കട ബാധ്യത 2,96,900 കോടി; സംസ്ഥാനത്തിന്റെ പൊതുകടം വർധിച്ചു; സാമ്പത്തിക സർവേ റിപ്പോർട്ട് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th March 2022 08:51 PM  |  

Last Updated: 11th March 2022 08:51 PM  |   A+A-   |  

The government convened a special assembly session to vote on the central government's three agricultural laws.

കേരള നിയമസഭ/ ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കോവിഡും അതിനെ തുടർന്നുള്ള നിയന്ത്രണങ്ങളും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിൽ ഇടിവുണ്ടാക്കിയതായി സാമ്പത്തിക സർവേ റിപ്പോർട്ട്. സംസ്ഥാനത്തിന്റെ പൊതുകടം വർധിച്ചതായും വ്യവസായം അടക്കമുള്ള പ്രധാന മേഖലകളെയെല്ലാം കോവിഡ് ബാധിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

2020– 21ൽ സംസ്ഥാനത്തിന്റെ കട ബാധ്യത 2,96,900 കോടി രൂപയാണ്. സംസ്ഥാനത്തിന്റെ കടവും മൊത്തം ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 2019–20ൽ 31.58 ശതമാനമായിരുന്നു. 2020–21ൽ ഇത് 37.13 ശതമാനമായി. റവന്യു കമ്മി 1.76 ശതമാനത്തിൽ നിന്ന് 2.51 ശതമാനമായും ധന കമ്മി മുൻ വർഷത്തെ 2.89 ശതമാനത്തിൽ നിന്നും 20-21ൽ 4.40 ശതമാനമായും വർധിച്ചു. 

സംസ്ഥാനത്തിന്റെ വരുമാനത്തിൽ നേരിയ വർധനവുണ്ടായി. മൂലധന വിഹിതം 1.03 ശതമാനത്തിൽ നിന്ന് 1.61 ശതമാനമായി ഉയർന്നു. നിർമാണ മേഖലയിലെ വളർച്ച കുറഞ്ഞ് മൈനസ് 8.94 ശതമാനമായി. പൊതുമേഖല സ്ഥാപനങ്ങളിലെ വിറ്റുവരവ് 4.7 ശതമാനം വർധിച്ചു.

വ്യവസായങ്ങളിൽ കോവിഡ് ആഘാതം രൂക്ഷമായിരുന്നു. വിതരണ മേഖലയിലെ തടസം, വിപണി അടച്ചുപൂട്ടൽ, തൊഴിൽദിന നഷ്ടം എന്നിവ മിക്ക വ്യവസായങ്ങളുടെയും ഉത്പാദനത്തെയും നിലനിൽപിനെയും ബാധിച്ചു. കോവിഡ് വിനോദ സഞ്ചാര മേഖലയ്ക്കും തിരിച്ചടിയായി. രാജ്യാന്തര സന്ദർശകരുടെ എണ്ണത്തിൽ മൂന്ന് ലക്ഷത്തിന്റെ കുറവുണ്ടായി. 

ടൂറിസം രംഗത്തെ വരുമാനം 2019ലെ 45,010 കോടിയിൽ നിന്ന് 2020ൽ 11,335 കോടിയായി കുറഞ്ഞു. കാർഷിക രംഗത്തു വിള മേഖലയുടെ സംഭാവന വർധിച്ചു. ഇത് 4.32ൽ നിന്ന് 4.96 ശതമാനമായി ഉയർന്നു. 2019- 2020നെ അപേക്ഷിച്ച് 2020- 2021ൽ കാർഷിക മേഖല പുരോഗതിയിലെത്തി. കൃഷി അനുബന്ധ മേഖലകളുടെ വിഹിതം 8.38 ശതമാനത്തിൽ നിന്നും 9.44 ആയി ഉയർന്നു. 

തൊഴിലില്ലായ്മ സംസ്ഥാനത്തിന്റെ ഗുരുതരമായ ആശങ്കയാണെന്നു സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു. തൊഴിലില്ലായ്മ 2018-2019ലെ ഒൻപത് ശതമാനത്തിൽ നിന്ന് 19- 20ൽ പത്ത് ശതമാനമായി വർധിച്ചു. 17 ലക്ഷം പ്രവാസികൾ മടങ്ങിയെത്തി. മടങ്ങിയെത്തിവരിൽ 72 ശതമാനത്തിനും ജോലി നഷ്ടപ്പെട്ടു. തൊഴിലന്വേഷകരുടെ എണ്ണം 2020 ലെ 34.31 ലക്ഷത്തിൽ നിന്ന് 2021ൽ 38.33 ലക്ഷമായി ഉയർന്നു. ഇവരിൽ 14.16 ലക്ഷം പുരുഷന്മാരും 24.16 ലക്ഷം സ്ത്രീകളുമാണ്. തൊഴിലന്വേഷകരിൽ 2,90,011 പേർ പ്രൊഫഷണൽ യോഗ്യതയുള്ളവരാണ്.