ഇന്നു മുതൽ വനിതാ യാത്രാ വാരം; വിനോദ യാത്രകളുമായി കെഎസ്ആർടിസി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th March 2022 06:59 AM  |  

Last Updated: 08th March 2022 06:59 AM  |   A+A-   |  

ksrtc bus

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ഇന്നു മുതൽ 13 വരെ കെഎസ്ആർടിസി ബജറ്റ് ടൂർസ് വനിതാ യാത്രാ വാരമായി ആഘോഷിക്കും. സംസ്ഥാനത്തുടനീളം വനിതകൾക്കു മാത്രമായുള്ള വിനോദ യാത്രകളാണ് പദ്ധതിയിലുള്ളത്. വനിതാ ദിനത്തോടനുബന്ധിച്ചാണ് പദ്ധതിക്ക് ഇന്ന് തുടക്കം കുറിക്കുന്നത്.

നിംസ് മെഡിസിറ്റി വനിതാ ജീവനക്കാർക്കായി മൺറോതുരുത്ത്, സാബ്രാണിക്കോടി, തിരുമുല്ലവാരം ബീച്ച് എന്നിവിടങ്ങളിലേക്ക് നടത്തുന്ന ട്രിപ്പാണ് ആദ്യത്തേത്. കോട്ടയം നവജീവൻ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്നേഹക്കൂട്ടിലെ വനിതാ അന്തേവാസികൾക്കായി വാഗമണ്ണിലേക്ക് സ്നേഹ സാന്ത്വന യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം 100 വനിതകൾ മാത്രമുള്ള ട്രിപ്പുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 

തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുമായി സഹകരിച്ച് തീരദേശ വനിതകൾ പങ്കെടുക്കുന്ന 4 ദിവസം നീണ്ടു നിൽക്കുന്ന തിരുവനന്തപുരം - കോഴിക്കോട് യാത്ര നടത്തും. കൊച്ചി വണ്ടർലായുമായി സഹകരിച്ച് 20 ട്രിപ്പുകളും നടത്തും. വനിതകൾക്ക് സുരക്ഷിതമായും സൗകര്യപ്രദമായും ഉല്ലാസയാത്ര നടത്താമെന്ന സന്ദേശമാണ് ഇതുവഴി മുന്നോട്ടുവയ്ക്കുന്നത്.