ഒറ്റയ്‌ക്കൊരു തമ്പ്, സര്‍ക്കസിനു വേണ്ടി വയസ്സായിട്ടും വയസ്സാവാതെ ജീവിച്ച മനുഷ്യന്‍

എനിക്കറിയാവുന്ന ആ ശങ്കരേട്ടന്റെ കണ്ണുകളിലേക്കാണ് ഞാന്‍ കൂടുതലും ഉറ്റു നോക്കിയിരുന്നത്. നെഹ്രുവിനേയും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറേയും കണ്ട കണ്ണുകള്‍ ആണല്ലോ അത്
ഒറ്റയ്‌ക്കൊരു തമ്പ്, സര്‍ക്കസിനു വേണ്ടി വയസ്സായിട്ടും വയസ്സാവാതെ ജീവിച്ച മനുഷ്യന്‍

ജൂണ്‍ 13 ജെമിനി ശങ്കരന്‍ ജന്മശതാബ്ദി ദിനമാണ്. ഒരു നൂറ്റാണ്ട് കണ്ട ആ മനുഷ്യന്‍, എന്നാല്‍, തന്റെ ജീവിതത്തില്‍ ഏറെ കൊതിച്ച ആ ദിവസം കാണാന്‍ കാത്തുനിന്നില്ല. ചില ജീവിതങ്ങള്‍ അങ്ങനെയാണ്. ഓര്‍മ്മകളെ ഒരുപാട് നീട്ടി വളര്‍ത്തുന്നു. ഏറ്റവും പ്രധാനപ്പെട്ട അറ്റത്തെത്തുമ്പോള്‍ വിധി പ്രവചനാതീതമായ അതിന്റെ ഉറപ്പ് പാലിച്ചു. കാഴ്ചയുടെ ഒരു നൂറ്റാണ്ട് എന്ന താന്‍ കൂടി കാത്തിരുന്ന ആ ദിവസത്തേക്ക് കണ്‍തുറക്കും മുന്‍പേ ശങ്കരേട്ടന്‍ പിന്മടങ്ങി.

പാതകള്‍ പലതുഴുതിട്ട ആ മനുഷ്യന്‍ ഒന്നിലും പാതി വഴിയില്‍ മടങ്ങിയിരുന്നില്ല. അവസാനം ക്ഷീണകാലത്തും അദ്ദേഹം ഓര്‍ത്തിരുന്നത് ജീവിതത്തിന് നൂറ്റാണ്ടു തികയുന്ന ആ ദിനമാണ്. അതുമാത്രം സഫലമായില്ല. അത് പാതിവഴിയിലെ മടക്കമെന്നു പറയാനുമാവില്ല. ജീവിതം ഇതിലപ്പുറം പൂര്‍ണ്ണമാകുന്നതെങ്ങനെ? മക്കളും കൂട്ടുകാരും ബന്ധുമിത്രാദികളും ആ ഓര്‍മ്മകളുടെ തണല്‍കൂടാരത്തില്‍ ജൂണ്‍ 13-ന് ഒന്നിച്ചിരിക്കും.

