പിഴത്തുക മധുവിന്റെ അമ്മയ്ക്കും സഹോദരിമാര്‍ക്കും; കൂറു മാറിയവര്‍ക്കെതിരെ നടപടി

ഒന്നാം പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവിനു പുറമേ 1.05,000 രൂപ പിഴയാണ് കോടതി ചുമത്തിയത്. മറ്റു പന്ത്രണ്ടു പ്രതികള്‍ക്കു തടവുശിക്ഷയ്ക്കു പുറമേ 1,18,000 രൂപ വീതമാണ് പിഴ
കൊല്ലപ്പെട്ട മധു/ ഫയല്‍
കൊല്ലപ്പെട്ട മധു/ ഫയല്‍

പാലക്കാട്: മധു വധക്കേസില്‍ പ്രതികളില്‍നിന്ന് ഈടാക്കുന്ന പിഴത്തുക മധുവിന്റെ അമ്മയ്ക്കും സഹോദരിമാര്‍ക്കും നല്‍കാന്‍ കോടതി നിര്‍ദേശം. കേസില്‍ കൂറുമാറിയവര്‍ക്കെതിരെ നടപടിയെടുക്കാനും മണ്ണാര്‍ക്കാട് എസ് സി, എസ് ടി കോടതി നിര്‍ദേശിച്ചു. 

ഒന്നാം പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവിനു പുറമേ 1.05,000 രൂപ പിഴയാണ് കോടതി ചുമത്തിയത്. മറ്റു പന്ത്രണ്ടു പ്രതികള്‍ക്കു തടവുശിക്ഷയ്ക്കു പുറമേ 1,18,000 രൂപ വീതമാണ് പിഴ. ഈ തുകയുടെ 50 ശതമാനം വീതം മധുവിന്റെ അമ്മയ്ക്കും സഹോദരിമാര്‍ക്കും നല്‍കണം. 

ഹുസൈന്‍, മരയ്ക്കാര്‍, ഷംസുദ്ദീന്‍, രാധാകൃഷ്ണന്‍, അബൂബക്കര്‍, സിദ്ദിഖ്, ഉബൈദ്, നജീബ്, ജൈജുമോന്‍, സജീവ്, സതീഷ്, ഹരീഷ്, ബിജു എന്നിവരെയൈാണ് പ്രത്യേക കോടതി ജഡ്ജി കെഎം രതീഷ് കുമാര്‍ ഏഴു വര്‍ഷം തടവുശിക്ഷയ്ക്കു വിധിച്ചത്. മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളിലാണ് ശിക്ഷ. വിവിധ വകുപ്പുകളിലെ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പ്രതികളെ തവനൂര്‍ ജയിയിലേക്കു മാറ്റും. പതിനാറാം പ്രതി മുനീറിന് മൂന്നു മാസം തടവാണ് വിധിച്ചതെങ്കിലും ഇതിനകം അനുഭവിച്ചു തീര്‍ത്തതിനാല്‍, 500 രൂപ പിഴയൊടുക്കി മോചിതനാവാം.

പതിനാറു പ്രതികളില്‍ രണ്ടു പേരെ ഇന്നലെ കോടതി വെറുതെവിട്ടിരുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പുറമേ അന്യായമായി സംഘം ചേരല്‍, മര്‍ദനം, പട്ടികജാതിപട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പ് അനുസരിച്ചും പ്രതികള്‍ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. മധുവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം പ്രതികള്‍ക്ക് ഇല്ലായിരുന്നുവെന്നാണ് കോടതി വിലയിരുത്തിയത്.

അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകനാണ് മധു. 2018 ഫെബ്രുവരി 22ന് കള്ളനെന്ന് ആരോപിച്ചു കാട്ടില്‍നിന്നു മധുവിനെ പിടിച്ചുകൊണ്ടുവന്ന് മുക്കാലിയിലെത്തിച്ചു പൊലീസിനു കൈമാറുകയായിരുന്നു. മധുവിനെ കാട്ടില്‍ നിന്ന് പിടികൂടി വരുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികളില്‍ ചിലര്‍ തന്നെ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. പൊലീസ് മധുവിനെ അഗളിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോഴേക്കു മധു മരിച്ചു. പ്രതികളുടെ ആക്രമണത്തിലേറ്റ പരുക്കു മൂലം മരിച്ചെന്നാണ് കേസ്. മധു കൊല്ലപ്പെട്ട് അഞ്ചു വര്‍ഷത്തിനു ശേഷമാണ് മണ്ണാര്‍ക്കാട് എസ്‌സി എസ്ടി കോടതി കേസില്‍ വിധി പറഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com