ഭക്ഷണം തീര്‍ന്നെന്ന് പറഞ്ഞത് പ്രകോപനം,നാട്ടുകാര്‍ക്ക് നേരെ തുരുതുരാ വെടിവെച്ചു; സനലിനെ ഇടിച്ചിട്ട് നെഞ്ചിലും കഴുത്തിലും വെടിയുതിര്‍ത്തു

ആള്‍ക്കൂട്ടത്തിന് നേരെ യുവാവ് വെടിയുതിര്‍ക്കുകയും ഒരാളുടെ മരണത്തില്‍ കലാശിക്കുകയും ചെയ്ത സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

മൂലമറ്റം: ആള്‍ക്കൂട്ടത്തിന് നേരെ യുവാവ് വെടിയുതിര്‍ക്കുകയും ഒരാളുടെ മരണത്തില്‍ കലാശിക്കുകയും ചെയ്ത സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. ബൈക്കില്‍ വരികയായിരുന്ന സനലിനെ പ്രതി ഫിലിപ്പ് മാര്‍ട്ടിന്‍ ഇടിച്ചിടുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷി പറയുന്നത്. സനല്‍ എഴുന്നേറ്റ് വരുന്നതിന് ഇടയില്‍ ഫിലിപ്പ് വെടിയുതിര്‍ത്തു. 

വിദേശത്ത് നിന്ന് ഏതാനും ദിവസം മുന്‍പാണ് ഫിലിപ്പ് മാര്‍ട്ടിന്‍(26) നാട്ടിലേക്ക് എത്തിയത്. വെടിവെക്കാന്‍ ഇയാള്‍ ഉപയോഗിച്ച തോക്ക് സംബന്ധിച്ചും ആശയക്കുഴപ്പം തുടരുന്നുണ്ട്. എയര്‍ ഗണ്ണാണ് ഇയാള്‍ ഉപയോഗിച്ചത് എന്നും സൂചനയുണ്ട്. സനലിന്റെ കഴുത്തിലും നെഞ്ചിലും വെടിയേറ്റിട്ടുണ്ട്. എന്നാല്‍ നാടന്‍ തോക്കാണ് ഉപയോഗിച്ചത് എന്ന റിപ്പോര്‍ട്ടുമുണ്ട്. 

വനിതകള്‍ നടത്തുന്ന തട്ടുകടയായിരുന്നു ഇത്

മൂലമറ്റം ഹൈസ്‌കൂളിന് മുന്‍പില്‍ ശനിയാഴ്ച രാത്രി 9.40ഓടെയാണ് സംഭവം. വനിതകള്‍ നടത്തുന്ന തട്ടുകടയായിരുന്നു ഇത്. ഭക്ഷണം തീര്‍ന്ന് പോയെന്ന് പറഞ്ഞതാണ് പ്രകോപന കാരണം. ഭക്ഷണം ഇല്ലാതിരുന്നതിന്റെ പേരില്‍ ഫിലിപ്പും സംഘവും ബഹളം ഉണ്ടാക്കിയപ്പോള്‍ ബഹളം വെക്കരുത് എന്ന് തട്ടുകടയിലുണ്ടായ മറ്റ് യുവാക്കള്‍ പറഞ്ഞു. ഈ യുവാക്കളില്‍ ഒരാളെ ഫിലിപ്പും സംഘവും തള്ളിയിട്ടു. തട്ടുകയില്‍ പ്രശ്‌നമുണ്ടാക്കിയ ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് തിരിച്ചയച്ചു. എന്നാല്‍ വീട്ടില്‍ പോയി തോക്ക് എടുത്ത് കൊണ്ടുവന്ന് തട്ടുകടയ്ക്ക് മുന്‍പിലുണ്ടായിരുന്നവര്‍ക്ക് നേരെ കാറില്‍ ഇരുന്ന് തന്നെ ഫിലിപ്പ് വെടിവെക്കുകയായിരുന്നു. 

ഫിലിപ്പും സനലും തമ്മില്‍ മുന്‍പരിചയം ഇല്ല

പിന്നാലെ മൂലമറ്റം റോഡിലേക്ക് വന്ന ഫിലിപ്പ് ദേവി ബസിലെ കണ്ടക്ടറായ സനലിനെ ഇടിച്ചിട്ടു. ഇവിടെ നിന്ന് എഴുന്നേറ്റ് വരുന്ന സമയത്താണ് സനലിനെ വെടിവെച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഫിലിപ്പും സനലും തമ്മില്‍ മുന്‍പരിചയം ഇല്ലെന്ന് സനലിന്റെ ബന്ധുക്കള്‍ പറയുന്നു. സനലിനും സുഹൃത്തുക്കള്‍ക്കും നേരെ വെടിയുതിര്‍ത്ത ഫിലിപ്പിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയിരുന്നു. എന്നാല്‍ നാട്ടുകാരെ വെട്ടിച്ച് ഫിലിപ്പ് കടന്നു. തുടര്‍ന്ന് സംഭവ സ്ഥലത്ത് നിന്നും എട്ട് കിലോമീറ്ററോളം സഞ്ചരിച്ച പ്രതി മുട്ടം ഭാഗത്തേക്ക് എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com