'വളരെ ശാന്തപ്രകൃതരായ ഹിന്ദു സാമൂഹിക സങ്കല്പം എല്ലായ്പോഴും ശരിയായിരുന്നില്ല'

ഒരു നേരത്തെ നിസ്‌കാരംപോലും വിട്ടുകളയാത്തവിധം ദൈവസമര്‍പ്പണം നടത്തുന്ന ഉപ്പയുടെ മറുപടി വളരെ പെട്ടെന്നായിരുന്നു. ''എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഒരു സുബ്രഹ്മണ്യനായിരുന്നു.''
'വളരെ ശാന്തപ്രകൃതരായ ഹിന്ദു സാമൂഹിക സങ്കല്പം എല്ലായ്പോഴും ശരിയായിരുന്നില്ല'

ചെന്നൈ സെന്‍ട്രലില്‍നിന്ന് മംഗലാപുരം സെന്‍ട്രലിലേക്ക് ഉള്ള ട്രെയിന്‍ യാത്ര, മതേതരമായ ഒരു പാതയുടെ സൂചകമാണ്. അതായത് 'കാവിയാത്മകത' കുറഞ്ഞതും സെക്കുലര്‍ കാവ്യാത്മകവുമായ മൂന്നു സംസ്ഥാനങ്ങള്‍ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ കാലത്തോട് പറയാന്‍ ശ്രമിക്കുന്നുണ്ട്. 'വര്‍ഗ്ഗീയ ഹിന്ദുത്വ'ത്തോട് മുഖംതിരിച്ചു നില്‍ക്കുന്ന 'സര്‍ഗ്ഗാത്മക ഹിന്ദു' കര്‍ണാടകയിലെ കോണ്‍ഗ്രസ്സിന്റെ ഈ വിജയത്തിലുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ എന്റെ ഉപ്പയോട്, മലേഷ്യയിലും സിംഗപ്പൂരിലും പെനാംഗിലും ദീര്‍ഘകാലം ജീവിക്കുകയും ഒരുപാട് ദേശ /വംശ മനുഷ്യരെ പരിചയപ്പെടുകയും അവരുടെ ജീവിതവും സംസ്‌കാരവും സൂക്ഷ്മമായി മനസ്സിലാക്കുകയും ചെയ്ത ഉപ്പയോട് ചോദിച്ചു:

''ഉപ്പയുടെ ജീവിതത്തില്‍ ഏറ്റവും ശാന്തപ്രകൃതരായി കണ്ടത് ആരെയാണ്?''

''ഹിന്ദു സമൂഹത്തില്‍ പെട്ടവരെ.'' 

ഒരു നേരത്തെ നിസ്‌കാരംപോലും വിട്ടുകളയാത്തവിധം ദൈവസമര്‍പ്പണം നടത്തുന്ന ഉപ്പയുടെ മറുപടി വളരെ പെട്ടെന്നായിരുന്നു. ''എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഒരു സുബ്രഹ്മണ്യനായിരുന്നു.''

