മണിച്ചന്‍ പുറത്തേക്ക്; മോചന ഫയലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th June 2022 02:56 PM  |  

Last Updated: 13th June 2022 03:01 PM  |   A+A-   |  

manichan

മണിച്ചന്‍

 

തിരുവനന്തപുരം: കല്ലുവാതുക്കള്‍ വിഷമദ്യ ദുരന്ത കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മണിച്ചന് മോചനം.. മണിച്ചനെ മോചിപ്പിക്കാനുള്ള ഫയലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചു. മണിച്ചന്‍ ഉള്‍പ്പെടെ 33 തടവുകാരെയാണ് മോചിപ്പിക്കുന്നത്. 

മദ്യ ദുരന്ത കേസില്‍ 22 വര്‍ഷമാണ് മണിച്ചന്‍ ജയിലില്‍ കഴിഞ്ഞത്. നേരത്തെ, തടവുകാരെ മോചിപ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഫയല്‍ ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു. 64 തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനിച്ചതിന് ശേഷം, 33 ആക്കി ചുരുക്കിയതില്‍ വിശദീകരണം ചോദിച്ചായിരുന്നു ഗവര്‍ണര്‍ ഫയല്‍ മടക്കിയത്. 

വിദഗ്ധ സമിതി വിശദ പരിശോധന നടത്തിയതിന് ശേഷമാണ് 33 ആക്കി ചുരുക്കിയതെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി.  20 വര്‍ഷം തടവ് പിന്നിട്ടവരെയും പ്രായാധിക്യം ഉള്ളവരെയും രോഗികളെയും ആണ് പരിഗണിച്ചത് എന്നായിരുന്നു വിശദീകരണം. ഇതേത്തുടര്‍ന്ന് ഗവര്‍ണര്‍ ഫയലില്‍ ഒപ്പിടുകയായിരുന്നു. 

2000 ഒക്ടോബറിലാണ് വിഷ മദ്യ ദുരന്തമുണ്ടായത്. ദുരന്തത്തില്‍ 33പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. മണിച്ചന്റെ ഗോഡൗണില്‍ നിന്ന് എത്തിച്ച മദ്യം കഴിച്ചവരാണ് ദുരന്തത്തിന് ഇരയായത്. 

മണിച്ചന്‍, ഹയറുന്നിസ, മണിച്ചന്റെ ഭാര്യ ഉഷ, സഹോദരന്മാരായ കൊച്ചനി, വിനോദ് കുമാര്‍, എന്നിവരായിരുന്നു പ്രധാന പ്രതികള്‍. ഹയറുന്നിസ ജയില്‍ ശിക്ഷ അനുഭവിക്കവേ മരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം മുഖ്യമന്ത്രിയും കുടുംബവും ദേശവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു; ഗൂഢാലോചനക്കേസ് റദ്ദാക്കണം; സ്വപ്ന ഹൈക്കോടതിയില്‍ ​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