പ്രതിഷേധങ്ങള്‍ യുവാക്കളുടെ വികാരത്തിന്റെ സൂചന; അഗ്നിപഥ് നിര്‍ത്തിവയ്ക്കണം: പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

കേന്ദ്രസര്‍ക്കാരിന്റെ സൈനിക റിക്രൂട്ടിങ് പദ്ധതിയായ അഗ്നിപഥ് നിര്‍ത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍
പിണറായി വിജയന്‍,നരേന്ദ്ര മോദി/ഫയല്‍
പിണറായി വിജയന്‍,നരേന്ദ്ര മോദി/ഫയല്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ സൈനിക റിക്രൂട്ടിങ് പദ്ധതിയായ അഗ്നിപഥ് നിര്‍ത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍. 'അഗ്‌നിപഥ് പദ്ധതിക്കെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങള്‍ ഇന്ത്യയിലെ യുവാക്കളുടെ വികാരത്തിന്റെ വ്യക്തമായ സൂചനയാണ്. നമ്മുടെ രാജ്യത്തിന്റെ താത്പര്യം കണക്കിലെടുത്ത് പദ്ധതി നിര്‍ത്തിവയ്ക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

വിമര്‍ശനങ്ങള്‍ അഭിസംബോധന ചെയ്യുകയും യുവാക്കളുടെ ആശങ്കകള്‍ പരിഗണിക്കുകയും ചെയ്യണം എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 
അഗ്നിപഥ് പദ്ധതിക്ക് എതിരെ രാജ്യമാകെ കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്. 

അതേസമയം, പ്രതിഷേധം തണുപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ആനുകല്യങ്ങള്‍ പ്രഖ്യാപിച്ചു. അഗ്‌നിപഥ് പദ്ധതിയില്‍ നാലുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കുന്ന അഗ്‌നിവീര്‍മാര്‍ക്ക് പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ജോലി ഒഴിവുകള്‍ക്കും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തും.

കോസ്റ്റ് ഗാര്‍ഡ്, പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും അഗ്‌നിവീര്‍മാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തും. പ്രതിരോധമേഖലയിലെ 16 സ്ഥാപനങ്ങളില്‍ സംവരണാനുകൂല്യം ലഭിക്കും. ഇതുസംബന്ധിച്ച നിര്‍ദേശത്തിന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അംഗീകാരം നല്‍കി.

നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേന്ദ്ര പൊലീസ് സേനകളില്‍ അഗ്‌നിവീര്‍മാര്‍ക്ക് ജോലിക്ക് സംവരണം പ്രഖ്യാപിച്ചിരുന്നു.കേന്ദ്ര അര്‍ധസൈനിക വിഭാഗങ്ങളില്‍ 10 ശതമാനം സംവരണം നല്‍കുമെന്നാണ് പ്രഖ്യാപിച്ചത്. അസം റൈഫിള്‍സിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തും.

അഗ്‌നിവീര്‍ അംഗങ്ങള്‍ക്ക് നിയമനങ്ങളില്‍ പ്രായപരിധിയിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യബാച്ചില്‍ പെട്ടവര്‍ക്ക് പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തിന്റെ ഇളവാണ് നല്‍കുക. അടുത്ത വര്‍ഷം മുതല്‍ പ്രായപരിധിയില്‍ മൂന്ന് വര്‍ഷം ഇളവ് നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com