'കേരളാ പൊലീസ് നിയമം കൊളോണിയന്‍ പിന്‍ഗാമി'; സുപ്രീം കോടതി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th November 2022 08:08 PM  |  

Last Updated: 09th November 2022 08:08 PM  |   A+A-   |  

SupremeCourtofIndia

സുപ്രീം കോടതി /ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: കൊളോണിയല്‍ കാലത്തെ പോലീസ് നിയമങ്ങളുടെ പിന്‍ഗാമിയാണ് കേരള പൊലീസെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. കേരള പൊലീസ് നിയമം ക്രമസമാധാന പാലനത്തിന് വേണ്ടിയുള്ളതാണെന്നും ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരേ ചുമത്തുന്നതല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ധര്‍ണ നടത്തിയതിന് കേരള പോലീസ് നിയമപ്രകാരം ലഭിച്ച ശിക്ഷ നാമനിര്‍ദേശ പത്രികയില്‍ വെളിപ്പടുത്താത്തത് തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ മതിയായ കാരണമല്ലെന്നും സുപ്രീം കോടതി വിധിച്ചു. 

2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ അന്നമട ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ മത്സരിച്ച രവി നമ്പൂതിരിയുടെ വിജയം അസാധുവാക്കി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. നാമനിര്‍ദേശ പത്രികയുടെ ഫോം 2 എ യില്‍ ക്രിമിനല്‍ കേസില്‍ ശിക്ഷിച്ചത് രേഖപ്പെടുത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കോടതി രവി നമ്പൂതിരിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയത്. ഇത് പിന്നീട് ഹൈക്കോടതിയും ശരിവെക്കുകയായിരുന്നു.

2006ല്‍ അന്നമട ഗ്രാമ പഞ്ചായത്തിന് മുന്നില്‍ കുടില്‍കെട്ടി ധര്‍ണ നടത്തിയെന്ന കേസിലാണ് രവി നമ്പൂതിരിയെ ശിക്ഷിച്ചിരുന്നത്. പണിമുടക്ക് തൊഴിലാളിയുടെയും ലോക് ഔട്ട് ഫാക്ടറി ഉടമയുടെയും ആയുധംപോലെ പൗരസമൂഹത്തിന്റെ ആയുധമാണ് പ്രതിഷേധിക്കാനുള്ള അവകാശമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അഴിമതി നിരോധന നിയമം, ആയുധ നിയമം എന്നിവ ചുമത്തപ്പെട്ട കേസുകളില്‍ പ്രതികളായി ശിക്ഷ ലഭിക്കുന്നവരെ പോലെ കേരള പോലീസ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷിക്കപ്പെടുന്നവരെ കാണാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ ബാബരി മസ്ജിദ് ഗൂഢാലോചന: അഡ്വാനി ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരായ അപ്പീല്‍ ഹൈക്കോടതി തള്ളി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