സർക്കാർ ജീവനക്കാരിയെന്ന് വിശ്വസിപ്പിച്ചു; ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ; വ്യാജ നിയമന ഉത്തരവ്, വണ്ടിച്ചെക്ക്; യുവതി പിടിയിൽ

പറക്കോണം സ്വദേശിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്
സുരഭി കൃഷ്ണ
സുരഭി കൃഷ്ണ

പത്തനംതിട്ട: സര്‍ക്കാര്‍ ജീവനക്കാരിയാണെന്ന് വിശ്വസിപ്പിച്ച് ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ യുവതി പിടിയിൽ. വ്യാജ രേഖകൾ ചമച്ച് ഹൈക്കോടതിയിൽ ജോലി ശരിയാക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു യുവതിയുടെ തട്ടിപ്പ്. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര ഇടയപാടത്ത് സുരഭി കൃഷ്ണ (28)യാണ് അറസ്റ്റിലായത്. കോയിപ്രം പൊലീസാണ് ഇവരെ പിടികൂടിയത്. 

പറക്കോണം സ്വദേശിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഹൈക്കോടതിയില്‍ സ്റ്റെനോഗ്രാഫര്‍ ആണെന്നും തന്റെ സ്വാധീനം ഉപയോഗിച്ച് ജോലി ശരിയാക്കാം എന്നും പ്രതി യുവാവിനെ വിശ്വസിപ്പിച്ചു. ഹൈക്കോടതിയില്‍ ഓഫീസ് അസിസ്റ്റന്റ് ആയി ജോലി ശരിയാക്കാമെന്ന് ഫോൺ വിളിച്ച് വാ​ഗ്ദാനം ചെയ്യ്താണ് ലക്ഷങ്ങൾ തട്ടിയത്. 

വിവിധ സമയങ്ങളിലായി 5.95 ലക്ഷം രൂപയാണ് യുവതി കൈക്കലാക്കിയത്. പരാതിക്കാരന്റെ പുല്ലാട് കേരള ഗ്രാമീണ്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നു പ്രതിയുടെ അക്കൗണ്ടിലേക്ക് ആദ്യം 9,000 രൂപയും, രണ്ടാമത് 3,45,250 രൂപയും, പിന്നീട് ഒരുലക്ഷം രൂപ നേരിട്ടും കൈപ്പറ്റി. ഇത് കൂടാതെ സഹോദരന്മാര്‍ക്കും സുഹൃത്തിനും ഡ്രൈവറുടെ ഒഴിവിലേക്ക് ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാക്കു നല്‍കി 1.5 ലക്ഷം രൂപയും അക്കൗണ്ടിലേക്ക് അയപ്പിച്ചു.

ജോലി ആവശ്യപ്പെട്ട യുവാവിന് പിന്നീട് ആറ് ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നല്‍കിയും ജോലിയില്‍ നിയമിച്ചതായുള്ള വ്യാജ നിയമന ഉത്തരവുകള്‍ ഒറിജിനല്‍ എന്ന് തോന്നിപ്പിക്കും വിധം വാട്‌സ്ആപ്പ് വഴി അയച്ചു കൊടുത്തും പ്രതി വഞ്ചിച്ചു.

കേസില്‍ സുരഭി കൃഷ്ണ ജാമ്യമെടുത്ത ശേഷം മുങ്ങുകയായിരുന്നു. തുടര്‍ന്ന് കോടതി വാറൻഡ് പുറപ്പെടുവിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിയെ കോഴിക്കോട്ടെ വാടക വീട്ടില്‍ നിന്നു കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോയിപ്രം പൊലീസ് ഇന്‍സ്പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com