'നിസ്സഹായരുടെ വേദന പകര്‍ത്തിയെഴുതിയ മലപ്പുറത്തുകാരുടെ സ്വന്തം ലേഖകന്‍'

വാര്‍ത്തയെഴുത്ത് മാത്രമല്ല മാധ്യമ പ്രവര്‍ത്തനമെന്നും നിസ്സഹായരുടെ വേദന പങ്ക് വെക്കല്‍ കൂടിയാണെന്നും തെളിയിച്ചു
മാത്യു കദളിക്കാട്
മാത്യു കദളിക്കാട്

കിഴക്കന്‍ ഏറനാട്ടിലെ കരുളായിയില്‍ നിന്ന് കൊടുംകാട്ടിലൂടെ നാഴികകളോളം കാല്‍നട യാത്ര ചെയ്ത് കലര്‍പ്പേശാത്ത ദ്രാവിഡ സംസ്‌കൃതിയുടെ കാമ്പും കരുത്തും വേരോടി നിന്ന ചോലനായ്ക്കര്‍ എന്ന ഗോത്രവിഭാഗത്തിന്റെ വിചിത്രമായ ജിവിതകഥ എഴുതിയ ആദ്യത്തെ പത്രപ്രവര്‍ത്തകനാണ് ഇക്കഴിഞ്ഞ ദിവസം അന്തരിച്ച മാത്യു കദളിക്കാട്.
കാട്ടുതേന്‍പലകയുമായി ഇടയ്ക്കൊക്കെ മലയിറങ്ങി മഞ്ചേരിചന്തയില്‍ വരാറുള്ള അറനാടന്‍ ഗോത്രസമൂഹത്തിന്റെ പ്രതിനിധിയായ ആളന്‍ എന്ന നാടന്‍പാട്ടുകാരന്‍ ആദ്യം പറഞ്ഞറിഞ്ഞാണ് മാത്യുവും മനോരമ ചീഫ് ഫോട്ടോഗ്രാഫര്‍ ടി. നാരായണനും എഴുപതുകളുടെ ആദ്യപാതിയില്‍ ചോലനായ്ക്കരെത്തേടിപ്പോയത്. ഇരുട്ടിന്റെ തുരുത്തിലേക്കുള്ള കഠിനസഞ്ചാരമായിരുന്നു അത്. അന്നോളം പുറംലോകം കണ്ടിട്ടില്ലാത്ത, മലയാളമറിയാത്ത, മൈസൂരിലെ ഏതോ മലയിടുക്കില്‍ നിന്നിറങ്ങിവന്ന് കരുളായി ഗ്രാമത്തിന് ഇരുപതിലധികം കിലോമീറ്ററകലെ മാഞ്ചീരി മലയിടുക്കിലെ ഗുഹകളില്‍ വാസമുറപ്പിച്ച ആ മനുഷ്യരില്‍ ചിലരെ കണ്ടതും അവരുടെ പടമെടുത്തതും ആ കഥ പരമ്പരയായി പ്രസിദ്ധീകരിച്ച് മനോരമയ്ക്ക് അസാധാരണ ക്രെഡിറ്റ് സമ്മാനിച്ചതും മാത്യു കദളിക്കാടിന്റെ മാധ്യമജീവിതത്തിലെ വഴിത്തിരിവായി മാറി. 

സ്വന്തം ഭാര്യയേയും  ഭാര്യാസഹോദരനെയും ഒഴികെ ആരെയും ചോലനായ്ക്കര്‍ വിശ്വസിക്കില്ലത്രേ! പാറപ്പൊത്തുകളില്‍ നിന്നോ മരങ്ങളില്‍ നിന്നോ തേനെടുക്കാന്‍ ചേട്ടനനിയന്മാര്‍ ഒരുമിച്ചു പോകാറില്ല കാരണം, ഭാര്യയെ തട്ടിയെടുക്കാന്‍ വേണ്ടി അപായപ്പെടുത്തിയാലോ എന്ന ഭയംതന്നെ! മേലോട്  ചതച്ച പോളിയെടുത്ത്, ചെങ്കുത്തായ പാറയുടെ മുകളില്‍നിന്നു താഴേക്കു ഊഞ്ഞാല് കെട്ടും. ഭര്‍ത്താവ് ജീവന്‍ പണയപ്പെടുത്തി ഊഞ്ഞാലില്‍ ആടിയാടി തേനെടുക്കുമ്പോള്‍ പാറയുടെ മുകളില്‍ ഭാര്യ ധ്യാനിച്ചു നില്‍ക്കും! താഴെ ഭാര്യയുടെ സഹോദരന്‍ കാവലിരിക്കും. കൂറ്റന്‍ മരങ്ങളില്‍ മുളയേണി വെച്ചു കെട്ടി തേനെടുക്കാന്‍  കയറുമ്പോഴും ഭാര്യ  പ്രാര്‍ത്ഥനയോടെ  താഴെയുണ്ടാവും...

