സിനിമയിലെ ലഹരി: വെറുതെ പറഞ്ഞിട്ടു കാര്യമില്ല, തെളിവു വേണം; പട്ടിക കിട്ടിയാല്‍ നടപടിയെന്ന് മന്ത്രി

മൊത്തത്തില്‍ സിനിമാരംഗത്തു പ്രവര്‍ത്തിക്കുന്നവരെ സംയോജിപ്പിച്ച് കോണ്‍ക്ലേവ് നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്
മന്ത്രി സജി ചെറിയാന്‍
മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സിനിമാ മേഖലയിലെ മയക്കുമരുന്ന് സ്വാധീനം ഞെട്ടലുണ്ടാക്കുന്നതെന്ന് മന്ത്രി സജി ചെറിയാന്‍. സര്‍ക്കാര്‍ വിഷയം ഗൗരവത്തോടെ കാണുന്നു. ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക കിട്ടിയാല്‍ നിയമപരമായ നടപടിയെടുക്കും. രണ്ടുപേര്‍ക്കെതിരെ സിനിമാ മേഖലയിലെ സംഘടനകള്‍ നടപടിയെടുത്തു. സംഘടനയുടെ തീരുമാനത്തോടൊപ്പമാണ്  നില്‍ക്കാന്‍ കഴിയുകയെന്ന് മന്ത്രി പറഞ്ഞു. 

അവര്‍ ആ തെറ്റു തിരുത്തി സിനിമാ രംഗത്തു സജീവമാകുന്നതിന് ആരും എതിരല്ല. സിനിമാ മേഖലയുടെ പ്രവര്‍ത്തനം സുഗമമായി പോകാന്‍ നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഷൂട്ടിങ്ങ് നടക്കുന്ന എല്ലായിടത്തും പോയി പരിശോധിക്കാന്‍ കഴിയില്ല. ഇങ്ങനെയുള്ള പരാതി രേഖാമൂലം ലഭിച്ചാല്‍ എക്‌സൈസ് മന്ത്രിയുമായും മുഖ്യമന്ത്രിയുമായും സംസാരിച്ച് ശക്തമായ നടപടി സ്വീകരിക്കുന്നതാണ്. 

ആരെങ്കിലും മയക്കുമരുന്ന് വില്‍ക്കുന്നു, മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്നു പറഞ്ഞിട്ടു കാര്യമില്ല. തെളിവു സഹിതം രേഖാമൂലം സര്‍ക്കാരിനെ അറിയിക്കണം. അങ്ങനെയുണ്ടെങ്കില്‍ ശക്തമായ അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഇന്‍ഡസ്ട്രിയില്‍ പണം ഇന്‍വെസ്റ്റ് ചെയ്യാന്‍ ആളുകള്‍ തയ്യാറാകുന്നുണ്ട്. അപ്പോള്‍ എല്ലാവരും യോജിച്ച് കൂട്ടായി ഇന്‍ഡസ്ട്രിയെ നല്ല നിലയില്‍ കൊണ്ടുപോകാന്‍ ശ്രദ്ധിക്കണം. 

സംവിധായകനെ അടക്കം ബഹുമാനിക്കുകയോ, അവര്‍ പറയുന്നത് അനുസരിക്കുകയോ ചെയ്യാത്തത് അടക്കം കുറേ ആക്ഷേപങ്ങള്‍ വന്നിട്ടുണ്ട്. അതുവെച്ചാണ് സിനിമാ സംഘടനകള്‍ യുവതാരങ്ങള്‍ക്കെതിരെ നടപടിയെടുത്തിട്ടുള്ളത്. നിലവിലെ വിലക്ക് മുന്നോട്ട് പോകട്ടെ. നമുക്ക് നോക്കാമെന്നും മന്ത്രി പറഞ്ഞു. ആ ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ഒരു ബൈലോയുണ്ട്. അതുപ്രകാരം പ്രവര്‍ത്തിക്കേണ്ട ഉത്തരവാദിത്തം ഈ മേഖലയിലുള്ള എല്ലാവര്‍ക്കുമുണ്ട്. 

മൊത്തത്തില്‍ സിനിമാരംഗത്തു പ്രവര്‍ത്തിക്കുന്നവരെ സംയോജിപ്പിച്ച് കോണ്‍ക്ലേവ് നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ടെക്‌നിഷ്യന്മാരുടെ അടക്കം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സ്ത്രീകള്‍ അടക്കം ധാരാളം പേരാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്‍ഡസ്ട്രിയില്‍ സുരക്ഷിതത്വത്തിന്റെ പ്രശ്‌നമുണ്ട്. അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. സുരക്ഷിതത്വ ബോധത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്ന് മന്ത്രി പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com