ജപ്തി ഭീഷണി; മിച്ചഭൂമി സമര നേതാവ് പൂജപ്പുര സാംബൻ ജീവനൊടുക്കി

എകെജിക്കൊപ്പം മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിലിൽ കിടന്നവരിൽ ജീവിച്ചിരുന്ന ഏക വ്യക്തിയായിരുന്നു സാംബൻ
പൂജപ്പുര സാംബൻ
പൂജപ്പുര സാംബൻ

കൊല്ലം: മിച്ചഭൂമി സമര നേതാവ് പൂജപ്പുര സാംബനെ (79) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിടപ്പാടം ജപ്തിയിലായതിന് പിന്നാലെയാണ് ജീവനൊടുക്കിയത്. കൊല്ലം പാൽക്കുളങ്ങരയിലെ വീട്ടിലാണ് സാംബനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

എകെജിക്കൊപ്പം മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിലിൽ കിടന്നവരിൽ ജീവിച്ചിരുന്ന ഏക വ്യക്തിയായിരുന്നു സാംബൻ. സാംബന്റെ തോളിൽ ചവിട്ടിയാണ് തിരുവനന്തപുരത്തെ മുടവൻമുകൾ മിച്ചഭൂമിയിൽ കൊടി നാട്ടുന്നതിനായി എകെജി മതിൽ ചാടിയത്.

കാർഷിക ​ഗ്രാമ വികസന ബാങ്കിൽ നിന്നെടുത്ത വായ്പത്തുക പലിശയും ചേർത്ത് 14.36 ലക്ഷം രൂപ മാർച്ച് 22ന് മുൻപ് തിരിച്ചടച്ചില്ലെങ്കിൽ വീടും അഞ്ചേമുക്കാൽ സെന്റ് ഭൂമിയും ജപ്തി ചെയ്യുമെന്ന അവസ്ഥയിലായിരുന്നു. കൊല്ലം ബൈപ്പാസിലെ പാൽക്കുള്ളങ്ങര ക്ഷേത്രത്തിന് സമീപത്തുള്ള ’പൂജപ്പുര’ എന്ന വീടും സ്ഥലവും അളന്നു തിട്ടപ്പെടുത്താൻ സഹകരണ ബാങ്ക് നോട്ടീസ് പതിച്ചിരുന്നു. 

2014ലാണ് സഹകരണ ബാങ്കിൽ നിന്നു വായ്പയെടുത്തത്. നാല് വർഷം കൃത്യമായി പലിശ അടച്ചു. എന്നാൽ രോ​ഗ ദുരിതങ്ങളും കോവിഡും കാരണം അടവ് മുടങ്ങി. ഏക മകന്റെ കച്ചവട സ്ഥാപനം അതിനിടെ പൂട്ടിപ്പോയി. കട്ടിൽ നിന്നു വീണ് ഭാര്യ ശാരദ കിടപ്പു രോ​ഗിയായതോടെ ദുരിതം ഇരട്ടിച്ചു. 

1972 മെയ് 25ന് മിച്ചഭൂമി സമരത്തെ തുടർന്ന് സാംബനും അറസ്റ്റിലായിരുന്നു. അന്ന് എകെജിക്കൊപ്പമാണ് അദ്ദേഹം ജയിൽവാസം അനുഭവിച്ചത്. പിന്നീട് കെഎസ് വൈഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി, സിപിഎം വട്ടിയൂർക്കാവ് ലോക്കൽ കമ്മിറ്റി അം​ഗമായി പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് എട്ട് മാസം ജയിലിൽ കിടന്നിട്ടുണ്ട്. എകെജിയുടെ അവസാന കാലത്ത് അദ്ദേഹത്തെ പരിചരിച്ചതും സാംബനായിരുന്നു. 

സജീവ രാഷ്ട്രീയം അവസാനിപ്പിച്ച് കൊല്ലത്തെത്തി പ്രമുഖ ഹോട്ടലിൽ മാനേജരായി. കൊല്ലത്തും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ  സാംബൻ സജീവമായിരുന്നു. മൃതദേഹം പോളയത്തോട് ശ്മശാനത്തിൽ സംസ്കരിച്ചു. മകൻ: ജ്യോതിദേവ്. മരുമകൾ: പ്രീതി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com