ആരായിരുന്നു എനിക്ക് ശങ്കരേട്ടന്‍? ശങ്കരേട്ടനെ പരിചയമുള്ളവര്‍ക്കെല്ലാം അവര്‍ക്കറിയാവുന്ന ഒരു ശങ്കരേട്ടനുണ്ട്. അവരോടൊപ്പം നിന്ന, അവരെ പ്രചോദിപ്പിച്ച, ശകാരിച്ച ഒരു ശങ്കരേട്ടന്‍. എന്നാല്‍, ഇന്ത്യന്‍ ചരിത്രത്തിന്റെ ഉദയങ്ങള്‍ കണ്ട ശങ്കരേട്ടന്‍ സൂക്ഷിച്ച പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആല്‍ബം അപൂര്‍വ്വമായ ഒരു വ്യക്തിഗത ആര്‍ക്കൈവാണ്. മറ്റെവിടെയും കാണാന്‍ കിട്ടാത്ത ചിത്രങ്ങള്‍. ചരിത്രമനുഷ്യരെ അവര്‍ ജീവിച്ചിരുന്ന വെളിച്ചത്തില്‍ കണ്ട അങ്ങനെയുള്ള ആളുകള്‍ ഇനി എത്ര പേരുണ്ട് കേരളത്തില്‍? അതില്‍നിന്നു മാറിനിന്ന്, ഒറ്റയ്ക്കിരുന്ന് ആലോചിക്കട്ടെ. ആരായിരുന്നു എനിക്ക് ശങ്കരേട്ടന്‍? സ്‌നേഹത്തെ, കരുതലിനെ അഗാധമായി അനുഭവിപ്പിച്ച ഒരു വന്മരം. ആഴത്തില്‍ വേരോടിയ ഒരു മരം.

എനിക്കറിയാവുന്ന ആ ശങ്കരേട്ടന്റെ കണ്ണുകളിലേക്കാണ് ഞാന്‍ കൂടുതലും ഉറ്റു നോക്കിയിരുന്നത്. നെഹ്രുവിനേയും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറേയും കണ്ട കണ്ണുകള്‍ ആണല്ലോ അത്. രണ്ടു കരകളിലെ മനുഷ്യരെ ഉജ്ജ്വലമായ രീതിയില്‍ ഉണര്‍ത്തിയ രണ്ടു പേര്‍. സ്വാതന്ത്ര്യത്തേയും തുല്യതയേയും നിര്‍വ്വചിച്ച, കൂടുതല്‍ മെച്ചപ്പെട്ട ഒരു ലോകം സ്വപ്നം കാണുകയും ആ വഴികളിലൂടെ സഞ്ചരിക്കുകയും ചെയ്ത രണ്ടു പേര്‍. ആ ഇതിഹാസ മനുഷ്യരെ ഹസ്തദാനം ചെയ്ത ആള്‍ എന്ന നിലയില്‍ ശങ്കരേട്ടന്റെ കൈ തൊടുമ്പോള്‍ വൈകാരികമായ ഒരു ചൂട് എനിക്ക് അനുഭവപ്പെടുമായിരുന്നു. അത്രയും പഴയകാലത്തെ ചൂട് തൊട്ടറിയുകയായിരുന്നു.

ശങ്കരേട്ടനോടൊപ്പമുള്ള അനവധി യാത്രകള്‍, പാംഗ്രൂവ് ഹെറിറ്റേജിലെ പാട്ടു രാത്രികള്‍, ജീവിതം കേട്ട ദിനങ്ങള്‍, കുട്ടികള്‍ക്കുള്ള മധുരങ്ങളുമായി വീട്ടിലേക്കുള്ള വരവുകള്‍-അങ്ങനെ ശങ്കരേട്ടന്‍ മാത്രം നിറഞ്ഞുനില്‍ക്കുന്ന ഓര്‍മ്മകളുടെ പോക്കുവരവുകളുണ്ട്. ജീവിതത്തില്‍ സത്യവും സ്‌നേഹവും പാലിച്ച ഒരു ശങ്കരേട്ടന്‍. ആനന്ദാനുഭൂതികള്‍ 'പാര്‍ന്നു'കൊണ്ടിരുന്ന ഒരാള്‍. അവിടെയിരുന്ന് കഥ പറയുമ്പോള്‍ നിങ്ങള്‍ സ്വച്ഛനാണ്.

