നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമത്തെ പിന്തുണച്ച് കേന്ദ്രം; വിശദമറുപടി നല്‍കാന്‍ ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th March 2022 05:02 PM  |  

Last Updated: 14th March 2022 05:02 PM  |   A+A-   |  

nimisha_priya

ഫയല്‍ ചിത്രം

 


ന്യൂഡല്‍ഹി: യെമന്‍ പൗരനെ കൊന്ന കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ ശിക്ഷ ഒഴിവാക്കാനുള്ള ശ്രമത്തെ കേന്ദ്രസര്‍ക്കാര്‍ പിന്തുണച്ചു. ഔദ്യോഗികമായി നിലപാട് നാളെ വ്യക്തമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിമിഷയുടെ ജീവന്‍ രക്ഷിക്കാന്‍ നയതന്ത്ര തലത്തില്‍ ഇടപെടാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് കാമേശ്വര്‍ റാവു കേന്ദ്രനിലപാട് തേടിയത്.

ഹര്‍ജി നാളെ ഡല്‍ഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും. സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിന് യെമന്‍ പൗരന്റെ ബന്ധുക്കള്‍ക്ക് നല്‍കേണ്ട ബ്ലഡ് മണി കൈമാറാനുള്ള സംവിധാനം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിമിഷ പ്രിയ കേസില്‍ സാധ്യമായ നടപടികളെല്ലാം സ്വീകരിമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മനീഷ് മോഹന്‍ കോടതിയില്‍ വ്യക്തമാക്കി. അഭിഭാഷകന്‍ കെ ആര്‍ സുബാഷ് ചന്ദ്രനാണ് സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017ല്‍ കൊല്ലപ്പെട്ട കേസില്‍ ലഭിച്ച വധശിക്ഷയില്‍ ഇളവു ലഭിക്കണമെന്ന ആവശ്യപ്പെട്ട് നിമിഷ പ്രിയ നല്‍കിയ ഹര്‍ജി യെമനിലെ അപ്പീല്‍ കോടതി തള്ളിയിരുന്നു. അപ്പീല്‍ കോടതി വിധിക്ക് എതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാമെങ്കിലും അതില്‍ വലിയ പ്രതീക്ഷയില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ ബന്ധുക്കള്‍ക്ക് ബ്ലഡ് മണി നല്‍കി വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുക എന്നതാണ് രണ്ടാമത്തെ സാധ്യത.