'പൂരങ്ങളുടെ പൂരം'; തൃശൂർ പൂരം ഇന്ന്

രാവിലെ 7.30ന് കണിമംഗലം ശാസ്താവ് എഴുന്നള്ളിയെത്തുന്നതോടെ തൃശൂര്‍ പൂരത്തിന് ആരംഭം കുറിക്കും
ഫയൽ ചിത്രം
ഫയൽ ചിത്രം

തൃശൂർ: വിശ്വപ്രസിദ്ധമായ തൃശൂർ പൂരം ഇന്ന്. ഇന്നലെ ഉച്ചയോടെ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തള്ളിത്തുറന്ന് നൈതലക്കാവ് ഭഗവതി  എഴുന്നള്ളിയതോടെ പൂരാവേശത്തിലാണ് ന​ഗരം.

രാവിലെ 7.30ന് കണിമംഗലം ശാസ്താവ് എഴുന്നള്ളിയെത്തുന്നതോടെ 36 മണിക്കൂര്‍ നീളുന്ന തൃശൂര്‍ പൂരത്തിന് ആരംഭം കുറിക്കും. പിന്നെ ഒന്നൊന്നായി മറ്റു ചെറുപൂരങ്ങൾ എത്തിത്തുടങ്ങും. കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ്‌ ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂർ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോൾ കാർത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങളിലെ ദേവതമാർ വടക്കുംനാഥന് മുന്നിലെത്തും.

പതിനൊന്നരയ്‌ക്കാണ് കോങ്ങാട് മധുവിന്റെ പ്രമാണത്തിൽ തിരുവമ്പാടിയുടെ മഠത്തിൽവരവ് പഞ്ചവാദ്യം. ശ്രീമൂലസ്ഥാനത്തെ പാണ്ടിമേളത്തിന് ശേഷം തിരുവമ്പാടി ഭഗവതി വടക്കുംനാഥനിലെത്തും. 12.15ന് പാറമേക്കാവിൽ എഴുന്നള്ളിപ്പ് തുടങ്ങും.പാണ്ടിമേളത്തിന് അകമ്പടിയായി 15 ഗജവീരന്മാരുണ്ടാകും.

രണ്ടോടെയാണ് തേക്കിൻകാട് മൈതാനത്തിലെ ഇലഞ്ഞിച്ചുവട്ടിൽ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ 250-ഓളം കലാകാരന്മാരുടെ ഇലഞ്ഞിത്തറ മേളം. അഞ്ചിനാണ് പാണ്ടിമേളം കൊട്ടിയുള്ള തെക്കോട്ടിറക്കം. കോർപ്പറേഷന് മുൻപിലെ ശക്തൻ തമ്പുരാന്റെ പ്രതിമ വലംവെച്ച് തെക്കേഗോപുരത്തിന് അഭിമുഖമായി പാറമേക്കാവ് ഭഗവതി നിലകൊള്ളും, തിരുവമ്പാടി ഭഗവതി ഗോപുരത്തിന് മുൻപിലെത്തും.

ആറോടെയാണ് ഭഗവതിമാരുടെ കൂടിക്കാഴ്ചയും കുടമാറ്റവും. ഏഴിന് ഭഗവതിമാർ മടങ്ങും. ഘടകപൂരങ്ങൾ ഉച്ചയോടെ വടക്കുംനാഥനിലെത്തി മടങ്ങും. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മുതൽ അഞ്ച് വരെയാണ് വെടിക്കെട്ട്. ഉച്ചയ്‌ക്ക് ഒന്നോടെ പകൽപ്പൂരം ശ്രീമൂലസ്ഥാനത്ത് വിട പറയൽ ചടങ്ങ് അവസാനിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com