രണ്ട് ഭാര്യമാര്‍; കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കം, പ്രവാസിയുടെ മൃതദേഹം റിയാദിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചത് ഒരുമാസം, ഒടുവില്‍ നാട്ടിലേക്ക് 

കുടുംബങ്ങളുടെ കടുംപിടുത്തം കാരണം ഒരു മാസമായി റിയാദിലെ മോര്‍ച്ചറിയില്‍ കിടന്ന മലയാളിയുടെ മൃതദേഹം ഒടുവില്‍ നാട്ടിലേക്ക്
അബൂബക്കര്‍
അബൂബക്കര്‍

റിയാദ്: കുടുംബങ്ങളുടെ കടുംപിടുത്തം കാരണം ഒരു മാസമായി റിയാദിലെ മോര്‍ച്ചറിയില്‍ കിടന്ന മലയാളിയുടെ മൃതദേഹം ഒടുവില്‍ നാട്ടിലേക്ക്. മാര്‍ച്ച് നാലിന് റിയാദില്‍ മരിച്ച പാലക്കാട് ഒറ്റപ്പാലം സ്വദേശി കിണാശ്ശേരിയില്‍ അബൂബക്കറിന്റെ (65) മൃതദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ 12.40-ന് റിയാദില്‍നിന്ന് പുറപ്പെടുന്ന ഫ്‌ലൈനാസ് വിമാനത്തില്‍ കൊണ്ടുപോകും. രാവിലെ 8.20-ന് കരിപ്പൂരിലെത്തുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോകും.

രണ്ട് ഭാര്യമാരുള്ള ഇദ്ദേഹത്തിന്റെ കുടുംബങ്ങള്‍ക്കിടയിലെ തര്‍ക്കമാണ് വൈകിപ്പിക്കാനിടയാക്കിയത്. സമാനമായ ചില പ്രശ്‌നങ്ങളാല്‍ തന്നെ ഇദ്ദേഹത്തിന് 10 വര്‍ഷമായി നാട്ടില്‍ പോകാനും കഴിഞ്ഞിരുന്നില്ല. ആദ്യ ഭാര്യ നാട്ടില്‍ നല്‍കിയ പരാതിയായിരുന്നു കാരണം. 40 വര്‍ഷമായി സൗദിയില്‍ പ്രവാസിയായിരുന്ന ഇദ്ദേഹം ജിദ്ദയിലാണ് ജോലി ചെയ്തിരുന്നത്. മരിക്കുന്നതിന് തൊട്ടുമുമ്പ് സ്‌പോണ്‍സറുടെ കൂടെ റിയാദില്‍ എത്തിയതായിരുന്നു. ഫെബ്രുവരി 27ന് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് റിയാദിലെ കിങ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. മാര്‍ച്ച് നാലിന് മരണം സ്ഥിരീകരിച്ചു.

അതോടെ തര്‍ക്കം മൃതദേഹം നാട്ടിലെത്തിക്കുന്നതിനെ ചൊല്ലിയായി. മരണാനന്തര നടപടിക്രമങ്ങളുടെ ഭാഗമായി അബൂബക്കറിന്റെ പിതാവിന്റെയും സഹോദരങ്ങളുടെയും നേതൃത്വത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പവര്‍ ഓഫ് അറ്റോര്‍ണി തയാറാക്കിയപ്പോള്‍ ആദ്യ ഭാര്യയും മക്കളും അതില്‍ സഹകരിക്കാന്‍ തയാറായില്ല. ഈ സാഹചര്യത്തില്‍ സൗദിയില്‍ തന്നെ ഖബറടക്കാനുള്ള ആലോചനയായി. എന്നാല്‍ അപ്പോള്‍ നാട്ടില്‍ ഇരു കുടുംബങ്ങളും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായി. ആദ്യ ഭാര്യയേയും മക്കളെയും റിയാദിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ അയഞ്ഞു. നാട്ടിലേക്ക് കൊണ്ടുവരാനാവശ്യമായ സമ്മതപത്രം നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്?തു.

എന്നിട്ടും ഇരുകുടുംബങ്ങളും അഭിപ്രായ ഐക്യത്തില്‍ എത്തിയില്ല. ഒരു മാസം കഴിഞ്ഞിട്ടും രണ്ടു കൂട്ടരും ഒറ്റ നിലപാടില്‍ എത്താത്ത സാഹചര്യത്തില്‍ മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ എംബസി സ്വമേധയാ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന്, നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തീകരിക്കുകയായിരുന്നു.

സൗദിയിലെ സാമൂഹികപ്രവര്‍ത്തകരായ നിഹ്മത്തുല്ല, ഹുസൈന്‍ ദവാദ്മി, സിദ്ദീഖ് തുവ്വൂര്‍, റസാഖ് വയല്‍ക്കര, ഇബ്രാഹിം കരീം എന്നിവരുടെ നിരന്തരമായ ശ്രമമാണ് വിജയം കണ്ടത്. നാട്ടില്‍നിന്ന് സാമൂഹികപ്രവര്‍ത്തകന്‍ മുത്തലിബ് ഒറ്റപ്പാലവും ഇടപെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com