എന്നാല്‍, വളരെ ശാന്തപ്രകൃതരായ ഹിന്ദു സാമൂഹിക സങ്കല്പം എല്ലായ്പോഴും ശരിയായിരുന്നില്ല. പരസ്പരം മുഖംതിരിഞ്ഞു നില്‍ക്കുന്ന, അസ്പൃശ്യത എന്ന അനുഭവത്തിന്റെ കയ്പറിഞ്ഞ, ജാതിയുടെ നുകംപേറിയ, അന്യോന്യം അന്യരായി പെരുമാറിക്കൊണ്ടിരുന്ന ഒരു ജനത. എങ്കിലും അത് വര്‍ഗ്ഗീയതയുടെ വെറുപ്പിക്കുന്ന ഒരു അവസ്ഥയില്‍ എത്തിയിരുന്നില്ല. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളവും അത് വാസ്തവമായിരുന്നു. വെറുപ്പ് ഉല്പാദിപ്പിച്ചിരുന്നില്ല. ഡോ. ടി.കെ. രാമചന്ദ്രന്‍ 1993-ല്‍ ഒരു ലേഖനത്തില്‍ സൂചിപ്പിച്ചത് ഇവിടെ എടുത്തു ചേര്‍ക്കട്ടെ: ''വര്‍ഗ്ഗീയവാദികളുടെ കയ്യില്‍ ആയുധമായിത്തീര്‍ന്നിട്ടുള്ള ഹിന്ദുത്വവും ഇസ്ലാമികതയും ഹിന്ദു മതത്തിലോ ഇസ്ലാം മതത്തിലോ ജനിക്കുന്നവരുടെ കൂടെപ്പിറപ്പായ ആത്മബോധത്തിന്റെ സൃഷ്ടിയല്ല. മറിച്ചു നിഷേധാത്മകമായി മാത്രം നിര്‍വ്വചിക്കപ്പെടുന്ന (അനിസ്ലാമികം -അഹൈന്ദവം) കൃത്രിമമായി സൃഷ്ടിച്ചെടുക്കപ്പെടുന്ന അധ്യാരോപങ്ങള്‍ മാത്രമാണ്. കൊളോണിയല്‍ കാലഘട്ടത്തില്‍ വരേണ്യവിഭാഗങ്ങള്‍ക്കു ഭരണകൂടത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ഉപാധിയായി സൃഷ്ടിച്ചെടുക്കപ്പെട്ട ഒന്നാണ് ഈ വര്‍ഗ്ഗീയ സ്വരൂപം.''

വാസ്തവത്തില്‍ അധികാരം കയ്യാളുന്നതിന്റെ ഭാഗമായി വര്‍ഗ്ഗീയമായി രൂപപ്പെടുത്തിയ വര്‍ഗ്ഗീയ സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ രാഷ്ട്രീയമായി ശക്തിപ്രാപിച്ചുകൊണ്ട് 'ഇന്ത്യന്‍ മനസ്സിന്റെ' അഭിരുചികള്‍ക്കു മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തുടങ്ങി. ഭരണകൂടത്തെ 'തെരഞ്ഞെടുത്ത ജനത'യ്ക്ക് അതു വരെയുണ്ടായിരുന്ന 'സ്വയം തെരഞ്ഞെടുപ്പുകള്‍' അസാധ്യമായി തീര്‍ന്നു. 'ഫ്രീഡ'മെന്നത് ഭരണകൂടം വിതരണം ചെയ്യുന്ന 'പാക്കറ്റു'കളായി മാറി. 'ഫ്രീഡ'ത്തിന്റെ ഈ പാക്കറ്റുവല്‍ക്കരണം തുടങ്ങിവെച്ചത് കോണ്‍ഗ്രസ്സാണ്.

അടിയന്തരാവസ്ഥയാണ് അതിന്റെ ഏറ്റവും മാരകമായ ഇന്ത്യന്‍ പ്രയോഗം. സ്വതന്ത്ര പൗരന്മാരുടെ, രതിയുടെ, മനുഷ്യരുടെ ഇച്ഛകളുടെ പൂരണമായ പ്രത്യുല്പാദന മോഹങ്ങളെ ഷണ്ഡീകരിച്ച ആ നാള്‍വഴികള്‍ എം. മുകുന്ദന്റെ 'ദല്‍ഹി ഗാഥ'കളില്‍ വായിക്കാം. ഇന്ത്യന്‍ സോഷ്യലിസ്റ്റ് മൂല്യങ്ങളുടെ അസ്തമയം നോക്കി ദു:ഖിതനായി നോക്കിനില്‍ക്കുന്ന നെഹ്റുവിനെ ഒ.വി. വിജയന്റെ 'പ്രവാചകന്റെ വഴി' എന്ന നോവലിലും വായിച്ചെടുക്കാന്‍ സാധിക്കും. ദില്ലിയിലിരുന്നുകൊണ്ട് ഇന്ത്യയെ സമഗ്രമായി കണ്ട ഈ എഴുത്തുകാര്‍ മൗലികമായ ഇന്ത്യന്‍ സോഷ്യലിസ്റ്റ്/ജനാധിപത്യ മൂല്യങ്ങള്‍ അടിവേരില്‍ ഇളകുന്നത് പ്രവചിച്ചു. 

