ഏഴു കോടിയുടെ ലഹരിക്കേസിൽ അറസ്റ്റിലായി, ജാമ്യത്തിൽ ഇറങ്ങി വീണ്ടും മയക്കുമരുന്നു കച്ചവടം;  ബെം​ഗളൂരുവിൽ മലയാളി ദമ്പതികൾ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th November 2022 07:37 AM  |  

Last Updated: 17th November 2022 07:37 AM  |   A+A-   |  

drug_case_bengaluru

അറസ്റ്റിലായ സി​ഗിലും വിഷ്ണു പ്രിയയും

 

ബെം​ഗളൂരു; ഏഴുകോടിയുടെ മയക്കുമരുന്നു കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങി വീണ്ടും മയക്കുമരുന്നു കച്ചവടം നടത്തിയ  ടാറ്റൂ ആർട്ടിസ്റ്റുകളായ മലയാളി ദമ്പതികൾ അറസ്റ്റിൽ. കോട്ടയം സ്വദേശി സിഗിൽ വർഗീസ് മാമ്പറമ്പിൽ (32), കോയമ്പത്തൂർ സ്വദേശി വിഷ്ണു പ്രിയ (22) എന്നിവരാണ് ബെം​ഗളൂരുവിൽ അറസ്റ്റിലായത്. 

കഴിഞ്ഞ മാർച്ചിലാണ് 7 കോടി രൂപ വിലമതിക്കുന്ന 12 കിലോഗ്രാം ഹാഷിഷ് ഓയിലുമായി ഇവർ അറസ്റ്റിലാവുന്നത്. ജാമ്യം നേടി പുറത്തിറങ്ങിയ ശേഷവും ഇവർ മയക്കുമരുന്ന് കച്ചവടം തുടർന്നതായി പൊലീസ് പറഞ്ഞു. നോർത്ത് ബെംഗളൂരുവിലെ കോതനൂരിൽ വീടെടുത്ത് താമസിച്ചുവരുകയായിരുന്നു. പരപ്പന അഗ്രഹാരയിൽ മയക്കുമരുന്ന് ഇടപാട് നടത്തിയതിനാണ് ഇവർ തിങ്കളാഴ്ച അറസ്റ്റിലായത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നാണ് സംഘം മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. 

കൊളജ് വിദ്യാർഥികൾക്കാണ് മയക്കുമരുന്ന് വിൽപന നടത്തി വരുന്നതിനിടെയാണ്  സി​ഗിലും വിഷ്ണു പ്രിയയും ഇവരുടെ സഹായിയുമായ വിക്രവും അറസ്റ്റിലാവുന്നത്. കഴിഞ്ഞ മാർച്ചിൽ ബിടിഎം ലേഔട്ടില്‍നിന്ന് 80 ഗ്രാം ഹാഷിഷ് ഓയിലുമായി വിക്രം പൊലീസിന്റെ പിടിയിലായതോടെയാണ് മയക്കുമരുന്ന് ശൃംഖലയെകുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഇയാള്‍ നല്‍കിയ മൊഴിയെത്തുടര്‍ന്ന് വിഷ്ണുപ്രിയയുടെയും സിഗിലിന്റെയും വീട്ടില്‍ പൊലീസ് പരിശോധന നടത്തി ഏഴുകോടിയോളം വിലമതിക്കുന്ന 12 കിലോ ഹാഷിഷ് ഓയില്‍ കണ്ടെത്തുകയായിരുന്നു.

ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ ഒന്നിച്ച് പഠിച്ചവരാണ് വിഷ്ണുപ്രിയയും സിഗിലും. പിന്നീട് വാടകവീടെടുത്ത് ടാറ്റൂ ആര്‍ട്ടിസ്റ്റുകളായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. 2020 മുതലാണ് ഇവര്‍ മയക്കുമരുന്ന് ഇടപാടുകളിലേക്ക് തിരിഞ്ഞതെന്ന് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിശ്വസ്തൻ ചമഞ്ഞ് കൂടെക്കൂടി, മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ഡോക്ടറുടെ 19 ലക്ഷം തട്ടി; ഓട്ടോ ഡ്രൈവർ പിടിയിൽ​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