പിണറായി വിജയനെ പരിചയമില്ല, ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; സ്വപ്‌നയുമായി സൗഹൃദം മാത്രമെന്ന് ഷാജി കിരണ്‍

'എം ശിവശങ്കറുമായി ഒരു പരിചയവുമില്ല. അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുപോലുമില്ല'
ഷാജി കിരണ്‍, സ്വപ്‌ന സുരേഷ്/ ഫയല്‍
ഷാജി കിരണ്‍, സ്വപ്‌ന സുരേഷ്/ ഫയല്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പരിചയമില്ലെന്ന് സ്വപ്‌ന സുരേഷ് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വെളിപ്പെടുത്തിയ ഷാജി കിരണ്‍. താനൊരു മുന്‍ മാധ്യമപ്രവര്‍ത്തകനാണ്. അതിനാല്‍ സമൂഹത്തിലെ പല ആളുകളുമായി ബന്ധമുണ്ട്. പക്ഷെ മുഖ്യമന്ത്രിയോ, കോടിയേരിയുമായോ പരിചയമില്ല. പക്ഷെ സ്വപ്‌ന സുരേഷിനെ പരിചയമുണ്ടെന്ന് ഷാജി കിരണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഒരു സുഹൃത്ത് എന്ന നിലയിലാണ് സ്വപ്‌നയുമായി പരിചയം. സ്വപ്നയുടെ അമ്മ, സഹോദരന്‍, കുട്ടി എന്നിവരെ പരിചയമുണ്ട്. കൊച്ചിയിലെത്തുമ്പോള്‍ സ്വപ്‌ന വിളിക്കാറുണ്ട്. സ്വപ്‌നയുടെ സുഹൃത്തെന്ന നിലയില്‍ സരിത്തിനെയും പരിചയമുണ്ട്. കൊച്ചിയില്‍ വന്നപ്പോള്‍ സുഹൃത്ത് എന്ന നിലയില്‍ സ്വപ്‌നയ്ക്ക് ബര്‍ത്ത്‌ഡേ കേക്ക് വാങ്ങിക്കൊടുത്തിട്ടുണ്ട്. അതല്ലാതെ ഒരു രാഷ്ട്രീയ നേതാക്കളുമായും തനിക്ക് ബന്ധമില്ല. 

ഇന്നലെ സരിത്തിനെ തട്ടിക്കൊണ്ടുപോയതായി സ്വപ്‌ന തന്നെ വിളിച്ചു പറഞ്ഞു. അവര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് താന്‍ സ്വപ്നയെ പാലക്കാട്ടെ ഓഫീസില്‍ പോയി കണ്ടത്. താന്‍ കെ പി യോഹന്നാന്റെ മീഡിയേറ്ററല്ല. യോഹന്നാന്റെ ഒരു കമ്പനിയിലും ഡയറക്ടറുമല്ല. വിശ്വാസി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ പോയിട്ടുണ്ട്. 

സുഹൃത്ത് എന്ന നിലയില്‍ ഹെല്‍പ്പ് ചെയ്യണമെന്ന് സ്വപ്‌ന ആവശ്യപ്പെട്ടതു പ്രകാരമാണ് പാലക്കാടെത്തിയത്. നിയമപരമായ എന്തു സഹായവും ചെയ്യാമെന്ന് പറഞ്ഞു. നിങ്ങള്‍ക്ക് അറിവുള്ള കാര്യമാണെങ്കിലും അല്ലെങ്കിലും ആലോചിച്ചിട്ടേ തീരുമാനമെടുക്കാവൂ എന്ന് ഉപദേശിച്ചതായും ഷാജി കിരണ്‍ പറയുന്നു. നിങ്ങളുടെ സേഫ്റ്റി കണ്ടുള്ള തീരുമാനമെടുക്കാനാണ് താന്‍ പറഞ്ഞത്. സുഹൃത്ത് എന്ന നിലയിലുള്ള ഉപദേശമാണ് നല്‍കിയത്. അതല്ലാതെ മറ്റെന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ സ്വപ്‌ന പുറത്തുവിടട്ടെ എന്ന് ഷാജി കിരണ്‍ പറഞ്ഞു. 

എം ശിവശങ്കറുമായി ഒരു പരിചയവുമില്ല. അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുപോലുമില്ല. രണ്ടുമാസത്തെ പരിചയം മാത്രമാണ് സ്വപ്‌നയുമായുള്ളത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് സ്വപ്നയെ പരിചയപ്പെടുന്നത്. ഈ ഭൂമി സ്‌പോര്‍ട്‌സ് ഹബ്ബായി മാറ്റുമ്പോള്‍ ഇതിന്റെ പ്രമോട്ടറായി വരാമോ എന്നു ചോദിച്ചാണ് വിളിക്കുന്നത്. ഹര്‍ജിയിലെ വിവരങ്ങള്‍ അറിഞ്ഞ് താന്‍ ഷോക്കിലായിപ്പോയി. അറിയാത്ത കാര്യങ്ങള്‍ പറഞ്ഞ് കുഴപ്പത്തിലാകരുതെന്ന് ഉപദേശിക്കുക മാത്രമാണ് ചെയ്തത്. മുഖ്യമന്ത്രിയെ അറിയാത്ത താന്‍, എന്തിനാണ് അദ്ദേഹത്തിന് വേണ്ടി വാദിക്കുന്നതെന്ന് ഷാജി കിരണ്‍ ചോദിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com