അടിസ്ഥാനപരമായി കര്‍ഷകകുടുംബാംഗമായ മാത്യു എല്ലാ അര്‍ഥത്തിലും കഠിനാധ്വാനിയായിരുന്നു. അലസവേളകളിലെ സ്റ്റോറിയെഴുത്തിനും പ്രസ്‌ക്ലബ് വിനോദങ്ങള്‍ക്കും ഇന്ന് കാണുന്ന വാര്‍ത്തകളുടെ ഷെയറിംഗിനുമൊന്നും അദ്ദേഹത്തെ കിട്ടാറില്ലായിരുന്നു. സംഭവങ്ങള്‍ നേരിട്ടുപോയി റിപ്പോര്‍ട്ട് ചെയ്യുകയും അതിന് പരമാവധി വ്യതിരിക്തതയുണ്ടാക്കുകയും ചെയ്തു അദ്ദേഹം. മനോരമയോടുള്ള കൂറ് അന്ത്യം വരെ തുടര്‍ന്നു.


കെ. കരുണാകരനോടൊപ്പം മാത്യു കദളിക്കാട്

അഖിലേന്ത്യാ യുവജനഫെഡറേഷന്‍ (എഐവൈഎഫ്) പ്രവര്‍ത്തനവുമായി നടന്നിരുന്ന കാലത്ത് ചില സംഘടനാവാര്‍ത്തകള്‍ നല്‍കാന്‍ മഞ്ചേരിയിലെ മനോരമ സബ് ഓഫീസില്‍ പോകുമായിരുന്നു. അക്കാലത്താണ് മാത്യുവുമായി പരിചയം തുടങ്ങുന്നത്. പിന്നീടത് നിതാന്തസൗഹൃദമായി മാറി. അക്ഷരാര്‍ഥത്തില്‍തന്നെ സഹോദരതുല്യമായ അടുപ്പം. ഉടുപ്പിലും നടപ്പിലും പ്രൗഢി കാത്ത് സൂക്ഷിച്ച മാന്യനായിരുന്നു അദ്ദേഹം. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുമായി മാത്യു കളങ്കമില്ലാത്ത ചങ്ങാത്തം സ്ഥാപിച്ചു. മഞ്ചേരിയില്‍ നിന്ന് മലപ്പുറം ജില്ലാ ബ്യൂറോയിലെത്തിയതോടെ മനോരമ എന്നാല്‍ മലപ്പുറത്തുകാര്‍ക്ക് മാത്യുവായി. അവരില്‍ ചിലരെങ്കിലും മനോരമയുടെ സാക്ഷാല്‍ കെ.എം. മാത്യുവുമായി ഈ മാത്യുവിനെ തെറ്റിധരിക്കുക പോലുമുണ്ടായി. അവരുടെയെല്ലാം കണ്ണില്‍ മനോരമയുടെ പര്യായമായിരുന്നു മാത്യു. മലപ്പുറത്ത് മനോരമയുടെ യൂണിറ്റാരംഭിക്കുന്നത് വരെ ആ പത്രത്തിന്റെ ഏജന്‍സിയും സര്‍ക്കുലേഷനും വാര്‍ത്താവിഭാഗവുമെല്ലാം കൈകാര്യം ചെയ്യുന്നതിന് അദ്ദേഹം നേതൃത്വം നല്‍കി. ഏജന്റുമാര്‍ പലയിടത്തും പ്രാദേശിക ലേഖകരായി മാറിയതും അവരില്‍ നിന്ന് കിടിലന്‍ വാര്‍ത്തകള്‍ ലഭിച്ചതുമെല്ലാം മാത്യുവിന്റെ ജനകീയശൈലിയും സാധാരണജനങ്ങളോടുള്ള സൗഹൃദവും കൊണ്ട് കൂടിയായിരുന്നു.

