വിസിമാരുടെ ശമ്പളം തിരികെ പിടിക്കാന്‍ ഗവര്‍ണര്‍; നിയമോപദേശം തേടി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 02nd November 2022 01:53 PM  |  

Last Updated: 02nd November 2022 01:53 PM  |   A+A-   |  

governor

​ഗവർണർ, ഫയല്‍ ചിത്രം

 

തിരുവനന്തപുരം: യുജിസി ചട്ടപ്രകാരമല്ലാതെ നിയമിതരായ എട്ടു വൈസ് ചാന്‍സലര്‍മാരുടെ ശമ്പളം തിരികെ പിടിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്ഭവന്‍ നിയമോപദേശം തേടി. നിയമനം ലഭിച്ചതു മുതല്‍ വാങ്ങിയ ശമ്പളം തിരികെ പിടിക്കുന്നതിന്റെ നിയമ സാധുതയാണ് രാജ്ഭവന്‍ പരിശോധിക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരിച്ചെത്തിയാല്‍ ഉടന്‍ ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കുമെന്നാണ് സൂചന.

യുജിസി ചട്ടപ്രകാരമല്ലാതെ നിയമനം നേടിയ വൈസ് ചാന്‍സലര്‍മാര്‍ക്കു ഗവര്‍ണര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ജോയില്‍നിന്നു പിരിച്ചുവിടാതിരിക്കാന്‍ കാരണുണ്ടെങ്കില്‍ അറിയിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഇതിനു മറുപടി നല്‍കുന്നതിനുള്ള കാലാവധി നാളെ തീരാനിരിക്കെയാണ്, ഗവര്‍ണറുടെ പുതിയ നീക്കം. വിസിമാരുടെ ശമ്പളം തിരികെ പിടിക്കുന്നത് നിയമപരമാണോയെന്നാണ് ഗവര്‍ണര്‍ ആരായുന്നത്. 

അതിനിടെ, ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചു. കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന്‍ അടക്കം ഏഴ് വൈസ് ചാന്‍സലര്‍മാരാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. 

പുറത്താക്കാതിരിക്കാന്‍ കാരണം ചോദിക്കാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്ന് വിസിമാര്‍ ഹര്‍ജിയില്‍ പറയുന്നു. അന്വേഷണം നടത്തി തെറ്റ് കണ്ടെത്തിയാല്‍ മാത്രമേ പുറത്താക്കാനാകൂ. അതിനാല്‍ തന്നെ ചാന്‍സലറുടെ കാരണം കാണിക്കല്‍ നോട്ടീസ് നിയമവിരുദ്ധമാണ്. ഈ നോട്ടീസ് റദ്ദാക്കണമെന്നും വിസിമാര്‍ ആവശ്യപ്പെടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സര്‍ക്കാര്‍ മുട്ടു മടക്കി; വിരമിക്കല്‍ പ്രായം ഉയര്‍ത്തിയതു മരവിപ്പിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