ഹിന്ദുത്വം = മൃദു ഹിന്ദുത്വം എന്നത് ഒരു മോശം ദൃഷ്ടാന്ത കഥയാണ്. പകരം, മതേതരവും സോഷ്യലിസ്റ്റ് മൂല്യങ്ങളും ഇഴചേര്‍ന്ന നെഹ്റുവില്‍നിന്നു തുടങ്ങിയ ഇന്ത്യന്‍ അധികാരമൂല്യം തന്നെയായിരുന്നു ഏറ്റവും നല്ലത്. എന്നാല്‍, പില്‍ക്കാല കോണ്‍ഗ്രസ് അധികാര ചരിത്രം പരിശോധിക്കുമ്പോള്‍ പ്രത്യക്ഷമായിത്തന്നെ ഭൂരിപക്ഷ വര്‍ഗ്ഗീയതയുമായി ചേര്‍ന്നുനില്‍ക്കുന്നതു കാണാം. അതോടൊപ്പം, അടിത്തട്ടിലെ സാധാരണ ഹിന്ദു മുസ്ലിം ജനത സങ്കീര്‍ണ്ണമായ ഈ അധികാര പ്രഹേളികയുടെ ഉപകരണങ്ങളായി മാറി. ആപല്‍ക്കരമായ രീതിയില്‍ വര്‍ഗ്ഗീയമായ അകല്‍ച്ചകള്‍ രൂപം കൊണ്ടു. മതേതരമായ പൊതുമണ്ഡലങ്ങളില്‍ ആര്‍ ഇരിക്കണം, എത്ര നേരമിരിക്കണം, എന്തു തിന്നണം തുടങ്ങിയ തീട്ടൂരങ്ങള്‍ വന്നു. മേശപ്പുറത്ത് ഫ്രീഡം മൈനസ് മെനു കാര്‍ഡുകള്‍ വന്നു.

ഡികെ ശിവകുമാറും സിദ്ധരാമയ്യയും
ഡികെ ശിവകുമാറും സിദ്ധരാമയ്യയും

ഇപ്പോള്‍ കര്‍ണാടകയുടെ ഫലം കോണ്‍ഗ്രസ്സിന് അനുകൂലമാകുമ്പോള്‍, ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ മതേതര കമ്പാര്‍ട്ടുമെന്റുകളുടെ ആ ഇന്ത്യന്‍ പാത കാണാം. ജീവിക്കാന്‍ മനോഹരമായ ഇടം മതേതര മനസ്സുകളുടെ പൊതുമണ്ഡലമാണ്. വര്‍ഗ്ഗീയതയും മതമൗലികവാദവും ജീവിതത്തിന്റെ സൗന്ദര്യങ്ങള്‍ എടുത്തുകളയുന്ന കാറ്റു കടക്കാത്ത ബോഗികളാണ്. അധികാരം ഭോഗമായി കാണുന്നവര്‍ ആ ബോഗികളില്‍ സാധാരണ ജനതയെ ഇരുത്തി വീര്‍പ്പുമുട്ടിക്കുന്നു. അങ്ങേയറ്റം അയുക്തികമായി മതമൗലികവാദവും വര്‍ഗ്ഗീയതയും പ്രചരിപ്പിക്കുന്നു. 