മലപ്പുറത്തിന്റെ വികസനത്തില്‍ മനോരമയും മാത്യുവും വഹിച്ച പങ്ക് പഴയ തലമുറയിലുള്ളവര്‍ക്ക് മറക്കാനാവില്ല. മലപ്പുറം ജില്ലയിലെ മനോരമയുടെ പ്രചാരക്കുതിപ്പിനു പിറകിലെ രഹസ്യവും അതാണ്. ലോക്കല്‍ സ്റ്റോറികളുടെ പ്രാധാന്യം കോഴിക്കോട് ന്യൂസ് ഡസ്‌കിന് പങ്ക് വെച്ചതില്‍ മാത്യുവിന്റെ ഇടപെടല്‍ വലുതാണെന്ന് അക്കാലത്ത് പലപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന എനിക്കറിയാം.

പി. കെ കുഞ്ഞാലിക്കുട്ടി, കെ. മൊയ്‌തീൻ കുട്ടി എന്ന ബാവ ഹാജി എന്നിവർക്കൊപ്പം മാത്യു കദളിക്കാട്

സര്‍ക്കാരോഫീസുകളിലെ ശിപായിമാര്‍ മുതല്‍ മാറി വരുന്ന ജില്ലാ കലക്ടര്‍മാരും എസ്.പിമാരുമുള്‍പ്പെടെ ഉദ്യോഗസ്ഥര്‍ മുഴുവന്‍ മാത്യുവിന്റെ ന്യൂസ് സോഴ്സുകളായിരുന്നു. മലപ്പുറം ടൗണിലെ സാധാരണക്കാരുടെ ഉറ്റ തോഴനായിരുന്ന മാത്യു, അവരുടെ ഓരോ കാര്യങ്ങളിലും സജീവശ്രദ്ധ പതിപ്പിക്കുകയും പല തരത്തിലുള്ള ശുപാര്‍ശയുമായി വരുന്നവരെ ആത്മാര്‍ഥമായി സഹായിക്കുകയും ചെയ്ത എത്രയോ അനുഭവങ്ങളുണ്ട്. ജില്ലയിലെ ചെറുതും വലുതുമായ രാഷ്ട്രീയനേതാക്കള്‍ അദ്ദേഹത്തിന്റെ അടുപ്പക്കാരായിരുന്നു. പല പൊളിറ്റിക്കല്‍ സ്‌കൂപ്പുകളും അടിച്ചെടുക്കാന്‍ ഈ സൗഹൃദം നിമിത്തമായി. നേതാക്കളുടെ പ്രസ്താവനകളും പ്രഖ്യാപനങ്ങളുമൊക്കെ പ്രസിദ്ധീകരണത്തിന് കൊടുക്കുന്നതിനു മുന്നോടിയായി ആദ്യം അംഗീകാരത്തിനായി കാത്ത് കിടന്നിരുന്നത് മനോരമ ബ്യൂറോയില്‍ മാത്യുവിന്റെ മേശപ്പുറത്തായിരുന്നു.

