താനൂര്‍ കസ്റ്റഡി മരണം: നാലു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം, ആദ്യഘട്ട പ്രതിപ്പട്ടിക കോടതിയില്‍ 

താനൂര്‍ കസ്റ്റഡി മരണ കേസില്‍ ആദ്യഘട്ട പ്രതിപ്പട്ടിക സമര്‍പ്പിച്ചു
താമിര്‍ ജിഫ്രി
താമിര്‍ ജിഫ്രി

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണ കേസില്‍ ആദ്യഘട്ട പ്രതിപ്പട്ടിക സമര്‍പ്പിച്ചു. ലഹരിവിരുദ്ധ സ്‌ക്വാഡിലെ നാലു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം അടക്കം ചുമത്തി ക്രൈം ബ്രാഞ്ച് ആണ് പരപ്പനങ്ങാടി കോടതിയില്‍ പ്രതിപ്പട്ടിക സമര്‍പ്പിച്ചത്.

കൊലപാതക കുറ്റത്തിന് പുറമേ അന്യായമായി തടങ്കലില്‍ വെയ്ക്കുക, ഭയപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുക തുടങ്ങിയ വകുപ്പുകളും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സീനിയര്‍ സിപിഒ ജിനേഷ് , സിപിഒമാരായ ആല്‍ബിന്‍, അഭിമന്യു , വിപിന്‍ എന്നിവരാണ് പ്രതികള്‍. കൂടുതല്‍ പ്രതികളെ ഉള്‍പ്പെടുത്തി പട്ടിക ക്രൈംബ്രാഞ്ച് വിപുലീകരിക്കും.

കഴിഞ്ഞദിവസം കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. കേസ് ഡയറിയോടൊപ്പം കേസിലെ ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സെപ്റ്റംബര്‍ 7ന് ഹാജരാക്കാനാണ് മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഇതിന് പിന്നാലെയാണ് കേസില്‍ ആദ്യഘട്ട പ്രതിപ്പട്ടിക പൊലീസ് പരപ്പനങ്ങാടി കോടതിയില്‍ സമര്‍പ്പിച്ചത്.

കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി നല്‍കിയ ഹര്‍ജിയാണ് കോടതി ഇന്നലെ പരിഗണിച്ചത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ കേസ് അട്ടിമറിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതെന്നും അതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിഐ അന്വേഷണം ഉടനടി ആരംഭിക്കണമെന്നും ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടു. ഇതിലാണ് സെപ്റ്റംബര്‍ 7ന് കേസ് ഡയറിയും അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.ഓഗസ്റ്റ് 2ന് ക്രൈം ബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്തെങ്കിലും പ്രതികളെ കണ്ടെത്തുകയോ പൊലീസുകാരെ പ്രതി ചേര്‍ക്കുകയോ ചെയ്തിട്ടില്ലെന്നും ഹാരിസ് ജിഫ്രിയുടെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ വാദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com