ഉത്തരേന്ത്യയിലെ സാധാരണ മനുഷ്യര്‍ക്ക്, സ്ത്രീകള്‍ക്ക് 'കക്കൂസ്' ഒരു വിമോചനാശയമായിരുന്നു. കോണ്‍ഗ്രസ്, വരേണ്യ അധികാര സമവാക്യങ്ങളില്‍ മനുഷ്യന്റെ മൗലികമായ ആ സ്വകാര്യമണ്ഡലങ്ങള്‍ പരിഗണിച്ചിരുന്നില്ല. കോണ്‍ഗ്രസ്സിന്റെ മൗനങ്ങളും കെടുകാര്യസ്ഥതകളും അധികാരമെന്നത് കോണ്‍ഗ്രസ്സില്‍ തന്നെ അനശ്വരമായി നില നില്‍ക്കുമെന്ന അതിമോഹങ്ങളുമാണ് ബി.ജെ.പിയെ അധികാര പാര്‍ട്ടിയായി സാധ്യമാക്കിയത്. പ്രവാസജീവിതവും ആധുനികതയും മുഖാമുഖം കണ്ട മലയാളികള്‍, മൈത്രിയുടെ ഒരു 'മലയാളി'സങ്കല്പം രൂപപ്പെടുത്തിയിരുന്നു. മുസ്ലിം മതമൗലികവാദത്തിന്റെ പുനരുത്ഥാനവാദങ്ങള്‍ക്ക് ഇവിടെ രാഷ്ട്രീയമായി മേല്‍ക്കൈ നേടാന്‍ സാധിച്ചില്ല. തിരിച്ചും കഴിഞ്ഞില്ല. മൈത്രി പ്രത്യക്ഷമായിത്തന്നെ, ഒരു അടവു നയമല്ലാതെത്തന്നെ ഇവിടെയുണ്ട്. അത്, ഇന്ത്യന്‍ ഹിന്ദു/മുസ്ലിം മനസ്സിന്റെ കാലുഷ്യമില്ലാത്ത അന്യോന്യ പ്രചോദനമാണ്. മുസ്ലിമായ ഹംസയുടെ ഏറ്റവും അടുത്ത സുഹൃത്ത് സുബ്രഹ്മണ്യനാകുന്ന രാസത്വരകം.

രണ്ട്:

കണ്ണൂരില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്നു പുറപ്പെടുന്ന ആനവണ്ടിയുടെ ഉല്ലാസയാത്രയില്‍ ഞങ്ങളും സഞ്ചാരികളായി. മൂന്നാര്‍, ഗവി, വയനാട്, കൊച്ചി ക്രുയിസ് യാത്ര - ഇവിടങ്ങളിലേക്ക് പുറപ്പെടുന്ന ഉല്ലാസയാത്രാ ബസുകളില്‍ ചെറുപ്പക്കാര്‍ മാത്രമല്ല, റിട്ടയര്‍മെന്റ് ലൈഫ് യാത്രകള്‍ ചെയ്ത് ആസ്വദിക്കുന്ന ദമ്പതിമാരും ആനവണ്ടി പ്രേമികളും സീറ്റുകള്‍ നേരത്തെ ഉറപ്പാക്കുന്നു. ഞങ്ങള്‍ ക്രൂയിസ് യാത്രയിലാണ് പങ്കാളികളായത്. പാട്ട്പാടിയും നൃത്തം ചെയ്തും അന്ത്യാക്ഷരി കളിച്ചും അടിപൊളി യാത്രയാകുമ്പോഴും ഈ കടുത്ത ചൂടില്‍ ഒരു എ.സി. ബസ് പോലുമില്ലാത്തത് വലിയ പരിമിതിയായി അനുഭവപ്പെട്ടു. വയനാടോ മൂന്നാറോ പോയി വരുന്നതുപോലെയല്ല, കരിച്ചുകളയുന്ന ഉഷ്ണത്തില്‍ എറണാകുളം വരെ പോകുന്നത്. യാത്രയും ബസ് ജീവനക്കാരുടെ പെരുമാറ്റവും ഹൃദ്യമാകുമ്പോഴും ചൂട് യാത്രയുടെ 'ഉല്ലാസം' കെടുത്തുന്നു. അടിയന്തരമായി കണ്ണൂര്‍ ഡിപ്പോയിലേക്ക് ഉല്ലാസയാത്രയ്ക്ക് എ.സി വണ്ടി അനുവദിക്കണമെന്നത് യാത്രക്കാരുടെ ആവശ്യമായി ബന്ധപ്പെട്ടവര്‍ പരിഗണിക്കുമെന്നു പ്രതീക്ഷിക്കാം. 