എന്റെ ആദ്യഗള്‍ഫ് പ്രവാസത്തിന് സംഭവിച്ച ഇടവേളയില്‍ മാത്യുവും മനോരമ മലപ്പുറം ബ്യൂറോയും എന്റെ വിരസദിനങ്ങളെ അകറ്റുകയും സംസ്ഥാന മാപ്പിള കലാമേള, ജമാഅത്തെ ഇസ്ലാമിയുടെ ഹിറാ നഗര്‍ സമ്മേളനം തുടങ്ങി പല സ്റ്റോറികളും തയാറാക്കാനുള്ള അസൈന്‍മെന്റ് ഏല്‍പിക്കുകയും ചെയ്തതിന്റെ പിന്നിലും മാത്യുവുണ്ടായിരുന്നു.
പാണക്കാട് കുടുംബവുമായും പി കെ കുഞ്ഞാലിക്കുട്ടിയുമായും മാത്യുവിനുണ്ടായിരുന്ന അടുപ്പം ഏറെ ദൃഢമായിരുന്നു. കുഞ്ഞാലിക്കുട്ടി മലപ്പുറം നഗരസഭാംഗമായും ചെയര്‍മാനായും ഉദിച്ചുവന്ന നാളുകളില്‍ മാത്യുവായിരുന്നു ഈ സംഭവങ്ങളുടെയെല്ലാം മാസ്റ്റര്‍ബ്രെയിന്‍ എന്ന് അക്കാലത്തെ മലപ്പുറം നഗരസഭാ കൗണ്‍സിലിലെ ചില നാടകീയ നീക്കങ്ങള്‍ക്ക് ദൃക്സാക്ഷിയായിരുന്ന എനിക്കറിയാം. പിന്നീട് എം.എല്‍.എയായും മന്ത്രിയായുമുള്ള കുഞ്ഞാലിക്കുട്ടിയുടെ പ്രകാശവേഗതയിലുള്ള കുതിച്ചുകയറ്റത്തിന്റെ രാസത്വരകം മനോരമയും മാത്യുവുമായിരുന്നുവെന്ന് പറഞ്ഞാല്‍ അതൊരതിശയമാവില്ല. പത്രത്തിന്റെ ഡെയിലി ഷെഡ്യൂള്‍ നല്‍കുന്ന ഒമ്പത് മണി കഴിഞ്ഞാല്‍ എല്ലാ പ്രഭാതങ്ങളിലും കുഞ്ഞാലിക്കുട്ടിയുടെ ഫോണ്‍കോള്‍ മാത്യുവിനെത്തേടിയെത്തും. അതാത് ദിനങ്ങളിലെ പരിപാടികള്‍, വാര്‍ത്തകള്‍, പ്രസ്താവനകള്‍, നഗരസഭയെ ബാധിക്കുന്ന വികസനപ്രശ്നങ്ങള്‍... എല്ലാം അവരുടെ വിഷയമായിരിക്കും. ചില അവസരങ്ങളില്‍ ഈ സംഭാഷണങ്ങള്‍ക്കൊക്കെ ഞാനും സാക്ഷിയായിരുന്നിട്ടുണ്ട്. ഇരുവര്‍ക്കുമിടയില്‍ അത്രമേല്‍ ആത്മബന്ധമുണ്ടായിരുന്നു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, എല്ലാ വിശേഷദിവസങ്ങളിലും മാത്യുവിനെ വീട്ടിലേക്ക് ക്ഷണിക്കും. ഇഫ്താര്‍, ഈദ് ചടങ്ങുകള്‍ക്ക് പുറമെ തങ്ങള്‍ ഏതെങ്കിലും വിദേശയാത്ര കഴിഞ്ഞ് മടങ്ങുമ്പോഴും മാത്യുവിന് ക്ഷണമുണ്ടാകും. സൗഹൃദോപചാരം, ആതിഥ്യം, സൗമ്യസാന്നിധ്യം... ഇവയൊക്കെ പലപ്പോഴും നേരില്‍ കാണാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു പത്രപ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല നല്ലൊരു പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കൂടിയായിരുന്നു മാത്യു.

മാത്യു കദളിക്കാട് ശിഹാബ് തങ്ങളോടൊപ്പം

ബാബ്രി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് പ്രതിഷേധങ്ങള്‍ അതിക്രമത്തിലേക്ക് പോകാത്ത വിധം മുസ്ലിം സഹോദരന്മാര്‍ സംയമനം പാലിച്ച് മാതൃക കാണിക്കണമെന്ന ശിഹാബ് തങ്ങളുടെ പ്രസിദ്ധമായ പ്രസ്താവന തയാറാക്കുന്നതിനും അത് വാങ്ങി മനോരമയ്ക്ക് ആദ്യം എത്തിച്ചു നല്‍കുന്നതിനും മുന്നിട്ടിറങ്ങിയ മാത്യുവിന്റെ ഇടപെടല്‍ എല്ലാവരും പ്രശംസിച്ചതോര്‍ക്കുന്നു. പിന്നീട് ഏറെ പ്രസിദ്ധവും മാതൃകാപരവുമായൊരു തീരുമാനത്തിന്റെ സ്നേഹലിഖിതമായിരുന്നു ശിഹാബ് തങ്ങളുടെ ആ പ്രസ്താവന.

എല്‍ഡിഎഫിലേയും യുഡിഎഫിലേയും ബിജെപിയിലേയും മിക്ക സംസ്ഥാന നേതാക്കളുമായി മാത്യുവിന് ബന്ധമുണ്ടായിരുന്നു. തൊടുപുഴയില്‍ നിന്ന് കുടിയേറി നിലമ്പൂരില്‍ ജീവിതം പിച്ചവെച്ച് തുടങ്ങിയ കഠിനാധ്വാനിയായ ഒരു കര്‍ഷകന്‍ കൂടിയായിരുന്നു മാത്യു. അരീക്കോട് തോട്ടുമുഖത്ത് നിന്ന് കേരള കോണ്‍ഗ്രസ് നേതാവും കര്‍ഷകനുമായ പാപ്പച്ചന്‍ പുല്ലന്താനിയുടെ മകള്‍ മേരിക്കുട്ടി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വന്നതോടെ അരീക്കോട് മേഖലയുടെ സമഗ്രമായ വികസനകാര്യത്തിലും അദ്ദേഹം ശ്രദ്ധ പതിപ്പിച്ചു. അരീക്കോട് പാലം മനോരമയുടെ വാര്‍ത്തയുടെ കൂടി ഫോളോ അപ്പായിരുന്നു.

