'രഞ്ജിത്ത് വിചാരിക്കുന്ന കാര്യങ്ങളല്ല കേരളത്തില്‍ നടക്കുന്നത്, ഭരിക്കുന്നത് ഇടതുമുന്നണിയാണ്': സജി ചെറിയാന്‍

'മന്ത്രി ഞാനാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇടപെടാന്‍ ആര്‍ക്കും പറ്റില്ല'
മന്ത്രി സജി ചെറിയാൻ/ ഫോട്ടോ: ബിപി ദീപു
മന്ത്രി സജി ചെറിയാൻ/ ഫോട്ടോ: ബിപി ദീപു

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ആര്‍ക്കും ഇടപെടാനാവില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഇടതു മുന്നണിയാണ് ഇവിടെ ഭരിക്കുന്നതെന്നും രഞ്ജിത്ത് അല്ല ആര്‍ക്കും ഇതില്‍ ഇടപെടാനാവില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. ആരോപണം ഉന്നയിച്ച അവാര്‍ഡ് ജൂറി അംഗം നേമം പുഷ്പരാജിനോട് താന്‍ സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു സജി ചെറിയാന്‍. 

ഈ ഗവണ്‍മെന്റ് വന്ന് മൂന്ന് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആരും ഇതുവരെ പരാതിയുമായി എത്തിയിട്ടില്ല. ഇത്തവണ രഞ്ജിത്തിന്റെ വിവാദവുമായി എത്തി. ഇവിടെ ഭരിക്കുന്നത് ഇടതു മുന്നണി ഗവണ്‍മെന്റ് ആണ്. ഇടപെടാന്‍ ആര്‍ക്കും പറ്റില്ല. അതിന്റെ മന്ത്രി ഞാനാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇടപെടാന്‍ ആര്‍ക്കും പറ്റില്ല. അങ്ങനെ ഇടപെടാന്‍ പറ്റിയാല്‍ നമുക്ക് ആ കസേരയില്‍ ഇരിക്കാന്‍ പറ്റുമോ. അവാര്‍ഡ് ജൂറിയില്‍ ഇരിക്കുന്ന ആരെങ്കിലും രഞ്ജിത്ത് പറയുന്നത് കേട്ടോ. അങ്ങനെയെന്തെങ്കിലും ചെയ്തതായി പരാതിക്കാര്‍ പറയണം. അങ്ങനെ ആര്‍ക്കും പരാതിയില്ല. രഞ്ജിത്ത് പറഞ്ഞു എന്നതാണ് പ്രശ്‌നം. പരാതിയുണ്ടെങ്കില്‍ അത് നമുക്ക് അന്വേഷിക്കാം.- സജി ചെറിയാന്‍ പറഞ്ഞു. 

രഞ്ജിത്ത് വിചാരിച്ചാല്‍ നടക്കുന്ന കാര്യങ്ങളല്ല കേരളത്തില്‍ നടക്കുന്നത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ആര്‍ക്കും ഇടപെടാനാവില്ല. അദ്ദേഹം ജൂറി അംഗമല്ല. അദ്ദേഹം പറയുന്നത് കേള്‍ക്കേണ്ട കാര്യം ജൂറിക്കില്ല. നേമം പുഷ്പരാജിനോട് ഞാന്‍ സംസാരിച്ചിരുന്നു. രഞ്ജിത്തിന്റെ വാക്കുകള്‍ വിധിനിര്‍ണയത്തെ ബാധിച്ചോ എന്നു ഞാന്‍ ചോദിച്ചു. ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അത് അവിടെ തീര്‍ന്നു.- മന്ത്രി വ്യക്തമാക്കി. 

വിവാദവുമായി ബന്ധപ്പെട്ട് താന്‍ രഞ്ജിത്തിനോട് സംസാരിച്ചിട്ടില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. രഞ്ജിത്ത് മഹത്തായ ചലച്ചിത്രകാരന്‍ ആണ് എന്നതില്‍ ആര്‍ക്കും സംശയമൊന്നുമില്ല. ചലച്ചിത്ര രംഗത്ത് പ്രമുഖനായ വ്യക്തിയാണ്. വിനയന്‍ ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ അതില്‍ എന്തെങ്കിലും വസ്തുതയുണ്ടോ എന്നു പരിശോധിക്കേണ്ടത് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമാണ്. ചലച്ചിത്ര അക്കാദമി ഇടപെട്ട് സ്വാധീനിച്ചാണ് വിധി നിര്‍ണയിച്ചത് എന്ന് ആര്‍ക്കും പറയാനാവില്ല.

വിനയന്റെ സിനിമ ചവറാണ് എന്ന് രഞിജ്ത്ത് പറഞ്ഞതുകൊണ്ടല്ല സിനിമയ്ക്ക് അവാര്‍ഡ് കിട്ടാതിരുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. രഞ്ജിത്തിന്റേത് വ്യക്തിപരമായ അഭിപ്രായമായിരിക്കും. അതിന്റെ പേരില്‍ ഒരാളും അവാര്‍ഡ് നിര്‍ണയ സമിതിയില്‍ വാദിക്കുകയോ താല്‍പ്പര്യം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. അവാര്‍ഡിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിട്ടില്ല എന്നതില്‍ എനിക്ക് ഉറച്ച നിലപാടാണ്. അവാര്‍ഡ് കിട്ടിയവരെല്ലാം അര്‍ഹതപ്പെട്ടവരാണ്. ആവശ്യമില്ലാത്ത ഒരു വിവാദമായിരുന്നു ഇത്.- സജി ചെറിയാന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com