നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ നാളെ ഹര്‍ത്താല്‍; വ്യാപക പ്രതിഷേധവുമായി പോപ്പുലര്‍ ഫ്രണ്ട്
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd September 2022 10:22 AM |
Last Updated: 22nd September 2022 10:22 AM | A+A A- |

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍
കൊച്ചി: എന്‍ഐഎ കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ നാളെ ഹര്‍ത്താല്‍ നടത്തുമെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍. പോപ്പുലര്‍ ഫ്രണ്ടിനെ തകര്‍ക്കുകയെന്ന ആര്‍എസ്എസ് അജന്‍ഡയാണ്
കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്. സംഘടനയെ നിരോധിക്കാനാണ് ലക്ഷ്യമെങ്കില്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാ മോദി സര്‍ക്കാര്‍ വന്നതിന് വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അതിന്റെ നേതാക്കന്‍മാരെയും പ്രവര്‍ത്തകരെയും വേട്ടയാടുന്ന നടപടിയാണ് രാജ്യത്ത് നടക്കുന്നത്. വേട്ടയാടി ഇല്ലാതാക്കുകയെന്നത് ആര്‍എസ്എസ് ലക്ഷ്യമാണ്. അത് നടപ്പാക്കുന്ന പണിയാണ് കേന്ദ്രഏജന്‍സി ചെയ്തു കൊണ്ടിരിക്കുന്നത്. നേതാക്കന്‍മാരെ വിട്ടുകിട്ടിയില്ലെങ്കില്‍ നാളെ ഹര്‍ത്താല്‍ ഉള്‍പ്പടെ ശക്തമായ പ്രതിഷേധം തുടരുമെന്നും സത്താര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ദേശീയ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമടക്കം 15 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ സംസ്ഥാനത്തുനിന്നും എന്‍ഐഎ കസ്റ്റഡിയിലെടുത്തു. ഒഎംഎ സലാമിനെയും സിപി മുഹമ്മദ് ബഷീറിനെയും നസറൂദ്ദീന്‍ എളമരത്തെയും മലപ്പുറത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാന കമ്മിറ്റി ഓഫിസിലെ മുന്‍ അക്കൗണ്ടന്റും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗവും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയും തൃശൂരില്‍ കസ്റ്റഡിയിലായി. എസ്ഡിപിഐ ജില്ലാ നേതാക്കളടക്കം മൂന്നുപേരെ കോട്ടയം ജില്ലയില്‍ നിന്നും എന്‍ഐഎ കസ്റ്റഡിയിലെടുത്തു.
സംസ്ഥാനത്ത് പുലര്‍ച്ചെ 4.30 നാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്( ഇഡി) എന്നീ കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് ആരംഭിച്ചത്. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. തീവ്രവാദത്തിന് പണം നല്‍കല്‍, പരിശീലനക്യാമ്പുകള്‍ നടത്തല്‍. തീവ്രവാദത്തിലേക്ക് ആളുകളെ ആകര്‍ഷിക്കല്‍ എന്നിവയില്‍ ഉള്‍പ്പെട്ടവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയതെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കേരളത്തില്‍ ഉള്‍പ്പെടെ രാജ്യമെമ്പാടും പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ എന്‍ഐഎ റെയ്ഡ് തുടരുകയാണ്. കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി തുടങ്ങി 13 സംസ്ഥാനങ്ങളിലായി നൂറിടങ്ങളില്‍ ഇഡി സഹകരണത്തോടെ റെയ്ഡ് നടത്തിയത്. ദേശീയ, സംസ്ഥാന നേതാക്കള്‍ അടക്കം നൂറിലേറെ പേരെ കസ്റ്റഡിയില്‍ എടുത്തു.
ഡല്‍ഹിയിലും തിരുവനന്തപുരത്തും റജിസ്റ്റര്‍ ചെയ്ത കേസുകളെ തുടര്‍ന്നാണ് പരിശോധന.പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകള്‍ക്കൊപ്പം ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളുടെ വീടുകളിലുമായി നൂറിലധികം സ്ഥലങ്ങളില്‍ റെയ്ഡ് തുടരുകയാണ്. കേന്ദ്ര സേനയുടെ സുരക്ഷയോടെയാണ് റെയ്ഡ്. നേതാക്കളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