നിലമ്പൂരില്‍ നിന്ന് ഷിമോഗയിലെത്തിയ മാത്യു കര്‍ണാടകയിലെ മലയാളികള്‍ക്ക് മനോരമയെ പരിചയപ്പെടുത്തി. സര്‍ക്കുലേഷന്‍ വിഭാഗത്തിലായിരുന്നു ആദ്യജോലി. പിന്നീടാണ് കാസര്‍കോട്ടും മഞ്ചേരിയിലും റിപ്പോര്‍ട്ടറായി തുടങ്ങിയത്. മണ്ണിനോട് പട വെട്ടി ജീവിതം ഉഴുത് മറിക്കുന്ന കുടിയേറ്റക്കാരുടെ കഥയാണ് ഷിമോഗയില്‍ നിന്നെഴുതിയിരുന്നത്. കുടിയിറക്കിനെതിരായുളള പോരാട്ടത്തില്‍ അദ്ദേഹവും മലയാളി കൃഷിക്കാര്‍ക്കൊപ്പം ചേര്‍ന്നു. പത്രപ്രവര്‍ത്തകന് ആക്ടിവിസ്റ്റ് കൂടിയാകാമെന്ന് മാത്യു കദളിക്കാട് തെളിയിച്ചു. റൂറല്‍ റിപ്പോര്‍ട്ടിംഗില്‍ ഇന്ന് പി. സായിനാഥിനെപ്പോലുള്ളവര്‍ അനുഷ്ഠിക്കുന്ന സേവനമാണ് മാത്യു അക്കാലത്ത് ചെയ്തിരുന്നത്. ചോലനായ്ക്കളുടെ കഥകളുടെ ഫോളോ അപ്പ് പിന്നീടെഴുതി. ഇരുന്നൂറോളം മാത്രം അംഗസംഖ്യയുള്ള ചോലനായ്ക്കളുടെ ജീവിതത്തിലേക്ക് പരിഷ്‌കാരത്തിന്റെ പ്രകാശം വീശിത്തുടങ്ങി. അവിടെ നിന്ന് വിനോദ് എന്ന ചെറുപ്പക്കാരന്‍ ആദ്യത്തെ ഗവേഷണബിരുദം സ്വന്തമാക്കി. ചോലനായ്ക്കള്‍ക്കു ശേഷം അറനാടന്‍ വിഭാഗത്തിലുള്ള ആദിവാസികളുടെ ജീവിതവും അവരാദ്യമായി വോട്ട് ചെയ്യുന്നതുമെല്ലാം പടം സഹിതം മാത്യു വാര്‍ത്തയാക്കി. ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട സ്റ്റോറികളായിരുന്നു ചോലനായ്ക്കരുടേയും അറനാടന്മാരുടേയും മനോരമ പരമ്പര.

എം പി ഗംഗാധരനോടൊപ്പം

ജീവിച്ച കാലമത്രയും അന്തസ്സും അച്ചടക്കവും ആഭിജാത്യവും പുലര്‍ത്തിപ്പോന്ന, വേഷഭൂഷകളില്‍ പരിശുദ്ധി കാത്ത് സൂക്ഷിച്ച മാത്യു കദളിക്കാട്, വാര്‍ത്തയെഴുത്ത് മാത്രമല്ല മാധ്യമ പ്രവര്‍ത്തനമെന്നും നിസ്സഹായരുടെ വേദന പങ്ക് വെക്കല്‍ കൂടിയാണെന്നും തെളിയിച്ചു. മലപ്പുറം ജില്ലയ്ക്കകത്തും പുറത്തും അദ്ദേഹം ജോലി വാങ്ങിക്കൊടുത്തവരുടേയും ചികില്‍സയുള്‍പ്പെടെയുള്ള നിരവധി സഹായങ്ങള്‍ ചെയ്ത് കൊടുത്തവരുടേയും ആവശ്യപ്പെട്ടവര്‍ക്ക് സ്ഥലം മാറ്റം വാങ്ങിക്കൊടുത്ത് ആശ്വാസമേകിയവരുടേയുമെല്ലാം ജീവിതത്തില്‍ ഈ പേര് എഡിറ്റ് ചെയ്യപ്പെടാതെ എന്നും അടയാളപ്പെട്ടുകിടക്കുന്നുണ്ടാവും. കോടികള്‍ വായിക്കുന്ന പത്രത്തിലെ മാത്യു കദളിക്കാട് എന്ന ബൈലൈന്‍ ഒരു വേള, അവിടെ അപ്രസക്തമായി മാറുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com