'നിരപരാധി, എന്താണ് ചെയ്യുന്നതെന്ന് തിരിച്ചറിയാനായില്ല': ജാമ്യം തേടി ഡോ വന്ദനദാസ് കൊലക്കേസ് പ്രതി

മരുന്നിന്റെ സ്വാധീനത്താൽ എന്താണ് താൻ ചെയ്യുന്നതെന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയിലായിരുന്നു എന്നാണ് ഹർജിയിൽ പറഞ്ഞത്
വന്ദന ദാസ്, പ്രതി സന്ദീപ്
വന്ദന ദാസ്, പ്രതി സന്ദീപ്

കൊച്ചി: ഡോ വന്ദന ദാസ് കൊലക്കേസ് പ്രതി ജി സന്ദീപ് ജാമ്യം തേടി ഹൈക്കോടതിയിൽ. നിരപരാധിയാണെന്നും ജാമ്യം അനുവദിക്കണമെന്നും പറഞ്ഞുകൊണ്ടാണ് സന്ദീപ് ഹർജി നൽകിയത്. അരക്ഷിതമായ മാനസികാവസ്ഥയിലായിരുന്നു എന്നാണ് സന്ദീപിന്റെ വാദം.  

മരുന്നിന്റെ സ്വാധീനത്താൽ എന്താണ് താൻ ചെയ്യുന്നതെന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയിലായിരുന്നു എന്നാണ് ഹർജിയിൽ പറഞ്ഞത്. കൊട്ടാരക്കര മജിസ്ട്രേട്ട് കോടതിയും കൊല്ലം ജില്ലാ കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സിയാദ് റഹ്മാൻ ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി. 

അതിനിടെ കുറ്റപത്രത്തിന്റെ പകർപ്പ് തേടി ഡോ.വന്ദന ദാസിന്റെ പിതാവ് കെ.ജി.മോഹൻദാസ് കൊട്ടാരക്കര കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. കേസ് സിബിഐ അന്വേഷിക്കണമെന്ന രക്ഷിതാക്കളുടെ ഹർജി 17ന് ഹൈക്കോടതി വീണ്ടും പരിഗണിക്കാൻ ഇരിക്കെയാണ്  കുറ്റപത്രത്തിന്റെ പകർപ്പിന് അപേക്ഷ നൽകുന്നത്. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഹാജരാക്കിയ 1050 പേജുള്ള കുറ്റപത്രം കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ തുടർ നടപടികളിലാണ്. കുറ്റപത്രം സ്വീകരിച്ച ശേഷമാകും പകർപ്പ് കൈമാറുക. 

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച സന്ദീപ് ഹൗസ് സർജനായ ഡോ. വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ  പൊലീസുകാർ ഉൾപ്പെടെ 5 പേരെ പരുക്കേൽപിക്കുകയും ചെയ്തെന്നാണു കേസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com