ആംബുലന്‍സില്‍ കയറ്റുന്നതുപോലും 'റിസ്‌ക്'; സജ്ജീകരണം ഒരുക്കി കനിവ് ജീവനക്കാര്‍, യുവതി വീട്ടില്‍ പ്രസവിച്ചു

കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ യുവതിക്ക് വീട്ടില്‍ സുഖ പ്രസവം
സുജിത്തും നന്ദകുമാറും ആംബുലന്‍സിന് മുന്നില്‍
സുജിത്തും നന്ദകുമാറും ആംബുലന്‍സിന് മുന്നില്‍



തിരുവനന്തപുരം: കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ യുവതിക്ക് വീട്ടില്‍ സുഖ പ്രസവം.  ആറ്റിങ്ങല്‍ ആലംകോട് മണ്ണൂര്‍ ഭാഗം സ്വദേശിനിയായ 19കാരിയാണ് വീട്ടില്‍ പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ബുധനാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. 

യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ആംബുലന്‍സ് പൈലറ്റ് സുജിത്ത് ബി, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ നന്ദകുമാര്‍ എന്നിവര്‍ ഉടന്‍ സ്ഥലത്തെത്തി. പരിശോധനയില്‍ പ്രസവം എടുക്കാതെ യുവതിയെ ആംബുലന്‍സിലേക്ക് മാറ്റുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസ്സിലാക്കി വീട്ടില്‍ തന്നെ പ്രസവം എടുക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. 

4.25ന് നന്ദകുമാറിന്റെ പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പെടുത്തി ഇരുവര്‍ക്കും നന്ദകുമാര്‍ പ്രഥമ ശുശ്രൂഷ നല്‍കി ആംബുലന്‍സിലേക്ക് മാറ്റി. അമ്മയെയും കുഞ്ഞിനെയും ഉടന്‍ ആംബുലന്‍സ് പൈലറ്റ് സുജിത്ത് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇരുവരും സുഖമായിരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com