അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചതായി കള്ളക്കേസ്; എസ്‌ഐക്കും മജിസ്‌ട്രേട്ടിനും എതിരെ ഹൈക്കോടതി 

ഇവര്‍ക്കെതിരെ റിമാന്‍ഡ് ഉത്തരവിറക്കിയ മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ടും ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ മുഖേന കോടതി തേടിയിട്ടുണ്ട്
ഹൈക്കോടതി/ഫയല്‍
ഹൈക്കോടതി/ഫയല്‍

കൊച്ചി: 10 മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞതായി ആരോപിച്ച് യുവതിക്കെതിരെ കേസെടുത്ത സംഭവത്തില്‍ എസ്‌ഐക്ക് ഹൈക്കോടതി നോട്ടീസ്. യുവതിയേയും സഹപ്രവര്‍ത്തകനേയും അറസ്റ്റ് ചെയ്ത് തടവിലാക്കിയ സംഭവത്തില്‍ എളമക്കര എസ്‌ഐക്ക് കൊച്ചി പൊലീസ് കമ്മീഷണര്‍ മുഖേന നോട്ടീസ് നല്‍കി. 

ഇവര്‍ക്കെതിരെ റിമാന്‍ഡ് ഉത്തരവിറക്കിയ മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ടും ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ മുഖേന കോടതി തേടിയിട്ടുണ്ട്. സുപ്രീംകോടതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് കേസ് നടപടികള്‍ എന്ന് കാണിച്ച് യുവതി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. 

അമ്മയുടെ അടുപ്പക്കാരന്റെ ലൈംഗികാതിക്രമത്തിനെതിരെ പരാതി

കുഞ്ഞുമായി അമ്മയ്‌ക്കൊപ്പമാണ് യുവതി താമസിച്ചിരുന്നത്. വിവാഹമോചിതയാണ് 22കാരിയായ യുവതി. അമ്മയുടെ അടുപ്പക്കാരന്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കുകയാണ് എന്ന് കാണിച്ച് യുവതി സഹപ്രവര്‍ത്തകനൊപ്പം കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിലെത്തി പരാതി നല്‍കി. ഇതോടെ അമ്മ യുവതിയെ വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല. സഹപ്രവര്‍ത്തകന്റെ വീട്ടിലേക്ക് യുവതിക്ക് പോകേണ്ടി വന്നു. 

എന്നാല്‍ മകളെ കാണാനില്ലെന്ന് കാണിച്ച് അമ്മ പൊലീസില്‍ പരാതി നല്‍കി. കുഞ്ഞിനെ ഉപേക്ഷിച്ച് പോയെന്ന് പറഞ്ഞ് ശിശുക്ഷേമ സമിതിക്ക് മെയില്‍ അയക്കുകയും ചെയ്തു. യുവതിയെ കാണാനില്ലെന്ന് പറഞ്ഞാണ് പൊലീസ് ആദ്യം കേസെടുത്തത്. എന്നാല്‍ പിന്നാലെ ഇത് കുഞ്ഞിനെ ഉപേക്ഷിച്ച് പോയെന്നാക്കി മാറ്റി. 

ലൈംഗിക അതിക്രമം നേരിട്ടു എന്ന പരാതി മജിസ്‌ട്രേറ്റ് കണക്കിലെടുത്തില്ല

ബാലനിതീ നിയമപ്രകാരമുള്ള വകുപ്പ് ചേര്‍ത്താണ് യുവതിക്കെതിരെ കേസെടുത്തത്. പ്രേരണാക്കുറ്റത്തിന് യുവതിയുടെ സഹപ്രവര്‍ത്തകനേയും പ്രതിയാക്കി. ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്യുകയും 5 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ആണ് ഉണ്ടായത്. 

എന്നാല്‍ ലൈംഗിക അതിക്രമം നേരിട്ടു എന്ന യുവതിയുടെ പരാതി മജിസ്‌ട്രേറ്റ് കണക്കിലെടുത്തില്ലെന്ന് ഹൈക്കോടതി ചൂണ്ടുക്കാണിച്ചു. കാര്യങ്ങള്‍ മനസിലാക്കിയാണോ റിമാന്‍ഡ് റിപ്പോര്‍ട്ട് ഇറക്കിയത് എന്ന് മജിസ്‌ട്രേറ്റ് അറിയിക്കണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

കുഞ്ഞിനെ മനപൂര്‍വം ഉപേക്ഷിച്ചതാണ് എന്ന് പ്രഥമവിവര റിപ്പോര്‍ട്ടിലോ മൊഴിയിലോ ഇല്ല. എന്നിട്ടും പൊലീസ് അറസ്റ്റിലേക്ക് നീങ്ങി. യുവതിയുടെ അമ്മയുടെ ആദ്യ വിവാഹം നിയമപരമായി ഒഴിഞ്ഞതാണോ, നിലവില്‍ ഒപ്പമുള്ള വ്യക്തിയെ വിവാഹം കഴിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം എന്നും കോടതി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com