ജെമിനി ശങ്കരൻ സർക്കസ് കലാകാരൻമാർക്കൊപ്പം
ജെമിനി ശങ്കരൻ സർക്കസ് കലാകാരൻമാർക്കൊപ്പം

ഈ ലോകത്ത് ഏറ്റവും ആത്മവിശ്വാസത്തോടെ നിങ്ങള്‍ പാട്ടുപാടിയിരിക്കുന്നത് എവിടെയാണ്? നിങ്ങള്‍ ഒരു പാട്ടുകാരന്‍ അല്ലെങ്കില്‍ പാടാന്‍ ആത്മവിശ്വാസമുള്ള അത്തരം സ്വകാര്യമണ്ഡലങ്ങള്‍ ബാത്റൂം മാത്രമായിരിക്കും. നിങ്ങള്‍ ഒരു കഴിവുകെട്ട പാട്ടുകാരന്‍ ആണെങ്കില്‍ സംശയമില്ല, രണ്ടുവരി മൂളിപ്പാട്ടില്‍ അതവസാനിക്കും. അങ്ങനെ രണ്ടുവരി മൂളിപ്പാട്ടില്‍ തീരുമായിരുന്ന കഴിവുകെട്ട എന്റെ പാട്ടുകളും കവിതകളും ശങ്കരേട്ടന്റെ മുന്നില്‍ ഞാന്‍ ആത്മവിശാസത്തോടെ പാടി. ശങ്കരേട്ടന്‍ ആ നിലയില്‍ ക്ഷമാശീലനായ ഒരു ശ്രോതാവായിരുന്നു. അയ്യപ്പപ്പണിക്കര്‍ എഴുതിയ 'ഗോപികാദണ്ഡക'ത്തിലെ ''അറിയുന്നു ഗോപികേ'' എന്നു തുടങ്ങുന്ന ആ വരികള്‍ കേള്‍ക്കാന്‍ മാത്രം ശങ്കരേട്ടന്‍ വിളിക്കുമായിരുന്നു, 'നോക്കെത്താ ദൂരത്ത് കണ്ണും നട്ട്' എന്ന സിനിമയിലെ വളരെ പ്രശസ്തമായ ''ആയിരം കണ്ണുമായി'' എന്നു തുടങ്ങുന്ന പാട്ട് അദ്ദേഹം കേള്‍ക്കാന്‍ വേണ്ടി മാത്രമാണ് മനഃപാഠമാക്കിയത്. ആ പാട്ട് ശങ്കരേട്ടന് ഏറെ ഇഷ്ടമായിരുന്നു. അങ്ങനെ, ആ ചരിത്രമനുഷ്യന്‍, എന്തു പാടാനും എത്ര വില കുറഞ്ഞ തമാശകള്‍ പങ്കിടാനും സ്വാതന്ത്ര്യം അനുവദിച്ചുതന്നു. ആ സ്വാതന്ത്ര്യം അദ്ദേഹം എല്ലാവര്‍ക്കും അനുവദിച്ചുകൊടുത്തിരുന്നുമില്ല. കര്‍ക്കശവും വിട്ടുവീഴ്ചയില്ലാത്തതുമായ ഒരു മുഖവും അദ്ദേഹത്തിനുണ്ടായിരുന്നു. ചിലപ്പോള്‍ അത് അരോചകവുമായിരുന്നു. താന്‍ വരച്ച വരയില്‍ നീങ്ങണമെന്ന കാര്‍ക്കശ്യം, പഴയ ലെജന്റുകളില്‍ ഒരുപോലെ കണ്ടുവരുന്ന 
ആ സ്വഭാവം അദ്ദേഹത്തിനുമുണ്ടായിരുന്നു.

അനുഭവങ്ങളുടെ ഒരുപാട് വെയില്‍കൊണ്ട ഒരു മനുഷ്യന്റെ കാര്‍ക്കശ്യമായിരുന്നു അത്. സ്വഭാവത്തില്‍ താനൊന്ന് അയഞ്ഞാല്‍ ആ തമ്പുകള്‍ നിലംപതിക്കുമെന്നും ശങ്കരേട്ടന് അറിയാമായിരുന്നു.

