'എപ്പോഴും അവള്‍ പറയും, എന്തൊരു വെറുപ്പോടെ, എത്ര ഹീനമായ ഭാഷയിലാണ് ഇവരൊക്കെ എഴുതുന്നത്'

എത്ര പേര്‍ കോവിഡ് വന്നു മരിക്കുന്നു, ഇയാള്‍ ചാവുന്നില്ലല്ലോ
വിഎം ഗിരിജ, സിആര്‍ നീലകണ്ഠന്‍/ഫെയ്‌സ്ബുക്ക്‌
വിഎം ഗിരിജ, സിആര്‍ നീലകണ്ഠന്‍/ഫെയ്‌സ്ബുക്ക്‌

ര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതിയെ എതിര്‍ത്ത് കവിതയെഴുതിയതിന് റഫീഖ് അഹമ്മദിനെതിരെ സൈബര്‍ ആക്രമണമുണ്ടായെന്ന  വാര്‍ത്തയാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചൂടുള്ള ചര്‍ച്ചാ വിഷയം. റഫീഖിനു പിന്തുണ പ്രഖ്യാപിച്ച് സാംസ്‌കാരിക നായകര്‍ രംഗത്തുവരുമ്പോള്‍, സൈബര്‍ ആക്രമണമല്ല, മറിച്ച് വിയോജിപ്പു രേഖപ്പെടുത്തല്‍ മാത്രമാണ് ഉണ്ടായതെന്ന് മറുപക്ഷം പറയുന്നു. ഈ പശ്ചാത്തലത്തില്‍ തന്റെ ചില അനുഭവങ്ങള്‍ രേഖപ്പെടുത്തുകയാണ്, ആക്ടിവിസ്റ്റ് സിആര്‍ നീലകണ്ഠന്റെ പങ്കാൡും കവിയുമായ വിഎം ഗിരിജ ഈ കുറിപ്പില്‍.

വിഎം ഗിരിജ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ്: 

