വീണ്ടും മൂല്യനിര്‍ണയം, കെമിസ്ട്രി ഉത്തരസൂചിക പുതുക്കും; ഫലപ്രഖ്യാപനം വൈകില്ല: 12 അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക പുതുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി
മന്ത്രി വി ശിവന്‍കുട്ടി, ഫയല്‍ ചിത്രം
മന്ത്രി വി ശിവന്‍കുട്ടി, ഫയല്‍ ചിത്രം

തിരുവനന്തപുരം: പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക പുതുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.ഉത്തര സൂചിക പുനഃപരിശോധിക്കുന്നതിനായി 15 അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്. ചില അധ്യാപകര്‍ നടത്തുന്ന കെമിസ്ട്രി പരീക്ഷാ മൂല്യനിര്‍ണയ ബഹിഷ്‌ക്കരണം പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് അന്വേഷിക്കുമെന്നും വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

കെമിസ്ട്രി പരീക്ഷാ മൂല്യനിര്‍ണയം പുതുക്കിയ ഉത്തരസൂചിക പ്രകാരം ബുധനാഴ്ച മുതല്‍ പുന:രാരംഭിക്കും.ഇതിനകം മൂല്യനിര്‍ണയം നടന്ന ഉത്തരക്കടലാസുകള്‍ ഒന്നുകൂടി പരിശോധിക്കും . ഫിസിക്‌സ് , കെമിസ്ട്രി , മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ക്ക് ഇരട്ട മൂല്യ നിര്‍ണയമാണ് ഉള്ളത് .അതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥിക്ക് അര്‍ഹതപ്പെട്ട അര മാര്‍ക്ക് പോലും നഷ്ടമാകില്ല . മൂല്യനിര്‍ണയം ബഹിഷ്‌കരിച്ച 12 അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും ശിവന്‍കുട്ടി അറിയിച്ചു.

വാര്‍ത്താസമ്മേളനത്തിന്റെ പൂര്‍ണരൂപം

ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണയം ആരംഭിക്കുന്നതിന് മുന്നോടിയായി തന്നെ മൂല്യനിര്‍ണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണത്തെ സംബന്ധിച്ച് വിവാദം ഉയര്‍ന്നു വന്നു .ഏതാനും കാറ്റഗറിക്കല്‍ സംഘടനകളുടെ കൂട്ടായ്മ 'ഒറ്റക്കെട്ട്' സമരം പ്രഖ്യാപിച്ചു .പത്രപ്രസ്താവനകള്‍ നടത്തി . എന്നാല്‍ ക്യൂ ഐ പി സംഘടനകള്‍ നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണം കുറച്ചു . ഈ തീരുമാനം വന്നതോടു കൂടി കാറ്റഗറിക്കല്‍ സംഘടനകളുടെ സമരം ചെയ്യാനുള്ള അവസരം നഷ്ടമായി . ഈ കൂട്ടായ്മയ്ക്ക് സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയം ആണ് ഉള്ളത് . വിദ്യാര്‍ത്ഥികളുടെ ഭാവിക്കപ്പുറം അവരെ മറയാക്കി നിര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനമാണ് ഇക്കൂട്ടര്‍ ചെയ്യുന്നത് .

രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം 280422 ന് ആരംഭിച്ചു.അപ്പോഴാണ് കെമിസ്ട്രി മൂല്യനിര്‍ണ യത്തിന്റെ വിഷയം വരുന്നത് . ഹയര്‍ സെക്കണ്ടറിയില്‍ 106 വിഷയങ്ങളിലായി 23,622 (ഇരുപത്തി മൂവായിരത്തി അറുനൂറ്റി ഇരുപത്തി രണ്ട് ) അധ്യാപകരെയും എസ് എസ് എല്‍ സിക്ക് 9 വിഷയങ്ങളിലായി 21,000 (ഇരുപത്തി ഒന്നായിരം ) അധ്യാപകരെയുമാണ് നിയോഗിച്ചിട്ടുള്ളത് .ഇതില്‍ ഹയര്‍ സെക്കണ്ടറിയിലെ കെമിസ്ട്രി വിഷയത്തിലെ ഒരു വിഭാഗം അധ്യാപകര്‍ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ആശങ്ക ഉണ്ടാക്കുന്നതിനുള്ള ശ്രമം നടത്തുന്നത് .ഇത് പരീക്ഷാ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ വേണ്ടിയുള്ള ബോധപൂര്‍വമായ ശ്രമമായേ കാണാന്‍ കഴിയൂ . സാധാരണ നിലയില്‍ ഒരധ്യാപകനും പരീക്ഷാ സംബന്ധമായി രഹസ്യ സ്വഭാവമുള്ള കാര്യങ്ങളും ഒരധ്യാപകന്‍ പാലിച്ചിരിക്കേണ്ട പരീക്ഷാ സംബന്ധമായ അച്ചടക്കവും ലംഘിക്കാറില്ല . സോഷ്യല്‍ മീഡിയ കൂട്ടായ്മയില്‍പ്പെട്ടുപോയ നിരപരാധികളായ അധ്യാപകരെ തെറ്റിദ്ധരിപ്പി ക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത് .

ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളുടെ കാര്യത്തില്‍ എസ്.സി.ഇ.ആര്‍.ടി. യുടെ മേല്‍നോട്ടത്തിലാണ് ചോദ്യകടലാസ്സ് നിര്‍മ്മാണം നടത്തുന്നത്. ഓരോ വിഷയത്തിനും 6 വരെ സെറ്റ് ചോദ്യക്കടലാസുകള്‍ നിര്‍മ്മിക്കാറുണ്ട്. അതില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഒരു ചോദ്യപേപ്പറാണ് പരീക്ഷയ്ക്ക് ഉപയോഗിക്കുക. ചോദ്യ കടലാസ് നിര്‍മ്മിക്കുന്ന ആള്‍ തന്നെ ആയതിന്റെ ഉത്തരസൂചികയും തയാറാക്കി നല്‍കുന്നുണ്ട്. എന്നിരുന്നാലും മാനുഷികമായി സംഭവിച്ചേക്കാവുന്ന എന്തെങ്കിലും പിശകുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനായി പരീക്ഷയ്ക്ക് ശേഷം തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപകരുടെ മേല്‍ നോട്ടത്തില്‍ അത് പുന:പരിശോധന നടത്താറുണ്ട്. അത്തരത്തില്‍ പുനപരിശോധനയ്ക്ക് നിയോഗിക്കപ്പെട്ട സമിതി തയ്യാറാക്കി നല്‍കുന്ന ഉത്തരസൂചിക പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഈ വര്‍ഷത്തെ കെമിസ്ട്രി ഉത്തരസൂചികയില്‍ ചോദ്യപേപ്പറിലെ മാര്‍ക്കുകളേക്കാള്‍ കൂടുതല്‍ മാര്‍ക്കുകള്‍ നല്‍കുന്ന രീതിയിലും അനര്‍ഹമായി മാര്‍ക്ക് നല്‍കാവുന്ന രീതിയിലും ക്രമീകരിച്ചത് ശ്രദ്ധയില്‍പ്പെടുകയുണ്ടായി.

കഴിഞ്ഞ വര്‍ഷം ഫിസിക്‌സ് ഉത്തര സൂചിക തയ്യാറാക്കിയപ്പോള്‍ നടന്ന ക്രമക്കേട് ഉണ്ടാകാതിരിക്കുന്നതിനായി ഇപ്പോഴത്തെ ഉത്തര സൂചിക പരിശോധിക്കുന്ന വേളയിലാണ് കെമിസ്ട്രി വിഷയത്തിലെ ഉത്തര സൂചികയിലുള്ള ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെടുന്നത് . കഴിഞ്ഞ വര്‍ഷം ഫിസിക്‌സ് വിഷയത്തില്‍ ക്രമക്കേട് നടത്തിയ അധ്യാപകര്‍ ക്കെതിരെ നടപടി സ്വീകരിച്ച് വരികയാണ് .

കഴിഞ്ഞ വര്‍ഷം ഫിസിക്‌സില്‍ ഉണ്ടായ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ എല്ലാ വിഷയത്തിന്റെയും ഉത്തരസൂചികയില്‍ പ്രാഥമിക പരിശോധന നടത്തിയിട്ടുണ്ട് . അതില്‍ കെമിസ്ട്രി ഉത്തര സൂചികയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട് , പരീക്ഷയുടെ രഹസ്യ സ്വഭാവം കാത്ത് സൂക്ഷിക്കേണ്ടത് ഉള്ളതുകൊണ്ട് അക്കാര്യങ്ങളെ കുറിച്ച് ഇവിടെ വിശദമായി പറയുന്നില്ല .


കെമിസ്ട്രി ഉത്തര സൂചികയില്‍ അപാകതകള്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ചെയര്‍മാന്റെ വിവേചന അധികാരം ഉപയോഗിച്ച് ചോദ്യകര്‍ത്താവ് നല്‍കിയ ഉത്തര സൂചിക 26 04 2022 ന് പ്രസിദ്ധീകരിച്ചു . വേഗത്തില്‍ പരാതികള്‍ അറിയിക്കാനുള്ള ധാരാളം സംവിധാനങ്ങള്‍ ഉണ്ടായിട്ടും മൂല്യനിര്‍ണയ ദിവസം വരെ ഒരുവിധത്തിലും ഒരു പരാതിയും ആരും നല്‍കിയില്ല . പഠിച്ച് പരീക്ഷ എഴുതിയ കുട്ടികള്‍ക്ക് നീതിപൂര്‍വവും ന്യായവും അര്‍ഹവുമായ മാര്‍ക്ക് ലഭിക്കുന്നതിനു വേണ്ടിയുളള കാര്യമാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചെയ്യുന്നത് .