ആ ജീവിതത്തിലെ നാള്‍വഴികള്‍ ഇങ്ങനെ രേഖപ്പെടുത്താം: 1924 ജൂണ്‍ 13-ന് മൂര്‍ക്കോത്ത് കല്യാണി അമ്മയുടേയും കവിണിശ്ശേരി രാമന്റേയും മകനായി കണ്ണൂര്‍ ജില്ലയിലെ കൊളച്ചേരി കാവുംഭാഗത്ത് ജനിച്ചു. പാറാവില്‍ സ്‌കൂളില്‍ ഏഴാംതരം വരെ പഠിച്ചു. കുട്ടിയായിരിക്കെ, നാട്ടിന്‍പുറത്തുനിന്നു കണ്ട സര്‍ക്കസില്‍ ആകൃഷ്ടനായി. എന്നാല്‍, ആ കാലത്ത് നാട്ടിലുണ്ടായിരുന്ന കളരിയിലാണ് അച്ഛന്‍ ജെമിനി ശങ്കരനെ ചേര്‍ക്കുന്നത്. കളരിയുടെ ചിട്ടയായ ആ പഠനം ജെമിനി ശങ്കരന് ശരീരത്തിലും മനസ്സിലും പുതിയ ഉണര്‍വ്വുകളും ദിശാബോധവും നല്‍കി. അവിടെനിന്ന് ഇതിഹാസ തുല്യനായ കീലേരി കുഞ്ഞിക്കണ്ണന്റെ കീഴില്‍ സര്‍ക്കസ് കലയുടെ ആദ്യപാഠങ്ങള്‍ സ്വായത്തമാക്കുന്നു. കീലേരി കുഞ്ഞിക്കണ്ണന്റെ മരണത്തെ തുടര്‍ന്ന് അന്നത്തെ അറിയപ്പെടുന്ന സര്‍ക്കസ് ഗുരുവായ എം.കെ. രാമന്‍ ടീച്ചറുടെ ശിഷ്യത്വം സ്വീകരിക്കുന്നു. 1934-ലാണ് ഈ പഠനകാലങ്ങള്‍ എന്നു കരുതുന്നു. രണ്ടാം ലോകമഹായുദ്ധം നടക്കുമ്പോള്‍, പട്ടാളത്തില്‍ വയര്‍ലെസ്സ് ഓപ്പറേറ്ററായി മിലിട്ടറിയില്‍ ചേര്‍ന്നു. അന്ന് യുവാക്കള്‍ ഇത്തരം ജോലികളിലും അന്വേഷണങ്ങളിലും ആകൃഷ്ടരായി ഇറങ്ങിപ്പുറപ്പെടുന്ന കാലമായിരുന്നു. ബംഗാള്‍ ഖരക്പൂറിലായിരുന്നു വയര്‍ലെസ്സ് ഓപ്പറേറ്റര്‍ ട്രെയിനിയായി ചേര്‍ന്നത്. ആ ജോലി ചെയ്യന്നവര്‍ സിഗ്‌നല്‍മാന്‍ എന്നാണറിയപ്പെട്ടത്. ആറുമാസത്തെ ട്രെയിനിങ്ങ്. തുടര്‍ന്ന് വയര്‍ലെസ്സ് ഒബ്സര്‍വറായി ജോലിയില്‍ പ്രവേശിച്ചു. മദ്രാസിയിലായിരുന്നു നിയമനം. നാലു വര്‍ഷം വരെ ആ ജോലി തുടര്‍ന്നു. പിന്നീട് സര്‍ക്കസിലുള്ള അഗാധമായ താല്പര്യം കാരണം ആ ജോലി ഉപേക്ഷിച്ച ജെമിനി ശങ്കരന്‍, ഇന്ത്യയിലെ പല ദേശങ്ങളും സര്‍ക്കസ് തമ്പുകളും സന്ദര്‍ശിച്ചുകൊണ്ട് തന്റെ ലക്ഷ്യത്തിലേക്കുള്ള ചുവടുകള്‍ ശ്രദ്ധാപൂര്‍വ്വം നടത്തുന്നു. സ്വന്തമായി സര്‍ക്കസ് തുടങ്ങണമെന്ന ഇച്ഛാശക്തിയുണ്ടാവുന്നത് ഈ യാത്രകളിലാണ്. ആ അനേഷണങ്ങള്‍ ജെമിനി, ജംബോ, അപ്പോളോ, വാഹിനി എന്നീ സര്‍ക്കസ് കമ്പനികള്‍ സ്ഥാപിക്കുന്നതിലും ആധുനികമായ തമ്പുകളായി സര്‍ക്കസിനെ മാറ്റുന്നതിലും എത്തിച്ചു. അന്ന് സര്‍ക്കസിലായിരുന്നു ആ തലമുറ മൃഗങ്ങളേയും അപൂര്‍വ്വ പക്ഷികളേയും കണ്ടിരുന്നത്. ഒരര്‍ത്ഥത്തില്‍ സഞ്ചരിക്കുന്ന കാഴ്ചബംഗ്ലാവുകളായിരുന്നു സര്‍ക്കസ് തമ്പുകള്‍. ആ തമ്പുകള്‍ എല്ലാവരേയും പ്രചോദിപ്പിക്കുന്ന രീതിയില്‍ അദ്ദേഹം പരിഷ്‌കരിച്ചു. അതിനുള്ള അംഗീകാരമായിരുന്നു നെഹ്രുവിന്റെ കാലത്തു മോസ്‌കോയില്‍ നടന്ന ലോക സര്‍ക്കസ് പ്രതിനിധികളെ നയിക്കാനുള്ള ചരിത്രദൗത്യം അദ്ദേഹത്തെ തേടിവരുന്നത്. അന്ന് ജെമിനി ശങ്കരനും അതിലെ സംഘാംഗങ്ങള്‍ക്കും തീന്‍മൂര്‍ത്തി ഭവനില്‍ നെഹ്‌റു രാത്രി വിരുന്നുനല്‍കുകയും ചെയ്തു. സര്‍ക്കസുമായി അദ്ദേഹം പല രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. മരിക്കുന്നതുവരെ അദ്ദേഹം സര്‍ക്കസിനുവേണ്ടി ജീവിച്ചു. എല്ലാവരോടും സൗമ്യമായി പെരുമാറിയ ശങ്കരന്‍, മരങ്ങളേയും പൂന്തോട്ടങ്ങളേയും സ്‌നേഹിച്ചു. അവ നട്ടു പിടിപ്പിക്കുന്നതിലും പരിചരിക്കുന്നതിലും എപ്പോഴും ശ്രദ്ധാലുവായിരുന്നു.

