പൊലീസുകാര്‍ മദ്യപിച്ചിരുന്നു; ഫര്‍ഹാസിന്റെ മരണത്തില്‍  അന്വേഷണം വേണമെന്ന് ബന്ധുക്കള്‍; വീഴ്ച കണ്ടെത്തിയാല്‍ നടപടിയെന്ന് എസ്പി

ഫര്‍ഹാസിന്റെ അമ്മയുടെ പരാതിയില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്
ഫർഹാസ്, അപകടത്തിൽപ്പെട്ട കാർ/ ടിവി ദൃശ്യം
ഫർഹാസ്, അപകടത്തിൽപ്പെട്ട കാർ/ ടിവി ദൃശ്യം

കാസര്‍കോട്: കുമ്പളയില്‍ കാര്‍ അപകടത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മരിച്ച ഫര്‍ഹാസിന്റെ ബന്ധുക്കള്‍. അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന പൊലീസുകാര്‍ മദ്യപിച്ചിരുന്നു. പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. 

പൊലീസുകാര്‍ മദ്യപിച്ചിരുന്നതായി ഫര്‍ഹാസും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളും പറഞ്ഞതായി വിദ്യാര്‍ത്ഥിയുടെ ബന്ധു റഫീഖ് പറഞ്ഞു. കുറ്റക്കാരായ പൊലീസുകാരെ പിരിച്ചുവിടണം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും റഫീഖ് ആവശ്യപ്പെട്ടു. 

കര്‍ശന നടപടി : കാസര്‍കോട് എസ്പി

പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കാസര്‍കോട് എസ്പി വൈഭവ് സക്‌സേന പറഞ്ഞു. ഫര്‍ഹാസിന്റെ അമ്മയുടെ പരാതിയില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും എസ്പി അറിയിച്ചു. 

കുമ്പളയിലെ അപകടമരണവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിരുന്നു. വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്ന എസ്‌ഐ അടക്കം മൂന്ന് പൊലീസുകാരെയാണ് സ്ഥലംമാറ്റിയത്. കുമ്പള സ്റ്റേഷനിലെ എസ്‌ഐ രഞ്ജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദീപു, രഞ്ജിത്ത് എന്നിവരെയാണ് മാറ്റിയത്. കാഞ്ഞങ്ങാട് ഹൈവേ പൊലീസിലേക്കാണ് മാറ്റിയത്. 

പൊലീസിനെ കണ്ട് ഓടിച്ചുപോയ കാര്‍ തലകീഴായി മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ അംഗടിമുഗര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി ഫര്‍ഹാസ് (17) ഇന്നലെ മരിച്ചിരുന്നു. ഈ മാസം 25ന് സ്‌കൂളില്‍ ഓണ പരിപാടി നടന്ന ദിവസം ഉച്ചയ്ക്കാണ് അപകടം സംഭവിച്ചത്. പൊലീസ് വാഹനം അഞ്ചു കിലോമീറ്ററോളം കാറിനെ പിന്തുടര്‍ന്നതായും കുടുംബം ആരോപിച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com