മൂല്യനിര്‍ണയം തുടങ്ങിയ ഏപ്രില്‍ 28 മുതല്‍ മൂന്നു ദിവസമായി പരീക്ഷാ ജോലിയില്‍ നിന്ന് ഒരു വിഭാഗം അധ്യാപകര്‍ വിട്ടുനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് .ഇതു സംബന്ധിച്ച് ആരുടെയും രേഖാമൂലമായ അറിയിപ്പ് ലഭിച്ചിട്ടില്ല .ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍  ഒരു അറിയിപ്പ് നല്‍കിയിട്ടുണ്ട് . അറിയിപ്പില്‍ പരീക്ഷാ ജോലിയില്‍ നിന്ന് അധ്യാപകര്‍ വിട്ടുനില്‍ക്കാന്‍ പാടില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട് . ഇതിനു പിന്നാലെ പരീക്ഷാ ബോര്‍ഡ് സെക്രട്ടറി മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധമാണെന്നും അതില്‍ പങ്കെടുക്കാതിരുന്നത് കോടതി അലക്ഷ്യം ആണെന്നുമുള്ള ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി സര്‍ക്കുലര്‍ 29 04 2022 തിയ്യതിയില്‍ പുറപ്പെടുവിച്ചു .കോടതി ഉത്തരവ് നിലവിലിരിക്കെ ബഹിഷ്‌കരണം നടക്കുമ്പോള്‍ എന്ത് കൊണ്ട് നടപടി എടുത്തില്ല എന്ന ചോദ്യം ഉയരും . അധ്യാപകര്‍ കോടതി അലക്ഷ്യ നടപടികളില്‍ പെട്ടുപോകാതിരിക്കാനാണ് വിശദമായ സര്‍ക്കുലര്‍ നല്‍കിയത് .  ഉത്തര സൂചിക അന്തിമമാക്കാന്‍ നിയോഗിക്കപ്പെട്ട 12 അധ്യാപകര്‍ക്ക് അച്ചടക്ക നടപടികളുടെ ഭാഗമായി മെമ്മോ നല്‍കിയിട്ടുണ്ട് .

വിദ്യാര്‍ത്ഥികളുടെ ഭാവിയും രക്ഷിതാക്കളുടെ മാനസിക സംഘര്‍ഷവും ഏറ്റവും ഗൗരവമായി കാണുന്നു . ഇതിന്റെ അടിസ്ഥാനത്തില്‍ കെമിസ്ട്രി ഉത്തര സൂചിക പുനഃപരിശോധിച്ച് തയ്യാറാക്കി നല്‍കുന്നതിനായി സര്‍ക്കാര്‍ 15 അധ്യാപകരെ നിയോഗിച്ച് ഉത്തരവായിട്ടുണ്ട് . അതില്‍ മൂന്ന് പേര്‍ ഗവേഷണ ബിരുദമുള്ള കോളേജ് അധ്യാപകര്‍ ആണ് . ചില അധ്യാപകര്‍ നടത്തുന്ന കെമിസ്ട്രി പരീക്ഷാ മൂല്യനിര്‍ണയ ബഹിഷ്‌ക്കരണം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനായി പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐ എ എസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട് . കെമിസ്ട്രി പരീക്ഷാ മൂല്യനിര്‍ണയം പുതുക്കിയ ഉത്തരസൂചിക പ്രകാരം 04 05 2022 ന് പുന:രാരംഭിക്കും . ഇതിനകം മൂല്യനിര്‍ണയം നടന്ന ഉത്തരക്കടലാസുകള്‍ ഒന്നുകൂടി പരിശോധിക്കും . ഫിസിക്‌സ് , കെമിസ്ട്രി , മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ക്ക് ഇരട്ട മൂല്യ നിര്‍ണയമാണ് ഉള്ളത് .  അത് കൊണ്ട് തന്നെ വിദ്യാര്‍ത്ഥിക്ക്       അര്‍ഹതപ്പെട്ട അര മാര്‍ക്ക് പോലും നഷ്ടമാകില്ല .

ഗുണമേന്മാ വിദ്യാഭ്യാസത്തിനായി ശുപാര്‍ശ ചെയ്ത ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ഏകീകരണ നടപടികള്‍ പുരോഗമിക്കുകയാണ് . ഇതിന്റെ അടിസ്ഥാനത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ തങ്ങളുടെ പ്രസക്തി നഷ്ട്‌പ്പെടുമെന്ന് ഭയക്കുന്ന ചിലര്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട് .പരീക്ഷാ സംബന്ധിയായി ഉണ്ടായിട്ടുള്ള വ്യാജ പ്രചരണങ്ങള്‍ ഇതിന്റെ കൂടി ഭാഗമാണ് .

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com