പ്രിയ സുഹൃത്തും മികച്ച കവിയും ഗാന രചയിതാവുമായ റഫീക് അഹമ്മദിന് നേരിട്ട സി പി എം പിണിയാളുകളുടെ സൈബര്‍ ആക്രമണത്തില്‍ ഞാന്‍ പ്രതിഷേധിക്കുന്നു,വേദനിക്കുന്നു. എന്നാല്‍ ഇത് അപ്രതീക്ഷിതമോ ആശ്ചര്യകരമോ അല്ല. ഞാന്‍ നിരന്തരം അനുഭവിക്കുന്ന ഹൃദയവേദനയാണ്.
 എന്റെ ജീവിതപങ്കാളി സി ആര്‍ നീലകണ്ഠന്‍ എന്ത് പോസ്റ്റ് ഇട്ടാലും ഇതേ ആക്രമണം ഇതിലും കടുത്ത തോതില്‍ ഉണ്ടാകാറുണ്ട്. എന്റെ ചെറിയ മകള്‍ക്ക് വലിയ മനപ്രയാസം ഉണ്ടാക്കാറുണ്ട് ഇത്. എപ്പോഴും അവള്‍ പറയും  എന്തൊരു വെറുപ്പോടെ,എത്ര ഹീനമായ ഭാഷയിലാണ് ഇവരൊക്കെ എഴുതുന്നത് എന്ന് . 
സി ആറിന്റെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ ശരിതെറ്റുകളെ കുറിച്ചല്ല, അവയോടു സി പി എംകാരും മറ്റും പ്രതികരിക്കുന്ന രീതിയെ കുറിച്ചാണ് ഞാന്‍ പറയുന്നത്. ഇന്ന അഭിപ്രായം ഇന്നന്ന കാരണങ്ങളാല്‍ എതിര്‍ക്കുന്നു എന്ന മട്ടില്‍ ഉള്ള പ്രതികരണം ഉണ്ടാവാറില്ല. അതല്ലേ വേണ്ടത്?അതിനു പകരം എത്ര പേര്‍ കോവിഡ് വന്നു മരിക്കുന്നു,ഇയാള്‍ ചാവുന്നില്ലല്ലോ തുടങ്ങിയ ഹീനമായ വരികളാണ് കാണുക. അദ്ദേഹത്തിനെതിരെ പാലേരിയില്‍  വെച്ചു കയ്യേറ്റം ഉണ്ടായപ്പോള്‍ ഇടതു പക്ഷത്തു നിന്നു പ്രതികരിച്ചത് മുല്ലനേഴി മാഷ് മാത്രം ആയിരുന്നു. 
 ചില ദിവസങ്ങള്‍ക്ക് മുന്‍പ് അശോകന്‍ ചരുവില്‍ സി ആറിനെ ആക്രമിച്ച് ഒരു വ്യക്തിപരപോസ്റ്റ് ഇട്ടു. രേണു രാമനാഥും അതിനു കൊഴുപ്പ് പകര്‍ന്നു. ഒരു കമമെന്റില് ഇങ്ങനെ എഴുതിയിരിക്കുന്നു. 
'പ്രിയപ്പെട്ട നീലകണ്ഠന്‍, സ്‌കൂള്‍ രജിസ്റ്ററില്‍ നമ്പൂതിരി വാല്‍ ഉണ്ടാകും എന്ന് ഞാന്‍ ഊഹിച്ചിരുന്നു. പക്ഷെ എസ്.എഫ്.ഐ.നേതാവ്, സജീവ സി.പി.എം.പ്രവര്‍ത്തകന്‍ എല്ലാം ആയിരുന്ന കാലത്ത് അങ്ങ് വാല്‍ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ ഇടക്കാലത്ത് ഞങ്ങളെയൊക്കെ അമ്പരപ്പിച്ചു കൊണ്ട് 'സി.ആര്‍.നീലകണ്ഠന്‍ നമ്പൂതിരി' പ്രത്യക്ഷപ്പെട്ടു. വര്‍ഷങ്ങള്‍ക്കു ശേഷം അതുപേക്ഷിച്ചു. ഇടക്കാലത്ത് അത് പ്രത്യക്ഷപ്പെടാന്‍ എന്താണ് കാരണം എന്നറിയാന്‍ താല്‍പ്പര്യമുണ്ട്. സവര്‍ണ്ണ പൗരോഹിത്യ വിഭാഗങ്ങളില്‍ നിന്ന് പാര്‍ടിയില്‍ വന്നവര്‍ക്ക് പിന്നീടുണ്ടായ മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്ന ഒരാള്‍ എന്ന നിലയിലാണ് എന്റെ താല്‍പ്പര്യം എന്നറിയിക്കട്ടെ.
= അശോകന്‍ ചരുവില്‍'
എസ് എഫ് ഐ മുതല്‍ ദേശാഭിമാനിയില്‍ ജോലി ചെയ്യും കാലത്തൊക്കെ സ്വന്തം ഔദ്യോഗിക പേര് സി ആര്‍ നീലകണ്ഠന്‍ നമ്പൂതിരി എന്നാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. അന്ന് അശോകനും അതിലെ പ്രശ്‌നം മനസ്സിലായിക്കാണില്ലല്ലോ. പഴയ രേഖകള്‍ എടുത്ത് പരിശോധിച്ചാല്‍ ധഎസ് എഫ് ഐ ,ദേശാഭിമാനി എല്ലാംപഇത് തെളിയും.ഒന്നും അറിയാത്തവര്‍ ഇതൊക്കെ വിശ്വസിക്കുമല്ലോ! 
പിന്നീട് പൊതു രംഗത്ത് ആ വാല്‍ കളഞ്ഞു.അത്കാലവും പുതിയ പ്രസ്ഥാനങ്ങളും നല്കിയ  കൂടുതല്‍ ആഴത്തിലുള്ള രാഷ്ട്രീയ ബോധം കാരണം തന്നെ. പാസ്സ്‌പോര്‍ട് അടക്കമുള്ള ഔദ്യോഗിക രേഖകളില്‍ ഇപ്പോഴും  ചേരിക്കാട്ട് രാമന്‍ NEELAKANDAN നമ്പൂതിരി  തന്നെയാണ്.പൊതു പ്രവര്‍ത്തനത്തില്‍ എത്രയോ കൊല്ലങ്ങളായി വാലില്ല. 
എത്ര നുണകളാണ് അതിനെ  പറ്റി ഒക്കെ അശോകന്‍ എഴുതിയത്. അശോകനെ പോലെ ഉള്ളവര്‍ പോലും ഇങ്ങനെ സത്യവിരുദ്ധമായി പറയുമ്പോള്‍ നാം എന്തു ചെയ്യും!
ഹിന്ദുത്വവാദികളെ  പിന്‍തുടര്‍ന്ന് ഇടതുപക്ഷ അനുയായികള്‍ വെറും നുണകളും പാതിസത്യങ്ങളും പറയുന്ന ഗുണ്ടാ സംഘമായി മാറിയതിലാണ് വിഷമം.
കെ റെയില്‍ പദ്ധതി വേണോ വേണ്ടയോ എന്ന വസ്തുതകള്‍ നിരത്തിയുള്ള ഒരു വാദപ്രതിവാദം വന്നിരുന്നെങ്കില്‍ എന്നിനി ആശിക്കാന്‍ വയ്യ. അത്രയും അന്ധതയാണ് ചുറ്റും. റഫീക്ക് ഒരു ജനപ്രിയ എഴുത്തുകാരനായതിനാല്‍ കേരളത്തിലെ ഈ രാഷ്ട്രീയ ഗുണ്ടായിസം പൊതുജനം കുറേക്കൂടി ചര്‍ച്ച ചെയ്യുകയും മനസ്സിലാക്കുകയും ചെയ്യും എന്നു കരുതുന്നു. റഫീക്കിന്റെ ഒപ്പം,ജനാധിപത്യത്തിനൊപ്പം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com