'ബിഷപ്പുമാരെ ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ല': മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 04th September 2022 04:58 PM  |  

Last Updated: 04th September 2022 04:58 PM  |   A+A-   |  

vd_satheesan_new

വി ഡി സതീശന്‍/ഫയല്‍ ചിത്രം


തിരുവനന്തപുരം: വിഴിഞ്ഞം തുറമഖ പദ്ധതിക്ക് എതിരായ സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കത്ത്. ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ്പിനെയും മുന്‍ ആര്‍ച്ച് ബിഷപ്പിനെയും ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ലെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞു. സമരം ഒഴിവാക്കാന്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം. വിഴിഞ്ഞം സമരം ശാശ്വതമായി പരിഹരിക്കാന്‍ സമര സമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍  സമരം തുടങ്ങിയിട്ട് മൂന്നാഴ്ചയായി. തിങ്കളാഴ്ച മുതല്‍ മുല്ലൂരിലെ സമര കവാടത്തില്‍ ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോയുടേയും മുന്‍ ആര്‍ച്ച് ബിഷപ്പ് സൂസെപാക്യത്തിന്റേയും നേതൃത്വത്തില്‍ ഉപവാസ സമരം ആരംഭിക്കുകയാണ്. ബിഷപ്പുമാരേയും അല്‍മായരേയും ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ല. സമരം ഒഴിവാക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.- വി ഡി സതീശന്‍ കത്തില്‍ പറഞ്ഞു. 

ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ച് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ഒത്തു തീര്‍പ്പാക്കാന്‍ മന്ത്രി തല സമിതി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. മന്ത്രിതല സമിതിയുടെ ചര്‍ച്ചകള്‍ കൊണ്ട് പ്രശ്‌നപരിഹാരം ഉണ്ടാകുമെന്ന് കരുതാനാകില്ല. ഈ സാഹചര്യത്തില്‍ സമര നേതൃത്വവുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തുകയാണ് അഭികാമ്യം. വിഴിഞ്ഞം സമരം ശാശ്വതമായി പരിഹരിക്കുന്നതിന് സമര നേതൃത്വവുമായി എത്രയും വേഗം മുഖ്യമന്ത്രി ചര്‍ച്ച നടത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ കോഴിക്കോട് തെരുവുനായ ആക്രമണം; മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ആശുപത്രിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