'ഇനി ജ്വലിക്കുന്ന ഓര്‍മ്മ'; ആര്യാടന്‍ മുഹമ്മദിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കബറടക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th September 2022 10:39 AM  |  

Last Updated: 26th September 2022 10:43 AM  |   A+A-   |  

aryadan_muhammed_2

ആര്യാടനെ കബറടക്കുന്നു/ ടിവി ദൃശ്യം

 

കല്‍പ്പറ്റ: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ മൃതദേഹം കബറടക്കി.  നിലമ്പൂര്‍ മുക്കട്ട വലിയ ജുമാ മസ്ജിദിലാണ് ആര്യാടന്റെ ഭൗതികദേഹം കബറടക്കിയത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ഇന്നലെയാണ് സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചത്. 

നിലമ്പൂരിലെ വസതിയില്‍ നിന്നും വിലാപയാത്രയായിട്ടാണ് ആര്യാടന്റെ മൃതദേഹം മുക്കട്ട ജുമാ മസ്ജിദില്‍ എത്തിച്ചത്. സംസ്‌കാര ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ബെന്നി ബെഹനാന്‍ എംപി, എംഎല്‍എമാരായ മാത്യു കുഴനല്‍നാടന്‍, പി കെ ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മന്ത്രിമാരായ വി അബ്ദുറഹ്മാന്‍, എ കെ ശശീന്ദ്രന്‍ എന്നിവര്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് എത്തിയിരുന്നു. 

മലബാറില്‍ കോണ്‍ഗ്രസിന്റെ കരുത്തും കാതലുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്  അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് വീട്ടിലും കബറടക്കം നടന്ന ജുമാ മസ്ജിദിലേക്കും ഒഴുകിയെത്തിയത്. പൊലീസ് ഗാര്‍ഡ് ഓഫ് ഓണർ നല്‍കി വിടയേകി. വൃക്കസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ഈ മാസം 14 മുതല്‍ ആര്യാടന്‍ മുഹമ്മദ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'സംസ്ഥാന കമ്മിറ്റി ഓഫിസ് നിര്‍മാണത്തിന്റെ മറവില്‍ വീട് നിര്‍മിച്ചു'; ബിജെപി നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