'അമേരിക്കന്‍ ഫണ്ട് കമല ഇന്റര്‍നാഷണല്‍ പോലെ ഒരു കള്ളക്കഥ'; കോടിയേരി 

സ്വര്‍ണക്കള്ളക്കടത്ത് അന്വേഷണത്തിന്റെ തുടക്കത്തില്‍ ബിജെപിയുമായി ബന്ധമുള്ളവരില്‍ എത്തുമെന്ന് കണ്ടപ്പോള്‍ അന്വേഷണത്തിന്റെ ഗതി മാറി
കോടിയേരി , ഫയല്‍ ചിത്രം
കോടിയേരി , ഫയല്‍ ചിത്രം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് നടക്കുന്ന സംഘടിത ആക്രമണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ഇതിന്റെ പിന്നില്‍ രാഷ്ട്രീയ ഉദ്ദേശമുണ്ട്. ഈ പ്രചാരവേലയ്ക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഗൂഢാലോചന നടത്തിയത് ആരാണ് എന്ന് സര്‍ക്കാര്‍ കണ്ടെത്തണം. ഇതിനായി ഫലപ്രദമായ അന്വേഷണ സംവിധാനത്തിന് സര്‍ക്കാര്‍ രൂപം നല്‍കണമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സ്വര്‍ണക്കള്ളക്കടത്ത് അന്വേഷണത്തിന്റെ തുടക്കത്തില്‍ ബിജെപിയുമായി ബന്ധമുള്ളവരില്‍ എത്തുമെന്ന് കണ്ടപ്പോള്‍ അന്വേഷണത്തിന്റെ ഗതി മാറി. അന്വേഷണ ഉദ്യോഗസ്ഥരെ തന്നെ മാറ്റി. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കുറെ വോട്ട് കിട്ടുമെന്നാണ് കരുതിയത്. ഉള്ള സീറ്റ് തന്നെ നഷ്ടമായി.വോട്ടിങ് ശതമാനവും കുറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടി എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തില്‍ വന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ലക്ഷ്യം കാണാതെ വന്നതോടെ, സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കരുത് എന്ന നിലയിലേക്ക് മാറി. രാഷ്ട്രീയമായ അസ്ഥിരത സൃഷ്ടിക്കാനും കലാപങ്ങള്‍ സൃഷ്ടിക്കാനുമുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ രഹസ്യ മൊഴിയില്‍ നിറയെ വൈരുദ്ധ്യങ്ങളാണ്. ആദ്യം നല്‍കിയ മൊഴിയില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് രണ്ടാമത്തെ മൊഴി. ആദ്യം സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന് പങ്കില്ല എന്നും പിന്നീട് ഉണ്ടെന്നും പറഞ്ഞു. സ്വര്‍ണക്കടത്തിനെ കുറിച്ച് മുഖ്യമന്ത്രിക്ക് അറിയില്ല എന്നും പറഞ്ഞു. ഇപ്പോള്‍ മാറ്റി പറയുകയാണ്. ബിരിയാണിയും ചെമ്പും വന്നത് മാത്രമാണ് പുതിയ വിഷയമെന്നും കോടിയേരി പറഞ്ഞു. 

തന്റെ ഫണ്ട് അമേരിക്കയിലേക്കാണ് പോകുന്നത് എന്ന് ആരോപിച്ച ഷാജ് കിരണിനെ തനിക്ക് അറിയില്ല. അമേരിക്കയില്‍ മൂന്ന് തവണ പോയത് ചികിത്സയ്ക്കായാണ്. പാര്‍ട്ടിയാണ് ചെലവ് വഹിച്ചത്. ഷാജ് കിരണിന്റെ പേര് കേള്‍ക്കുന്നത് ആദ്യമായാണ്. സ്വപ്‌ന സുരേഷിനെ കണ്ടിട്ടില്ല. അമേരിക്കന്‍ ഫണ്ട് കമല ഇന്റര്‍നാഷണല്‍ പോലെ ഒരു കള്ളക്കഥയെന്നും കോടിയേരി ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com