എന്നാല്‍, തീര്‍ച്ചയായും ഈ ഉല്ലാസയാത്ര ആഹ്ലാദകരമായത് അതിലെ കണ്ടക്ടര്‍ കൊളച്ചേരി സ്വദേശിയായ രാജേഷിന്റെ കോ-ഓര്‍ഡിനേഷന്‍ കൊണ്ടു കൂടിയായിരുന്നു. സമീപകാലത്തൊന്നും അസഹ്യമായ ചൂടിലും ഒരു ബസ് യാത്ര ഇത്രയും ഉല്ലാസകരമായ അനുഭവമായി മാറിയിട്ടില്ല. മൈത്രിയുടെ അനുഭവം ഓരോ നിമിഷവും അനുഭവപ്പെടുത്തി. പാട്ടു പാടുന്ന കണ്ടക്ടര്‍ ഒരു സാധ്യതയാണ്. മോട്ടിവേഷന്‍ നല്‍കുംവിധം അദ്ദേഹം മനോഹരമായി സംസാരിച്ചു. നാം ഒരിക്കലെങ്കിലും ഉല്ലാസയാത്രയില്‍ പങ്കാളികളാവുക. കെ.എസ്.ആര്‍.ടി.സിയെ കരകയറ്റുക എന്നതു മാത്രമല്ല, ഇത്തരം ഉല്ലാസയാത്രകളിലൂടെ നാം സ്വയം കര കയറുന്നുമുണ്ട്. ഉള്‍ക്കടലില്‍, ക്രൂയിസില്‍നിന്നുകൊണ്ടു ഞങ്ങള്‍ അസ്തമയം കണ്ടു. കരയില്‍നിന്നു കാണുന്ന 'പൊളിച്ചാര്‍'ക്കുന്ന തിര ഏതായാലും ഉള്‍ക്കടലില്‍ കണ്ടില്ല. റിച്ചാര്‍ഡ് ബാച്ചിന്റെ പ്രശസ്തമായ നോവലിലെ കഥാപാത്രങ്ങളായ കടല്‍കാക്കളെ ഓര്‍മ്മിപ്പിക്കുംവിധം ചില പരുന്തുകള്‍ പറന്നു കൊണ്ടിരുന്നു. ഒരു പരുന്തിന്റെ കൊക്കില്‍നിന്നുള്ള മീന്‍ ഒരു മാന്ത്രിക പറക്കലിലൂടെ മറ്റൊരു പരുന്ത് തട്ടിപ്പറിച്ചു പറക്കുന്നത് ഞങ്ങള്‍ കണ്ടു. മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല, തട്ടിപ്പറി. പക്ഷികള്‍ കടലില്‍ വെച്ചും അതു ചെയ്യുന്നു. 

മൂന്ന്:

'ഇടവഴികള്‍' എന്ന ഈ കോളത്തില്‍ പല വിഷയങ്ങളും ചര്‍ച്ചയ്‌ക്കെടുക്കാറുണ്ട്. സ്വതന്ത്രവും സത്യസന്ധവുമായ ആത്മഭാഷണങ്ങളും ജീവിതത്തില്‍നിന്നുള്ള ചീളുകളും ഇതില്‍ രേഖപ്പെടുത്താറുണ്ട്. ഈ കോളത്തിലെ അഭിപ്രായങ്ങളേയും നിരീക്ഷണങ്ങളേയും അനുകൂലിച്ചും എതിര്‍ത്തും പലരും സോഷ്യല്‍ മീഡിയകളില്‍ എഴുതാറുമുണ്ട്. അത്തരം അഭിപ്രായങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ മറുപടി കൊടുക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ഏതെങ്കിലുമൊരു വിഷയവുമായി ബന്ധപ്പെട്ട തുടര്‍ സംവാദങ്ങള്‍ക്കു മാത്രമായി കോളത്തിന്റെ വിഷയം പരിമിതിപ്പെടാനിടയുണ്ട്. അല്ലെങ്കില്‍ അത് 'അങ്ങനെയല്ല'/'ഇങ്ങനെയാണ്' എന്നു പറഞ്ഞു ജയിച്ചു കയറുക എന്നതോ 'ഞാന്‍ ശരി' വാദങ്ങളോ ഈ കോളമിസ്റ്റിന്റെ രീതിയുമല്ല. മാത്രവുമല്ല, അങ്ങനെ മറുപടി കൊടുക്കുമ്പോള്‍ അവരുടെ എതിര്‍വാദങ്ങളെ തല്ലിക്കെടുത്തുകയാണ് എന്ന പ്രതീതിയുമുണ്ടാവും. സംവാദമാണ് ജനാധിപത്യം. കോളത്തിലെ വരികളെ വക്രീകരിച്ചും സന്ദര്‍ഭത്തില്‍നിന്നു മാറ്റി അവതരിപ്പിക്കുകയും ചെയ്യുന്നവരുടെ അപകര്‍ഷതാബോധങ്ങള്‍ക്കു മറുപടികള്‍ പരിഹാരവുമല്ല. ഈ കോളത്തിലെ വാദങ്ങളും വിഷയങ്ങളും ''വാദിക്കാനും ജയിക്കാനുമല്ല/അറിയാനും അറിയിക്കാനുമാണ്.''

