മൃഗങ്ങളുമായി വരുന്നവര്‍ മറ്റുവഴികള്‍ നോക്കണം; വളര്‍ത്തുമൃഗങ്ങളെ വിമാനത്തില്‍ കയറ്റില്ലെന്ന് എയര്‍ഏഷ്യ
By സമകാലിക മലയാളം ഡെസ്ക് | Published: 03rd March 2022 03:26 PM |
Last Updated: 03rd March 2022 03:26 PM | A+A A- |

യുക്രൈനില്‍ നിന്ന് ഡല്‍ഹിയിലെത്തിയ മലയാളി വിദ്യാര്‍ഥിയുടെ വളര്‍ത്തുനായ
ന്യൂഡല്‍ഹി: യുക്രൈനില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയ മലയാളികള്‍ക്ക് നാട്ടിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോകാന്‍ സാധിക്കില്ല. ഡല്‍ഹിയിലും മുംബൈയിലും എത്തിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചാര്‍ട്ടേര്‍ഡ് വിമാനമാണ് ക്രമീകരിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ട് ചെയ്തിരിക്കുന്നത് എയര്‍ഏഷ്യയുടെ വിമാനമാണ്. തങ്ങളുടെ ചട്ടപ്രകാരം വിമാനത്തില്‍ വളര്‍ത്തുമൃഗങ്ങളെ കയറ്റാന്‍ അനുവദിക്കില്ലെന്ന് എയര്‍ഏഷ്യ വ്യക്തമാക്കി. ഇക്കാര്യം കേരളഹൗസ് വിദ്യാര്‍ഥികളെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ആര്യ അടക്കം ചില മലയാളി വിദ്യാര്‍ഥികള്‍ വളര്‍ത്തുമൃഗങ്ങളുമായാണ് നാട്ടില്‍ തിരിച്ചെത്തിയത്. റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് യുക്രൈനില്‍ കുടുങ്ങിയ മലയാളികളെ സുരക്ഷിതമായി നാട്ടില്‍ തിരികെ എത്തിക്കുന്നതിന് ചാര്‍ട്ടേര്‍ഡ് വിമാനമാണ് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ എയര്‍ഏഷ്യ വിമാനമാണ് സംസ്ഥാന സര്‍ക്കാര്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത്. തങ്ങളുടെ പോളിസി പ്രകാരം വിമാനത്തില്‍ വളര്‍ത്തുമൃഗങ്ങളെ കയറ്റാന്‍ അനുവദിക്കില്ലെന്ന് എയര്‍ഏഷ്യ അറിയിച്ചു. ഇക്കാര്യം അറിയിച്ചതായി കേരളഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളുമായി തിരികെ പോകാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം നിലയ്ക്ക് പോകേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു.
ഇതോടെ ആര്യ അടക്കമുള്ളവര്‍ മറ്റുവഴികള്‍ തേടേണ്ടി വരും. നിലവില്‍ ഒന്നോ രണ്ടോ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ക്രമീകരണത്തില്‍ മാറ്റം വരുത്തുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നാണ് കേരളഹൗസ് വൃത്തങ്ങള്‍ പറയുന്നു. ഒന്നെങ്കില്‍ സ്വന്തം നിലയ്ക്ക് മറ്റുവഴികള്‍ തേടുകയോ അല്ലെങ്കില്‍ മറ്റു ക്രമീകരണം ഏര്‍പ്പെടുത്തുന്നത് വരെ കാത്തിരിക്കുകയോ വേണമെന്നാണ് കേരളഹൗസ് അധികൃതര്‍ അറിയിച്ചത്.