കുന്നിനപ്പുറമുള്ള വീട്, വീട്ടുകാർ തമ്മിലുള്ള അടുപ്പം വിവാഹത്തിലെത്തി; വിനോദിനിയെ കൈപിടിച്ചേൽപ്പിച്ചത് പാർട്ടി

അർബുദം വലിഞ്ഞു മുറുകുമ്പോഴും കോടിയേരിക്ക് ആശ്വാസമായി വിനോദിനി ഉണ്ടായിരുന്നു
ചിത്രം: ഫെയ്സ്ബുക്ക്
ചിത്രം: ഫെയ്സ്ബുക്ക്

കോടിയേരി ബാലകൃഷ്ണൻ അപ്പോളോ ആശുപത്രിയിൽ ചികിത്സ തേടി ആഴ്ചകൾക്കു ശേഷമാണ് കേരളത്തിന് ആശ്വാസമായി ഒരു ഫോട്ടോ എത്തുന്നത്. വിനോദിനിക്കൊപ്പം ചിരിച്ച് ഇരിക്കുന്ന കോടിയേരിയുടെ ചിത്രം. അർബുദം വലിഞ്ഞു മുറുകുമ്പോഴും കോടിയേരിക്ക് ആശ്വാസമായി വിനോദിനി ഉണ്ടായിരുന്നു. ഇവർ തമ്മിലുള്ള ബന്ധത്തിന് വർഷത്തിന്റെ കണക്കുകളില്ല. ജനിച്ച അന്നു മുതലുള്ളതാണ് ഈ കൂട്ട്. 

തലശ്ശേരിക്കടുത്ത് മാടപ്പീടികയിലെ കോടിയേരിയുടെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ മാത്രമേ വിനോദിനിയുടെ വീട്ടിലേക്കുണ്ടായിരുന്നുള്ളൂ. രണ്ടു വീടുകൾക്കും ഇടയിലായി ഒരു കുന്നുണ്ടായിരുന്നു. എന്നാൽ ഒരിക്കലും ഈ കുടുംബങ്ങൾ തമ്മിലുള്ള അടുപ്പത്തിനോ കോടിയേരിയും വിനോദിനിയും തമ്മിലുള്ള സ്നേഹത്തിനോ ഈ കുന്ന് തടസമായിരുന്നില്ല. 

തലശ്ശേരി എംഎൽഎയായിരുന്ന സിപിഎം നേതാവ് എംവി രാജഗോപാലന്റെ മകളാണ് വിനോദിനി. രാജഗോപാലന്റെ സന്തത സഹചാരിയായിരുന്നു കോടിയേരി. രാഷ്ട്രീയത്തിൽ തന്റെ ശിഷ്യൻ എന്ന സ്ഥാനമായിരുന്നു രാജ​ഗോപാലൻ കോടിയേരിക്ക് കൊടുത്തിരുന്നത്.  രണ്ടു കുടുംബങ്ങളും തമ്മിൽ വളരെ അടുപ്പമായിരുന്നതിനാൽ കോടിയേരിയുടെയും വിനോദിനിയുടെയും വിവാഹത്തിനു മുന്നിൽ തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ല. പ്രണയ വിവാഹമായിരുന്നോ എന്നു ചോദിച്ചാൽ അല്ലെന്നോ ആണെന്നോ പറയാൻ പറ്റാത്ത അടുപ്പമായിരുന്നു ഇരുവർക്കും തമ്മിൽ. 

1980ലാണ് കോടിയേരിയും വിനോദിനിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ആ സമയത്ത് കോടിയേരി ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡന്റായിരുന്നു. ഇരുവരേയും ചേർത്തു വയ്ക്കുന്നതും പാർട്ടി തന്നെയാണ്. തലശ്ശേരി ടൗൺ ഹാളിൽ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എ.വി.കുഞ്ഞമ്പുവിന്റെ കാർമികത്വത്തിലായിരുന്നു പാർട്ടി രീതിയിൽ നടന്ന ലളിതമായാണ് വിവാഹം നടന്നത്. നാലു പതിറ്റാണ്ടു നീണ്ട വിവാഹജീവിതത്തിന് ഒടുവിൽ വിനോദിനിയെ തനിച്ചാക്കി പ്രിയ സഖാവ് വിടപറഞ്ഞിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com