ഇടതു സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിന് ഇറങ്ങും; കോണ്‍ഗ്രസ് വിടില്ല: കെ വി തോമസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th May 2022 12:51 PM  |  

Last Updated: 10th May 2022 12:51 PM  |   A+A-   |  

kv_thomas

ഫയല്‍ ചിത്രം

 

കൊച്ചി: തൃക്കാക്കരയില്‍ ഇടതുസ്ഥാനാര്‍ത്ഥി ജോ ജോസഫിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് പ്രൊഫ. കെ വി തോമസ്. വികസന രാഷ്ട്രീയത്തിനൊപ്പം നില്‍ക്കും. അതില്‍ രാഷ്ട്രീയം കാണേണ്ടതില്ല. വികസനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ചത് ശരിയാണ്. ആ നിലപാടില്‍ തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നതെന്ന് കെ വി തോമസ് പറഞ്ഞു. 

കോവിഡ് കാലത്തെ പ്രവര്‍ത്തനത്തിലും വികസനകാര്യത്തിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന് തുറന്നു പറഞ്ഞതു കൊണ്ട് കോണ്‍ഗ്രസ് വിരുദ്ധനാകുമോയെന്നും കെ വി തോമസ് ചോദിച്ചു. കോണ്‍ഗ്രസ് സംസ്‌കാരമാണ് തന്റേത്. കോണ്‍ഗ്രസ് വിടില്ല. മറ്റൊരു പാര്‍ട്ടിയിലേക്കുമില്ല.  തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ നിലപാട് നാളെ വിശദീകരിക്കുമെന്നും കെ വി തോമസ് വ്യക്തമാക്കി. 

കാലങ്ങളായി തന്നെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് നേതാക്കള്‍ മാറ്റി നിര്‍ത്തി. എന്നിട്ടും താന്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനായി പാര്‍ട്ടിയില്‍ തുടര്‍ന്നു. ഇപ്പോഴും എഐസിസി അംഗമാണ്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും പുതുക്കി.പക്ഷേ, പാര്‍ട്ടിയുടെ ഒരു പരിപാടിയും അറിയിക്കുന്നില്ല. ഒരു പരിപാടിയിലേക്കും വിളിക്കുന്നില്ല. കടുത്ത അവഗണനയാണ് നേരിടുന്നത്. ഇടതുപക്ഷത്തിനായി രംഗത്തിറങ്ങാന്‍ എന്നെ നിര്‍ബന്ധിതനാക്കിയത് കോണ്‍ഗ്രസ് നേതൃത്വമാണെന്ന് കെ വി തോമസ് കുറ്റപ്പെടുത്തി. 

ഇന്നത്തെ കോണ്‍ഗ്രസ് താന്‍ കണ്ട കോണ്‍ഗ്രസ് അല്ല. വൈരാഗ്യബുദ്ധിയോടെ പ്രവര്‍ത്തകരെ വെട്ടിനിരത്തുന്ന പാര്‍ട്ടിയായി മാറി. ചര്‍ച്ചയില്ലാതെ പാര്‍ട്ടിയില്‍ എങ്ങനെ നില്‍ക്കും. താന്‍ എടുക്കാ ചരക്കാണോയെന്ന് എറണാകുളത്തെ ജനം തീരുമാനിക്കുമെന്നും കെ വി തോമസ് പറഞ്ഞു. തനിക്കെതിരെ പറയുന്നവര്‍ പലരും എടുക്കാ ചരക്കല്ലേയെന്ന് കെ മുരളീധരനെ സൂചിപ്പിച്ച്  കെ വി തോമസ് പറഞ്ഞു.
 

ഈ വാര്‍ത്ത കൂടി വായിക്കാം

നല്ല ഭക്ഷണം നല്‍കുന്നവര്‍ 'ഗ്രീന്‍ പട്ടിക'യില്‍; ഹോട്ടലുകളെ തരംതിരിക്കുമെന്ന് മന്ത്രി വീണാജോര്‍ജ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