റെയ്ഡിന് മൊബൈൽ ജാമർ ഉൾപ്പെടെ സംവിധാനങ്ങൾ; രാത്രി ഏഴ് മണിക്ക് 'ഗജരാജ' വിമാനത്തിൽ വന്നിറങ്ങി

ലോക്കൽ പൊലീസിനെ റെയ്ഡ് വിവരം അറിയിച്ചെങ്കിലും വിശദ വിവരങ്ങൾ കൈമാറാതെയാണ് സംഘം എത്തിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോഴിക്കോട്: രാജ്യ വ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തുന്നതിന്റെ ഭാ​ഗമായി എൻഐഎ, ഇഡി ഉദ്യോഗസ്ഥ സംഘം കോഴിക്കോട് വന്നിറങ്ങിയത് വ്യോമസേനയുടെ ഗജരാജ വിമാനത്തിൽ. മൊബൈൽ ജാമറുൾപ്പെടെയുള്ള സംവിധാനങ്ങളുമായി ബുധനാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഘം വിമാനത്താവളത്തിലെത്തിയത്.

ലോക്കൽ പൊലീസിനെ റെയ്ഡ് വിവരം അറിയിച്ചെങ്കിലും വിശദ വിവരങ്ങൾ കൈമാറാതെയാണ് സംഘം എത്തിയത്. സിആർപിഎഫിനായിരുന്നു മുഖ്യ സുരക്ഷാ ചുമതല. വൻ പൊലീസ് സന്നാഹം റെയ്ഡ് നടന്നയിടങ്ങളിലെല്ലാം നിലയുറപ്പിച്ചിരുന്നു. 

മലപ്പുറം ജില്ലയിൽ ദേശീയ നേതാക്കൾ ഉൾപ്പെടെ അഞ്ച് പേരുടെ വീടുകളിലും ദേശീയപാതയിൽ പുത്തനത്താണിക്കു സമീപമുള്ള പോപ്പുലർ ഫ്രണ്ട് ഓഫീസിലുമാണ് റെയ്ഡ് നടന്നത്. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫീസിലും രണ്ട് നേതാക്കളുടെ വീടുകളിലും റെയ്ഡ് നടന്നു.

പോപ്പുലർ ഫ്രണ്ട് കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റി ഓഫീസിലും കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസിലും റെയ്ഡ് നടത്തി. കാസർകോട് ജില്ലാ പ്രസിഡന്റ് സിടി സുലൈമാന്റെ വീട്ടിൽ റെയ്ഡ് നടത്തിയെങ്കിലും ഇയാൾ അവിടെ ഉണ്ടായിരുന്നില്ല. സുലൈമാനെ പിന്നീട് പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് കസ്റ്റഡിയിലെടുത്തു. 

പാലക്കാട് ജില്ലയിൽ പോപ്പുലർ ഫ്രണ്ട് പട്ടാമ്പി ഓഫീസിലും സംസ്ഥാന സെക്രട്ടറി സിഎ റൗഫിന്റെ കരിമ്പുള്ളിയിലെ വീട്ടി‍ലും പരിശോധന നടത്തി. റൗഫ് വീട്ടിലുണ്ടായിരുന്നില്ല. പോപ്പുലർ ഫ്രണ്ട് നേതാവ് എംഎം മുജീബിന്റെ വീടിന്റെ പിൻവശത്തെ വാതിൽ തകർന്ന നിലയിൽ. എൻഐഎ ഉദ്യോഗസ്ഥരാണ് വാതിൽ തകർത്തതെന്ന് എസ്ഡിപിഐ നേതൃത്വം ആരോപിച്ചു.

തൃശൂർ ജില്ലയിൽ ചാവക്കാട്ടെ ജില്ലാ ഓഫീസിലും രണ്ട് നേതാക്കളുടെ വസതിയിലുമായിരുന്നു റെയ്ഡ്. തിരുവനന്തപുരത്ത് രണ്ടിടത്തായിരുന്നു റെയ്ഡ്. സംസ്ഥാന നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും ട്രിവാൻഡ്രം എജ്യുക്കേഷണൽ സർവീസ് ട്രസ്റ്റ് ചെയർമാൻ അബ്ദുൽ റഷീദിന്റെ മണക്കാട്ടെ വീട്ടിലുമായിരുന്നു പരിശോധന.

കൊല്ലം കരുനാഗപ്പള്ളി പുതിയകാവിലെ എസ്ഡിപിഐ ദക്ഷിണ കേരള ഓഫീസിലും പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുൽ സത്താറിന്റെ വീട്ടിലും റെയ്ഡ് നടന്നു. ഒരു വർഷം മുൻപ് എൻഐഎ അറസ്റ്റ് ചെയ്ത ക്യാംപസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റൗഫ് ഷെരീഫിന്റെ വീട്ടിലും റെയ്ഡ് നടന്നു. മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പെട്ട കേസിലാണു റൗഫ് അറസ്റ്റിലായത്.

പത്തനംതിട്ടയിൽ പോപ്പുലർ ഫ്രണ്ടിന്റെ അടൂർ പറക്കോടുള്ള ഓഫീസിലും ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദിന്റെ വീട്ടിലും റെയ്ഡ് നടത്തി. ഉദ്യോഗസ്ഥരെ കണ്ട് ഇറങ്ങിയോടിയ സാദിഖിനെ തൊട്ടടുത്ത കെട്ടിടത്തിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കോട്ടയം ജില്ലയിൽ മുണ്ടക്കയം, ഈരാറ്റുപേട്ട എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. ജില്ലാ സെക്രട്ടറി താവളത്തിൽ സൈനുദ്ദീനെ ഇടുക്കി പെരുവന്താനത്തെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. റെയ്ഡ് മൊബൈൽ ഫോണിൽ ചിത്രീകരിച്ച സൈനുദ്ദീന്റെ മകനെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീടു വിട്ടയച്ചു. തൊടുപുഴയിലെ ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിലും റെയ്ഡ് നടന്നു.

പോപ്പുലർ ഫ്രണ്ട് കർണാടക പ്രസിഡന്റ് മുഹമ്മദ് ഷക്കീബ്, സംസ്ഥാന സെക്രട്ടറി അഫ്സർ പാഷ, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് നസീർ പാഷ എന്നിവരുടെ ബംഗളൂരുവിലെ വീടുകളിൽ റെയ്ഡ് നടന്നു. ഏഴ് പേരെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിൽ 11 ഇടത്ത് റെയ്ഡ് നടന്നു. തമിഴ്നാട്ടിൽ അഞ്ച് കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com