മറ്റിടങ്ങളില്‍ കെ റെയിലിനേക്കാള്‍ വേഗമേറിയ പദ്ധതികള്‍ക്ക് മുന്‍കൈ എടുക്കുന്നു, ഇവിടെ എതിര്‍പ്പ്:  മന്ത്രി രാജീവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd March 2022 07:02 AM  |  

Last Updated: 23rd March 2022 07:02 AM  |   A+A-   |  

rajeev

മന്ത്രി പി രാജീവ്

 

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ സില്‍വര്‍ ലൈനിനേക്കാള്‍ വേഗമേറിയ പദ്ധതികള്‍ നടപ്പാക്കാന്‍ മുന്‍കൈ എടുക്കുന്നവരാണ് ഇവിടെ എതിര്‍പ്പുമായി മുന്നോട്ടുവരുന്നതെന്ന് വ്യവസായമന്ത്രി പി രാജീവ്. വികസനത്തെ എതിര്‍ക്കാന്‍ കേരളവിരുദ്ധ മുന്നണി രൂപപ്പെട്ടതായും മന്ത്രി ആരോപിച്ചു. 

സംസ്ഥാനത്തിന്റെ വികസനത്തിന് പശ്ചാത്തല സൗകര്യം വര്‍ധിപ്പിക്കേണ്ടതുണ്ട്. അതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭൂമി ഇപ്പോള്‍ ഏറ്റെടുക്കുന്നു എന്നപേരില്‍ തെറ്റായ പ്രചാരണം നടത്തുകയാണ്. 

വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ രാജ്യം അംഗീകരിച്ച നിയമമുണ്ട്. അതുപ്രകാരമേ എവിടെയും ഭൂമി ഏറ്റെടുക്കാനാകൂ. സാമൂഹ്യാഘാത പഠനത്തിനാണ് ഇപ്പോള്‍ കല്ലിടുന്നത്. അത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചതാണ്. 

ബിജെപിയും കോണ്‍ഗ്രസും ചില മാധ്യമങ്ങളും ഉയര്‍ത്തുന്ന വാദങ്ങളെല്ലാം ഹൈക്കോടതി പരിഗണിച്ചതാണ്. മറ്റിടങ്ങളില്‍ ആകാമെന്ന നിലപാട്, ഇവിടെ പറ്റില്ല എന്നുമാണെങ്കില്‍ ദേശീയ പാര്‍ടി എന്ന ലേബല്‍ ഉപേക്ഷിച്ച് കേരള പാര്‍ടി എന്ന പേര് സ്വീകരിക്കാന്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.