സർക്കാരിന് ആശ്വാസം, അരിക്കൊമ്പനെ മാറ്റാൻ കൂടുതൽ സമയം; പറമ്പിക്കുളത്തിന് പകരം മറ്റൊരു സ്ഥലം കണ്ടെത്താം 

സ്ഥലം കണ്ടെത്തും വരെ അരിക്കൊമ്പനെ നിരീക്ഷിക്കണമെന്ന് കോടതി നിർദേശിച്ചു
അരിക്കൊമ്പന്‍/ ഫയല്‍
അരിക്കൊമ്പന്‍/ ഫയല്‍

കൊച്ചി: ചിന്നക്കനാൽ ജനവാസ മേഖലയിൽ ഭീഷണി സൃഷ്ടിക്കുന്ന അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്ക് മാറ്റുന്നതിന് പകരം സുരക്ഷിതമായ മറ്റൊരു സ്ഥലം കണ്ടെത്തി നിർദേശിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. സ്ഥലം കണ്ടെത്തും വരെ അരിക്കൊമ്പനെ നിരീക്ഷിക്കണമെന്ന് കോടതി നിർദേശിച്ചു.

അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്ക് മാറ്റുന്നത് സംബന്ധിച്ച ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതി നിർദേശം. വിദഗ്ധസമിതിയുടെ ശുപാർശ പ്രകാരം പറമ്പിക്കുളത്തേയ്ക്ക് മാറ്റുന്നതിന് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങൾ കോടതിയെ സർക്കാർ ബോധിപ്പിച്ചു. അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്ക് മാറ്റുന്നതിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം അടക്കം സർക്കാർ കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പകരം സുരക്ഷിതമായ മറ്റൊരു സ്ഥലം കണ്ടെത്തി നിർദേശിക്കാൻ സർക്കാരിന് കോടതി കൂടുതൽ സമയം അനുവദിച്ചത്. ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, പി ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്.

പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലെ സുരക്ഷിത വനപ്രദേശങ്ങളാണ് സർക്കാർ പരിഗണിക്കുന്നത്. അരിക്കൊമ്പനെ മാറ്റുന്നതിന് കണ്ണൂരിലെ ആറളം ഫാമും സർക്കാരിന്റെ പരിഗണനയിലുണ്ട്. ഹർജി പരിഗണിക്കുന്നതിനിടെ, വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ വരുന്നത് തടയുന്നതിന് പരിഹാരം കണ്ടെത്തുന്നതിൽ വനംവകുപ്പിന് വീഴ്ച സംഭവിച്ചതായി കോടതി നിരീക്ഷിച്ചു. 

കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ അരിക്കൊമ്പനെ എവിടേയ്ക്ക് മാറ്റണമെന്ന് ഒരാഴ്ചയ്ക്കകം സർക്കാർ തീരുമാനിക്കണമെന്നും അല്ലാത്തപക്ഷം നേരത്തെ നിശ്ചയിച്ച പ്രകാരം പറമ്പിക്കുളത്തേയ്ക്ക് മാറ്റേണ്ടി വരുമെന്നുമായിരുന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ് ആനയെ പറമ്പിക്കുളത്തേയ്ക്ക് മാറ്റാൻ ഹൈക്കോടതി നേരത്തെ നിർദേശിച്ചത്.പറമ്പിക്കുളത്തേയ്ക്ക് ആനയെ മാറ്റാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിഷയത്തിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി ഹർജി തള്ളിയിരുന്നു.
 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com