സഹപാഠി നല്‍കിയ ശീതളപാനീയം കുടിച്ചു കുഴഞ്ഞുവീണു; ചികിത്സയിലായ 11കാരന്‍ മരിച്ചു  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th October 2022 05:11 PM  |  

Last Updated: 17th October 2022 05:11 PM  |   A+A-   |  

acid attack

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സഹപാഠി നല്‍കിയ ശീതളപാനീയം കുടിച്ച കന്യാകുമാരി സ്വദേശിയായ 6ാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. പതിനൊന്നുകാരനായ കളിയാക്കാവിള സ്വദേശി അശ്വിനാണ് മരിച്ചത്. ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.  കൊല്ലങ്കോടിനു സമീപം അതംകോട് മായാകൃഷ്ണസ്വാമി വിദ്യാലയത്തില്‍ കഴിഞ്ഞ മാസം 24നായിരുന്നു സംഭവം.

പരീക്ഷ എഴുതിയ ശേഷം ശുചിമുറിയില്‍ പോയി മടങ്ങുമ്പോള്‍ ഒരു വിദ്യാര്‍ഥി തനിക്കു ശീതളപാനീയം നല്‍കിയെന്നാണു കുട്ടി വീട്ടില്‍ അറിയിച്ചത്. രുചി വ്യത്യാസം തോന്നിയതിനാല്‍ കുറച്ചു മാത്രമേ കുടിച്ചുള്ളൂവെന്നും പറഞ്ഞിരുന്നു. പിറ്റേന്നു പനിയെത്തുടര്‍ന്നു സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. 2 ദിവസം കഴിഞ്ഞപ്പോള്‍ കടുത്ത വയറുവേദന, ഛര്‍ദി, ശ്വാസംമുട്ടല്‍ തുടങ്ങിയവ അനുഭവപ്പെടുകയും കുട്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

അശ്വിന്റെ ഇരുവൃക്കകളും പ്രവര്‍ത്തിച്ചിരുന്നില്ല. തുടര്‍ന്നു ഡയാലിസിസ് നടത്തി. പരിശോധനയില്‍ ആസിഡ് ഉള്ളില്‍ ചെന്നതു കണ്ടെത്തി. അന്നനാളം, കുടല്‍ തുടങ്ങിയ ആന്തരികാവയവങ്ങളില്‍ പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് എടുത്തിരുന്നു

മനുഷ്യജീവന്‍ അപകടത്തിലാക്കുക എന്ന ഉദ്ദേശ്യത്തോടെ വിഷപദാര്‍ഥം നല്‍കിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 328ാം വകുപ്പാണ് തമിഴ്‌നാട് പൊലീസ് ചുമത്തിയിരിക്കുന്നത്. 10 വര്‍ഷം വരെ കഠിനതടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. സ്‌കൂളിലെ സിസി ടിവി പ്രവര്‍ത്തിച്ചിരുന്നില്ല.

ഈ വാർത്ത കൂടി വായിക്കൂ 

അംഗനവാടിയില്‍ കയറി കഞ്ഞിവച്ച് കഴിച്ച് മോഷണം; പ്രതി പിടിയില്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