'അഞ്ചു സംസ്ഥാനങ്ങള്‍ വിറ്റുതുലച്ചതിന് ആശംസകള്‍'; കണ്ണൂരില്‍ കെ സി വേണുഗോപാലിനെതിരെ പോസ്റ്ററുകള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th March 2022 11:50 AM  |  

Last Updated: 12th March 2022 11:50 AM  |   A+A-   |  

rahul venugopal

രാഹുല്‍ ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനൊപ്പം/പിടിഐ

 

കണ്ണൂര്‍: പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ദയനീയ തോല്‍വിക്ക് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ പോസ്റ്ററുകള്‍. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍. കണ്ണൂരിലെ ശ്രീകണ്ഠാപുരം, എരുവേശി എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 

അഞ്ചു സംസ്ഥാനങ്ങള്‍ വിറ്റുതുലച്ച കെ സി വേണുഗോപാലിന് ആശംസകള്‍. പെട്ടിതൂക്കി വേണുഗോപാലിനെ ഒഴിവാക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ. കോണ്‍ഗ്രസിനെ ഉപ്പുവെച്ച കലം പോലെയാക്കിയിട്ട് ഡല്‍ഹിയില്‍ നിന്നും വണ്ടുകേറൂ തുടങ്ങിയ പരാമര്‍ശങ്ങള്‍ പോസ്റ്ററിലുണ്ട്. 

കെ സി വേണുഗോപാലിന്റെ പ്രധാന അനുയായിയായ സജീവ് ജോസഫ് എംഎല്‍എയുടെ ഓഫീസിലും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഓഫീസിന് മുന്നിലും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. കെ സി വേണുഗോപാലിന്റെ നാട്ടിലും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. 

എന്നാല്‍ പോസ്റ്ററുകളെപ്പറ്റി അറിയില്ലെന്നാണ് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. പോസ്റ്ററുകള്‍ പതിക്കുകയും, സമൂഹമാധ്യമങ്ങളിലൂടെ ഇത്തരത്തില്‍ പരസ്യപ്രതികരണം നടത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.