'നേതൃപദവി ആഡംബരമല്ല; യുദ്ധത്തില്‍ പരാജയപ്പെട്ടാല്‍ സേനാ നായകന്‍ സ്ഥാനത്ത് തുടരില്ല': ഡി രാജയ്ക്ക് എതിരെ സിപിഐ കേരള ഘടകം
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th October 2022 07:51 PM |
Last Updated: 16th October 2022 07:51 PM | A+A A- |

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന്/എക്‌സ്പ്രസ് ഫോട്ടോ
വിജയവാഡ: സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ ദേശീയനേതൃത്വത്തിനും ജനറല്‍ സെക്രട്ടറി ഡി രാജയ്ക്കും എതിരെ കേരള ഘടകം. കേന്ദ്രനേതൃത്വത്തിന്റേത് അലസമായ സമീപനമാണ്. യുദ്ധത്തില്‍ പരാജയപ്പെട്ടാല്‍ സേനാനായകന്‍ ആ സ്ഥാനത്ത് തുടരില്ലെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് മന്ത്രി പി പ്രസാദ് വിമര്‍ശനം ഉന്നയിച്ചു.
സിപിഐ നേതൃപദവിയെന്നാല്‍ ആഡംബബര പദ്ധതിയല്ല. ഉത്തരവാദിത്തമുള്ളതാണ് നേതൃപദവിയെന്നും പി പ്രസാദ് വിമര്‍ശിച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഡി രാജ തുടരണോയെന്ന കാര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമെടുക്കാനിരിക്കെയാണ് കേരള ഘടകം രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്.
ബിജെപി വിരുദ്ധ ബദല്‍ സഖ്യത്തിന്റെ കാര്യത്തില്‍ വ്യക്തത വേണമെന്നും സംസ്ഥാന ഘടകം ആവശ്യമുന്നയിച്ചു. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് കേരള ഘടകം ആവശ്യപ്പെട്ടു. പാര്‍ട്ടി കോണ്‍ഗ്രസ് രാഷ്ട്രീയ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ കേരളത്തെ പ്രതിനിധീകരിച്ച രാജാജി മാത്യു തോസമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സഖ്യമുണ്ടാക്കണം. പ്രാദേശിക പാര്‍ട്ടികളും കോണ്‍ഗ്രസും അടക്കമുള്ള ദേശീയ കക്ഷികളും ചേര്‍ന്ന് മാത്രമേ ബിജെപി വിരുദ്ധ ബദല്‍ രൂപീകരിക്കാന്‍ സാധിക്കുള്ളുവെന്നും കേരള ഘടകം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് സഹകരണത്തില്‍ സിപിഎമ്മിനെ പോലെ ഒളിച്ചുകളി വേണ്ടെന്നും കേരള ഘടകം ആവശ്യപ്പെട്ടു.
നേരത്തെ, സംസ്ഥാന സമ്മേളനത്തിലും ദേശീയ നേതൃത്വത്തിന് എതിരെ കേരള ഘടകം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ദേശീയനേതൃത്വം പരാജയമാണ് എന്നായിരുന്നു സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനം. രാജ്യത്ത് അരശതമാനം വോട്ടുണ്ടാക്കിയ ശേഷമാകാം ബദല്‍ നീക്കം എന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ വിമര്‍ശനം.
ഈ വാർത്ത കൂടി വായിക്കൂ സിപിഎമ്മിനെ പോലെ ഒളിച്ചുകളി വേണ്ട; കോണ്‍ഗ്രസ് സഖ്യത്തില്‍ വ്യക്തത വേണം, സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള ഘടകം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