡ്രൈവർ കട്ടപ്പന ലബ്ബക്കട കൽത്തൊട്ടി കൊല്ലംപറമ്പിൽ‍‍ എബിനും‍ (35) പിടിയിലായി. ഇവരുടെ സുഹൃത്തായ കണ്ടക്ടർ ഒളിവിലാണ്.