സഹോദരിയുമായി അവിഹിതം, സുഹൃത്തിനെ മദ്യത്തിൽ വിഷം കൊടുത്ത് യുവാവ് കൊലപ്പെടുത്തി, നിർണായകമായത് അച്ഛന്റെ മൊഴി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2022 06:55 AM  |  

Last Updated: 16th March 2022 06:55 AM  |   A+A-   |  

murder case

പ്രതീകാത്മക ചിത്രം

 

ഇടുക്കി: വണ്ടൻമേടിൽ യുവാവിനെ മദ്യത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. മണിയംപെട്ടി സ്വദേശി രാജ്കുമാറിനെയാണ് കൊലപ്പെടുത്തിയത്. കേസിൽ പ്രവീണാണ് അറസ്റ്റിലായത്. 

വണ്ടൻമേട് നെറ്റിത്തൊഴു സ്വദേശിയായ രാജ്കുമാറിനെ ഇന്നലെ മുതൽ കാണാനില്ലായിരുന്നു. അവസാനം കണ്ടത് സുഹൃത്തായ പ്രവീണിനൊപ്പമായിരുന്നെന്ന അച്ഛൻ പവൻരാജിന്റെ മൊഴിയാണ് വഴിത്തിരിവായത്.പ്രവീണിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയതെന്ന് പൊലീസ് പറയുന്നു.

 താനുമായുള്ള സൗഹൃദം മുതലെടുത്ത് സഹോദരിയുമായി രാജ്കുമാർ അവിഹിതബന്ധം പുലർത്തിയതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രവീണിന്റെ മൊഴി. ഒരു മാസത്തോളമായി കൊല ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. അവസരം ഒത്തുവന്നപ്പോൾ പ്രവീണിനെ തമിഴ്നാട് അതിർത്തി പ്രദേശത്തേക്ക് വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രവീൺ പറയുന്നു.

രണ്ട് പേരും മദ്യവും കഞ്ചാവും ഉപയോഗിച്ചു. രാജ്കുമാറിന്റെ സുബോധം നഷ്ടമായെന്നറിഞ്ഞപ്പോൾ മദ്യത്തിൽ വിഷം കലർത്തിക്കൊടുത്തു. മരണം ഉറപ്പാക്കി മൃതദേഹം കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം പ്രവീൺ തിരികെ വീട്ടിലെത്തി. പ്രവീണിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കാട്ടിൽ തെരച്ചിൽ നടത്തി പൊലീസ് മൃതദേഹം കണ്ടെത്തി.