അടഞ്ഞ ബോഗികളില്‍ ചരക്കുകള്‍ കടത്താം, ആശയസഞ്ചാരം സാധ്യമല്ല. വിമര്‍ശിക്കപ്പെടുന്ന ഇടം സ്വാതന്ത്ര്യമുള്ള ഇടം കൂടിയാണ്. 

എന്റെ കുട്ടിക്കാലം ഞാന്‍ കൂടുതല്‍ ഇടപഴകിയ നാട് പയ്യന്നൂരിനോട് ചേര്‍ന്നുകിടക്കുന്ന കുഞ്ഞിമംഗലവും ഏഴിലോടുമാണ്. ഉപ്പയുടെ വീട് (ഉപ്പാന്റടുത്ത്) ഏഴിലോടാണ്. ഉപ്പയുടെ വീട്ടിനടുത്ത് കോട്ടവുമുണ്ട്. 

കുട്ടിയായിരിക്കുമ്പോള്‍ എന്നെ ആദ്യമായി ഒരു ഉത്സവത്തിനു കൊണ്ടുപോയത് ഉപ്പയാണ്. അത് കുഞ്ഞിമംഗലത്തെ ഏതെങ്കിലും ക്ഷേത്രോത്സവങ്ങളിലേക്കായിരുന്നില്ല. ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലെ വിഷുവിളക്ക് മഹോത്സവത്തിനാണ്. ഒരു പാട് ആനകളെ കണ്ടു. ഒരു നൂല്‍പന്തും ഉപ്പ വാങ്ങിത്തന്നു. തിരിച്ചുള്ള യാത്രയ്ക്കിടയില്‍, ഒരു കഥാന്തരീക്ഷത്തില്‍, ഒരു പാമ്പാട്ടിയെ ഞങ്ങള്‍ കണ്ടു. മകുടിയൂതി പാമ്പാട്ടി പാമ്പിന്‍ കൊട്ടയുടെ മൂട് തുറന്ന് പാടി:

''ആടി വരൂ,
ആണേ
ആടി വരൂ.''

എന്തുകൊണ്ടാണ് ആ പാമ്പാട്ടി ആടി വരൂ, പെണ്ണേ ആടി വരൂ എന്നു പറയാതി രുന്നത്? 

സ്ത്രീകളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടു വികസിപ്പിക്കാന്‍ മിത്തുകളുടെ അല്ലെങ്കില്‍ നാട്ടു ചരിത്രങ്ങളുടെ ഐതിഹ്യ ആവിഷ്‌കാരങ്ങള്‍ക്കു സാധിക്കുന്നില്ല. ഗവേഷകരും ''ആടി വരൂ, ആണേ, ആടി വരൂ'' എന്നു പറയുന്നു. മതപുരോഹിതന്മാരും രാഷ്ട്രീയക്കാരും അതുതന്നെ പറയുന്നു. സ്ത്രീകള്‍ ആണാവിഷ്‌കാരങ്ങളെ ഭക്തിയോടെ തൊഴുതുനില്‍ക്കുന്നു, കലവറ നിറയ്ക്കുന്നു. ചിലരതിനു നിരന്തരം ചമല്‍ക്കാരങ്ങള്‍ എഴുതുന്നു.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com