'ചോദ്യം ചെയ്യുമ്പോള്‍ ചോക്ലേറ്റ് പോലെ എന്തോ നല്‍കി'; തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്, വിട്ടയച്ചില്ലെങ്കില്‍  മാര്‍ച്ച്: സുധാകരന്‍

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 22nd September 2022 04:34 PM  |  

Last Updated: 22nd September 2022 04:34 PM  |   A+A-   |  

k_sudhakaran

കെ സുധാകരന്‍ / ഫയല്‍


കൊച്ചി: എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിന്‍ നിരപരാധിയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എകെജി സെന്ററിലേക്ക് ബോംബെറിഞ്ഞു എന്നത് ശുദ്ധ നുണയാണെന്നും സുധാകരന്‍ പറഞ്ഞു.

ജിതിനെ ചോദ്യം ചെയ്യുന്നതിനിടെ ചോക്ലേറ്റില്‍ മായം കലര്‍ത്തി മയക്കി. ജിതിനെ വിട്ടയച്ചില്ലെങ്കില്‍ നാളെ പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തും. തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്നും സുധാകരന്‍ പറഞ്ഞു. 

'ഒരു ചെറുപ്പക്കാരനെ എസ്പിയുടെ മുന്നിലിരുത്തി ചോക്ലേറ്റ് പോലൊരു സാധനം കൊടുത്ത് അവന്റെ ബോധ മനസ്സിനെ തള്ളി അവന്‍ എന്തൊക്കെയോ വായില്‍ തോന്നിയത് വിളിച്ചു പറയുകയാണ് ചെയ്തത്. അതുപോലെ തന്നെ ചോക്ലേറ്റിന്റെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ച വേറെയും ഒന്നുരണ്ട് കുട്ടികളുണ്ട്. പ്രവര്‍ത്തകരെ പ്രതിയാക്കുന്ന പൊലീസിന്റെ നടപടി കോണ്‍ഗ്രസ് നോക്കിയിരിക്കുമെന്ന് പിണറായി വിജയനും സിപിഎമ്മും കരുതരുത്. എകെജി സെന്ററല്ല, അതിന്റപ്പുറത്തെ സെന്റര്‍ വന്നാലും ഞങ്ങള്‍ക്കത് പ്രശ്‌നമല്ല. ഞങ്ങള്‍ക്ക് എകെജി സെന്ററിന് നേരെ ഓലപ്പടക്കം എറിയേണ്ട കാര്യമില്ല.'- കെ സുധാകരന്‍ പറഞ്ഞു. 

യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റായ മണ്‍വിള സ്വദേശി ജിതിനെയാണ് എകെജി സെന്റര്‍ ആക്രമണക്കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിന്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍ രേഖകള്‍ എന്നിവ ആധാരമാക്കിയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് െൈക്രംബ്രാഞ്ച് നീക്കം.

ജൂണ്‍ 30ന് രാത്രിയാണ് സിപിഎം സംസ്ഥാന സമിതി ഓഫിസായ തിരുവനന്തപുരത്തെ എകെജി സെന്ററിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞത്. സംഭവം നടന്ന് രണ്ടര മാസം കഴിഞ്ഞാണ് പ്രതിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ എകെജി സെന്റര്‍ ആക്രമണം: ജിതിന്‍ കുറ്റം സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച്; അറസ്റ്റ് രേഖപ്പെടുത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