മരണത്തിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ്, ഓര്‍മ്മകള്‍ ഏതോ വിധത്തില്‍ കൂടിക്കുഴഞ്ഞു അവ്യക്തമായി തുടങ്ങിയ ആ ദിവസങ്ങളില്‍, ഒരു പാതിരാക്ക് ശങ്കരേട്ടന്‍ തന്നോടൊപ്പം ഉണ്ടായിരുന്ന പരിചാരകനെ തട്ടിയുണര്‍ത്തി പറഞ്ഞു: എണീക്കൂ, പക്ഷികള്‍ക്ക് ബ്രെഡ് കൊടുക്കേണ്ട സമയമായി.

ജെമിനി ശങ്കരൻ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനൊപ്പം
ജെമിനി ശങ്കരൻ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനൊപ്പം

നേരം പുലര്‍ന്നില്ലെന്നു പറഞ്ഞ പരിചാരകനോട് ശങ്കരേട്ടന്‍ ക്ഷുഭിതനായി. നേരം പുലരാത്തത് നിനക്കാണ്. എണീക്കൂ...
പാതിരാക്ക്, ഉറക്കത്തെ നിര്‍ത്തിപ്പൊരിക്കുന്നതുപോലെയുള്ള അനുഭവത്തിലൂടെയാണ് താന്‍ കടന്നുപോകുന്നത് എന്നു പരിചാരകനു മനസ്സിലായി. അയാള്‍ ശങ്കരേട്ടന്റെ കൈപിടിച്ചു, പതുക്കെ നടന്നു വാതില്‍ തുറന്നു പുറത്തിറങ്ങി. കയ്യില്‍ ബ്രെഡ് കരുതാനും മറന്നില്ല. ശങ്കരേട്ടന്റെ കൈ പിടിച്ചു പതുക്കെ പുറത്തിറങ്ങി, അവ മുറ്റത്ത് ഒരു പാത്രത്തില്‍ വെച്ചു, ശങ്കരേട്ടന്‍ രാത്രി മാനത്തേക്കു നോക്കി...

എവിടെ പോയി പക്ഷികള്‍? നേരം പുലര്‍ന്നിട്ടും അവ പറന്നുവരാത്തത് എന്താണ്?

എല്ലാ പുലരികളിലും ചായ കുടിക്കും മുന്‍പേ, ബ്രെഡ് നുറുങ്ങുകളായി പൂന്തോട്ടത്തില്‍ ഒരു പാത്രത്തില്‍ വെക്കാറുണ്ട് ശങ്കരേട്ടന്‍. പാതിരക്കാണ് അന്ന് ശങ്കരേട്ടന് നേരം പുലര്‍ന്നത്. കുറച്ചു ദിവസം കഴിഞ്ഞ് ഏപ്രില്‍ 23-ന് ഒരു പാതിരായ്ക്ക് തന്നെയാണ് ഈ ലോകം വിട്ടുപോയതും. മരണത്തിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളിലും അദ്ദേഹം തന്റെ ദിനചര്യകള്‍ തെറ്റിച്ചില്ല. ഒരര്‍ത്ഥത്തില്‍, നൂറ്റാണ്ടു കണ്ട ആ മനുഷ്യന്‍, ഓര്‍മ്മകള്‍ നഷ്ടപ്പെട്ട അവസ്ഥയില്‍ അധികം ദിനങ്ങള്‍ കിടന്നില്ല. 
ശങ്കരേട്ടനും ഈ ലേഖകനും മലേഷ്യയില്‍ പോയപ്പോള്‍ ഒരു വാക്കിങ് സ്റ്റിക്ക് വാങ്ങിയിരുന്നു. ഒരു സുഹൃത്ത് അമേരിക്കയില്‍നിന്നു കൊടുത്തയച്ച ഒരു വാക്കിങ് സ്റ്റിക്കും ഉണ്ടായിരുന്നു.

ജെമിനി ശങ്കരൻ (പഴയകാല ചിത്രം)
ജെമിനി ശങ്കരൻ (പഴയകാല ചിത്രം)

തീരെ വയ്യാതായപ്പോള്‍ അതില്‍ ഏതെങ്കിലും ഒന്നുപയോഗിക്കാന്‍ ശങ്കരേട്ടനോട് പറഞ്ഞു.

''വയസ്സാവട്ടെ.'' ശങ്കരേട്ടന്‍ പറഞ്ഞു.

മരിക്കുന്നതുവരെ ശങ്കരേട്ടന്‍ ആ ഊന്നുവടികള്‍ ഉപയോഗിച്ചില്ല.

ആരെയും ഊന്നിനില്‍ക്കാന്‍ അദ്ദേഹം ആഗ്രഹിച്ചുമില്ല.

ഒറ്റയ്‌ക്കൊരു തമ്പ്, അതായിരുന്നു ശങ്കരേട്ടന്‍. വയസ്സായിട്ടും വയസ്സാവാതെ ജീവിച്ചു, മരിച്ചു.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com