അർധബോധാവസ്ഥയിൽ  പെൺകുട്ടി നൽകുന്ന സമ്മതം ലൈംഗിക ബന്ധത്തിന് അനുമതിയല്ല: ഹൈക്കോടതി

അർധബോധാവസ്ഥയിൽ പെൺകുട്ടിയെ കോളജിന്റെ മുകൾ നിലയിലെത്തിച്ചു പീഡിപ്പിച്ചുവെന്നാണു കേസ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: അർധബോധാവസ്ഥയിൽ പെൺകുട്ടി നൽകുന്ന സമ്മതം ലൈംഗിക ബന്ധത്തിന് അനുമതിയായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. കോളജിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സീനിയർ വിദ്യാർത്ഥിക്ക് ജാമ്യം നിഷേധിച്ചത് ശരിവച്ചുകൊണ്ടുള്ള വിധിയിലാണ് ഹൈക്കോടതി ഇക്കാര്യം  വ്യക്തമാക്കിയത്. അർധബോധാവസ്ഥയിൽ പെൺകുട്ടിയെ കോളജിന്റെ മുകൾ നിലയിലെത്തിച്ചു പീഡിപ്പിച്ചുവെന്നാണു കേസ്.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനിയാണ് കോളജിൽ വെച്ച് പീഡനത്തിന് ഇരയായത്. കാമുകൻ നൽകിയ ലഹരി പാനീയം കുടിച്ചതിനെ തുടർന്ന് അർധബോധാവസ്ഥയിലായ പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. കേസിലെ പ്രതിയായ സീനിയർ വിദ്യാർത്ഥിക്ക് എറണാകുളത്തെ എസ്‌സി/എസ്ടി സ്പെഷൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. ഇതു ശരിവെച്ചു കൊണ്ടാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ വിധി. 

2022 നവംബർ 18നു ലൈബ്രറിയിലേക്കു തന്നെ വിളിച്ചു വരുത്തിയ പ്രതി സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുകയും പുകവലിക്കുകയും ചെയ്തു.  അയാൾ നൽകിയ കേക്കും വെള്ളവും കഴിച്ചതോടെ കാഴ്ച മങ്ങിയെന്നും പെൺകുട്ടി മൊഴി നൽകി. ഭീഷണിപ്പെടുത്തി പിന്നീടും പലതവണ പീഡിപ്പിച്ചതായി ആരോപണമുണ്ട്. എന്നാൽ, കോളജ് പഠനകാലത്ത് തങ്ങൾ പ്രണയത്തിലായിരുന്നു എന്നും പിന്നീട് ബന്ധം വഷളായപ്പോൾ കള്ളക്കേസ് ചമച്ചതാണെന്നുമാണ് മുൻകൂർ ജാമ്യത്തിനുള്ള അപ്പീലിൽ പ്രതി വാദിച്ചത്. 

പ്രതി നൽകിയ പാനീയം കുടിച്ച പെൺകുട്ടി അർധബോധാവസ്ഥയിലായതിനാൽ ബോധപൂർവം അനുമതി നൽകിയതായി കരുതാനാവില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷൻ കേസിൽ കഴമ്പുണ്ടെന്നു വിലയിരുത്തിയ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കീഴ്ക്കോടതി നടപടിയിൽ തെറ്റില്ലെന്നും വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com